പ്രയാഗ് രാജ്: മഹാകുംഭമേളയോടനുബന്ധിച്ച് പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പം പ്രയാഗ്രാജിലെത്തിയിരുന്നു.
മാഘാഷ്ടമിയും ഭീഷ്മാഷ്ടമിയും ആചരിക്കുന്ന ദിവസമായ ഇന്നു രാവിലെ 10.05നു പ്രയാഗ്രാജ് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി 11 മുതല്‍ 11.30 വരെ സംഗം ഘട്ടില്‍ സ്നാനം ചെയ്തു. നരേന്ദ്ര മോദിയും യോഗിയും ഗംഗയിലൂടെ ബോട്ട് യാത്ര ചെയ്തശേഷമായിരുന്നു സ്നാനത്തിന് എത്തിയത്. സ്നാനത്തിന് ശേഷം അദ്ദേഹം അരൈല്‍ ഘട്ടിലേക്ക് മടങ്ങി. സന്ദര്‍ശന വേളയില്‍ അദ്ദേഹം സംന്യാസിമാരുമായി സംവദിക്കും.
മഹാകുംഭമേളയിലെത്തുന്ന ദശലക്ഷക്കണക്കിനു തീര്‍ത്ഥാടകര്‍ക്കൊരുക്കിയ ക്രമീകരണങ്ങള്‍ അവലോകനം ചെയ്യും. ശേഷം ഡിപിഎസ് ഹെലിപ്പാഡിലേക്ക് തിരിക്കും. അവിടെനിന്ന് പ്രയാഗ്രാജ് വിമാനത്താവളത്തിലേക്കും തുടര്‍ന്ന് ദല്‍ഹിയിലേക്കും മടങ്ങും. കേന്ദ്രമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, കിരണ്‍ റിജിജു, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ്, തുടങ്ങിയവര്‍ നേരത്തേ പുണ്യസ്നാനം നിര്‍വഹിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: