തിരുവനന്തപുരം: ചീഫ്സെക്രട്ടറി ശാരദാമുരളീധരനെ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കണമെന്ന ആവശ്യവുമായി സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോക്. കൃഷി വകുപ്പില്‍ നിന്നും തദ്ദേശ സ്വയംഭരണ പരിഷ്കരണ കമ്മിഷണറായുള്ള നിയമനത്തിനെതിരെയാണ് ഹര്‍ജി. ചീഫ് സെക്രട്ടറിയെ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കണമെന്ന ആവശ്യവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി കോടതിയെ സമീപിക്കുന്നത് അത്യപൂര്‍വം.
കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. അശോകിനെ തദ്ദേശ സ്വയംഭരണവകുപ്പ് കമ്മിഷണറായി നിയമിച്ചതാണ് പുതിയ പോര്‍മുഖം തുറന്നത്. സിവില്‍ സര്‍വീസ് ചട്ടം അനുസരിച്ച് രണ്ട് വര്‍ഷം പൂര്‍ത്തിയാകാതെ ഐഎഎസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം പാടില്ല. സിവില്‍ സര്‍വീസ് ബോര്‍ഡ് കൂടി സ്ഥലംമാറ്റം ശിപാര്‍ശ ചെയ്യണം. വകുപ്പുമാറ്റത്തില്‍ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് 2023ല്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ നിന്നും ഐഎഎസ് അസോസിയേഷന് നേടിയ ഉത്തരവ് നിലവിലുണ്ട്. ഐഎഎസ് അസോസിയേഷന് പ്രസിഡന്റ് കൂടിയായ ബി. അശോകിന്റെ നേതൃത്വത്തിലായിരുന്നു അന്ന് ട്രിബ്യൂണലിനെ സമീപിച്ചത്. ഈ ഉത്തരവ് ലംഘിച്ചു എന്ന് കാട്ടിയാണ് കോടതിയലക്ഷ്യത്തിന് കേസ് ഫയല്‍ ചെയ്തത്.
കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെയാണ് ബി. അശോകിനെ 2023 ഫെബ്രു. 7ന് അഗ്രികള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മിഷണറായി മാറ്റി നിയമിക്കുന്നത്. രണ്ട് വര്‍ഷം പൂര്‍ത്തിയാകും മുമ്പേ 2025 ജനവുരി 9ന് തദ്ദേശ സ്വയംഭരണ വകുപ്പ് കമ്മിഷണറായി നിയമിച്ചു. നിയമന ശിപാര്‍ശ നല്‍കേണ്ട സിവില്‍ സര്‍വീസ് ബോര്‍ഡിന്റെ അംഗീകാരം ഈ സ്ഥലം മാറ്റത്തിലുണ്ടായില്ല. കൂടാതെ തദ്ദേശ സ്വയംഭരണ പരിഷ്കരണ കമ്മിഷണര്‍ പദവി എക്സ് കേഡറാണോ നോണ്‍ എക്സ് കേഡറാണോ എന്ന് നിയമന ഉത്തരവില്‍ വ്യക്തമാക്കിയതുമില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടി ട്രിബ്യൂണലിന്റെ മുന്‍ ഉത്തരവ് ലംഘിച്ചുവെന്നും ചീഫ്സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ട്രിബ്യൂണലിനെ വീണ്ടും സമീപിച്ചത്. ചീഫ് സെക്രട്ടറിക്ക് ട്രിബ്യൂണല്‍ നോട്ടിസ് അയച്ചു. കാര്‍ഷിക സര്‍വകലാശാല വിസി കൂടിയാണ് ബി. അശോക്. തദ്ദേശസ്വയംഭരണ വകുപ്പിലേക്കുള്ള സ്ഥലംമാറ്റം ജനുവരി 24ന് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തിരുന്നു. പിന്നാലെയാണ് കോടതിയലക്ഷ്യത്തിന് കോടതിയെ സമീപിച്ചത്. എന്നാല്‍ ബി. അശോക് കൃഷിവകുപ്പില്‍ എത്തിയിട്ട് അഞ്ചു വര്‍ഷമായെന്നും ഉദ്യോഗസ്ഥന് എവിടെ ജോലിചെയ്യണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാര്‍ ആണെന്നുമാണ് ചീഫ്സെക്രട്ടറിയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: