Kerala

ടിപ്പു സുല്‍ത്താനെ കേരളത്തില്‍ നിന്നും ഓടിച്ചത് രാജാ കേശവദാസ് എന്ന പോരാളി; ഈ ധീരചരിത്രം മറച്ച് വെച്ചത് ചില ചരിത്രകാരന്മാര്‍

ടിപ്പു സുല്‍ത്താനെ കേരളത്തില്‍ നിന്നും ഓടിക്കുകയായിരുന്നുവെന്നും അതിന് നേതൃത്വം നല്‍കിയത് തിരുവിതാംകൂറിലെ ആദ്യത്തേ ദിവാനും നല്ലൊരു പോരാളികൂടിയായ രാജാ കേശവദാസ് ആയിരുന്നുവെന്ന് ചരിത്രകാരന്‍ എം.ജി. ശശിഭൂഷണ്‍. പകരം പെരിയാറില്‍ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് ടിപ്പുസുല്‍ത്താന്‍റെ സൈന്യം തിരുവിതാംകൂറിനെ കീഴടക്കാതെ മടങ്ങിപ്പോയത് എന്ന കഥ ചില ചരിത്രകാരന്മാര്‍ ബോധപൂര്‍വ്വം കെട്ടിച്ചമച്ചതാണെന്ന് പറയപ്പെടുന്നു.

Published by

കൊച്ചി:  ടിപ്പു സുല്‍ത്താനെ കേരളത്തില്‍ നിന്നും ഓടിക്കുകയായിരുന്നുവെന്നും അതിന് നേതൃത്വം നല്‍കിയത് തിരുവിതാംകൂറിലെ ആദ്യത്തേ ദിവാനും നല്ലൊരു പോരാളികൂടിയായ രാജാ കേശവദാസ് (രാജാ കേശവദാസന്‍ ) ആയിരുന്നുവെന്ന് ചരിത്രകാരന്‍ എം.ജി. ശശിഭൂഷണ്‍. പകരം പെരിയാറില്‍ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് ടിപ്പുസുല്‍ത്താന്റെ സൈന്യം തിരുവിതാംകൂറിനെ കീഴടക്കാതെ മടങ്ങിപ്പോയത് എന്ന കഥ ചില ചരിത്രകാരന്മാര്‍ ബോധപൂര്‍വ്വം കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം പറയുന്നു.  ഒരു യുട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് എം.ജി. ശശിഭൂഷണ്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

1789 ഡിസംബര്‍ 28ാം തീയതിയാണ് ടിപ്പുസുല്‍ത്താന്‍ ആദ്യമായി തിരുവിതാംകൂറിനെ ആക്രമിച്ചത്. അന്നത്തെ ആക്രമണത്തില്‍ ടിപ്പുസുല്‍ത്താന് പരാജയമുണ്ടായി. അന്ന് ടിപ്പുസുല്‍ത്താനെ ഒരു കിടങ്ങിലേക്ക് തള്ളിയിടുകയായിരുന്നു.  കോട്ടയ്‌ക്കുള്ളിലെ വന്‍രഹസ്യ അറകളുണ്ട്. അതില്‍ മറഞ്ഞിരുന്ന പട്ടാളക്കാര്‍ അപ്രതീക്ഷിതമായി പ്രത്യാക്രമണം നടത്തുകയായിരുന്നു. ഇത് ടിപ്പുവിന്റെ സൈന്യം തീരെ പ്രതീക്ഷിച്ചില്ല. അങ്ങിനെ ആദ്യ പരാജയത്തിന് ശേഷം തൊട്ടടുത്ത വര്‍ഷം ടിപ്പു വീണ്ടും തിരുവിതാംകൂര്‍ കീഴടക്കാന്‍ എത്തിയിരുന്നു. ആ ആക്രമണത്തില്‍ അദ്ദേഹം നെടുങ്കോട്ട എന്ന മണ്‍കോട്ട കുറെ ദൂരം പൊളിച്ചുകളയുകയും ചെയ്തു. എന്നാല്‍ അതിനിടയില്‍ പെരിയാറില്‍ ഉണ്ടായ ഒരു വെള്ളപ്പൊക്കത്തില്‍ സൈന്യം മുങ്ങിയതിനെ തുടര്‍ന്ന് ടിപ്പു മടങ്ങിപ്പോയി എന്നതാണ് ഒരു കഥയെന്നും ശശിഭൂഷണ്‍ പറയുന്നു.

എങ്ങിനെയോ പെരിയാറില്‍ വെള്ളപ്പൊക്കം ഉണ്ടായി എന്നത് ശരിയാണ്. ഇതേ തുടര്‍ന്നാണ് ടിപ്പുവിന്റെ സൈന്യം മടങ്ങിയത്. എന്നാല്‍ രാജാകേശവദാസിന്റെ സൈന്യവും ബ്രിട്ടീഷ് സൈന്യവും ചേര്‍ന്ന് ടിപ്പുവിനെ പിന്തുടര്‍ന്ന് ഓടിച്ചു എന്നതാണ് വാസ്തവം. പാലക്കാട് വരെ ടിപ്പുവിനെ ഓടിച്ചു. പാലക്കാട് കോട്ട അന്ന് ടിപ്പുവിന്റെ കൈവശമാണ്. എന്നാല്‍ പാലക്കാട് വെച്ച് നടന്ന ഏറ്റുമുട്ടലില്‍ ടിപ്പുസുല്‍ത്താന്റെ മുഴുവന്‍ സൈന്യത്തെയും കോട്ടയില്‍ നിന്നും പുറത്താക്കാന്‍ രാജാ കേശവദാസിന്റെ സൈന്യത്തിന് കഴിഞ്ഞു. ടിപ്പു തോറ്റോടി. ഇക്കാര്യം കാഞ്ഞൂര്‍ പള്ളിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഒരു കോപ്പി തൃശൂരിലെ ആര്‍ക്കിയോളജി വകുപ്പിലുണ്ട്. പാലക്കാട് നിന്നും ഓടിയ ടിപ്പുവിനെ കോയമ്പത്തൂര്‍ വരെ ഓടിച്ചു. പിന്നീട് രാജാകേശവദാസിന്റെ സൈന്യം ശ്രീരംഗപട്ടണം വരെ ഓടിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യമെന്നും എം.ജി.ശശിഭൂഷണ്‍ പറയുന്നു. എന്നാല്‍ രാജാകേശവദാസ് എന്ന സൈനികമേധാവി കൂടിയായ തിരുവിതാംകൂര്‍ ദിവാന്റെ ധീരത മറച്ചുവെയ്‌ക്കാന്‍ ചില ചരിത്രകാരന്മാര്‍ ശ്രമിക്കുകയായിരുന്നുവെന്നും ശശിഭൂഷണ്‍ പറയുന്നു.

രാജാകേശവദാസിന്റെ  ധീരത മറച്ചുവെയ്‌ക്കാനാണ് ചരിത്രകാരന്മാര്‍ പെരിയാറില്‍ ഉണ്ടായ വെള്ളപ്പൊക്കത്തെ കുറിച്ച് രണ്ട് കഥകള്‍ പ്രചരിപ്പിച്ചതെന്നും ശശി ഭൂഷണ്‍ പറയുന്നു. പെരിയാറിലെ രണ്ട് കൈവഴികളില്‍ പൊടുന്നനെ ഉണ്ടായ അസാധാരണമായ വെള്ളപ്പൊക്കത്തിന് കാരണം കുഞ്ചിക്കുട്ടിപ്പിള്ള സര്‍വ്വാധികാര്യ കാര്യക്കാര്‍ ഭൂതത്താന്‍ കെട്ട് എന്ന അണക്കെട്ട് പൊട്ടിച്ചതാണ് എന്നതാണ് ഒരു കഥ. ഇതേക്കുറിച്ച് ‘രാമരാജബഹദൂര്‍’ എന്ന നോവലില്‍ സി.വി. രാമന്‍പിള്ള പരാമര്‍ശിക്കുന്നുണ്ട്. പൂഞ്ഞാറിലെ രാജകുടുംബത്തിലെ അംഗങ്ങള്‍ ഈ അണക്കെട്ട് പൊട്ടിക്കാന്‍ കുഞ്ചിക്കുട്ടിപ്പിള്ള സര്‍വ്വാധികാര്യ കാര്യക്കാരുടെ കൂടെ പോയിട്ടുണ്ടെന്ന് പൂഞ്ഞാര്‍ കുടുംബത്തിലെ പിന്‍ഗാമികളും അവകാശപ്പെടുന്നു. എന്നാല്‍ ഇത് ചരിത്രപരമായി ശരിയല്ലെന്നും കെട്ടുകഥയാണെന്നും ശശി ഭൂഷണ്‍ പറയുന്നു. കാരണം ഇങ്ങിനെ ഒരു അണക്കെട്ട് പൊട്ടിച്ചതായോ പൊട്ടിയതായോ ചരിത്ര രേഖകളില്‍ എവിടെയും ഇല്ല. ഇത് സി.വി. രാമന്‍പിള്ളയുടെ ഒരു ഭാവനമാത്രമാണെന്നും ശശിഭൂഷണ്‍ പറയുന്നു.

ആലുവപ്പുഴയുടെ തീരത്ത് ടിപ്പു സുല്‍ത്താനെതിരെ നടത്തിയ യാഗം മൂലമാണ് വെള്ളപ്പൊക്കമുണ്ടായത് എന്നതാണ് മറ്റൊരു കെട്ടുകഥയെന്നും ശശിഭൂഷണ്‍ പറയുന്നു. രാജാ കേശവാദാസന്റെ നേതൃത്വത്തില്‍ ഇങ്ങിനെ ഒരു യാഗം ആലുവാപ്പുഴയുടെ തീരത്ത് നടന്നിട്ടുണ്ട്. കൊച്ചി രാജാവ് കാര്‍ത്തികതിരുനാള്‍ മഹാരാജാവിയുന്നു ആ യാഗത്തിന്റെ യജമാനന്‍. പക്ഷെ ഈ യാഗത്തിന്റെ പ്രാര്‍ത്ഥനയുടെ ഫലമായാണ് വെള്ളപ്പൊക്കം ഉണ്ടായതെന്നത് വിശ്വസിക്കാന്‍ പ്രയാസമാണെന്നും ശശിഭൂഷണ്‍ പറയുന്നു.

സി.വി. രാമൻപിള്ള രചിച്ച ധർമ്മരാജാ, രാമരാജാബഹദൂർ എന്നീ രണ്ട് ചരിത്രനോവലുകള്‍ രാജാകേശവദാസ് എന്ന ധീരനായ ദിവാനെ കേന്ദ്രകഥാപാത്രമാക്കിയുള്ളവയാണ്.

 

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക