കണ്ണൂര്‍: എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തിന് കാരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ വാക്കുകളാണെന്ന പരാമര്‍ശം വാര്‍ത്താ മാധ്യമങ്ങളിലൂടെ പുറത്തു വന്നതിന് പിന്നാലെ പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നും തന്റെ ചില വാക്കുകള്‍ മാത്രം അടര്‍ത്തിയെടുത്ത് തെറ്റായി വ്യാഖ്യാനിച്ചെന്നും എം വി ജയരാജന്.
എഡിഎമ്മിന്റെ മരണത്തിന് പിന്നില്‍ ദിവ്യയാണെന്ന ആരോപണത്തില്‍ കേസുണ്ട്. കേസ് പൊലീസ് അന്വേഷണത്തിലാണ്. വിവാദമുണ്ടാക്കുന്ന പ്രസംഗങ്ങള്‍ ഒഴിവാക്കേണ്ടതാണെന്നാണ് പറഞ്ഞത്. ഒരു വാചകം അടര്‍ത്തിയെടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് ഇന്നുണ്ടായതെന്നും എം വി ജയരാജന് പ്രതികരിച്ചു. ഞായറാഴ്ച നടന്ന സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലാണ് എം വി ജയരാജന് പി പി ദിവ്യയുടെ വിവാദ പ്രസംഗം പരാമര്‍ശിച്ചത്.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ പി പി ദിവ്യ നടത്തിയ പരാമര്‍ശങ്ങളെ സിപിഎം ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. ദിവ്യയെ അനുകൂലിച്ചും വിമര്‍ശിച്ചും പൊതു ചര്‍ച്ചയില്‍ അഭിപ്രായങ്ങളുയര്‍ന്നു.ദിവ്യയുടേത് അപക്വമായ പെരുമാറ്റമെന്നും ദിവ്യ സ്വയം അധികാര കേന്ദ്രമായി മാറാന്‍ ശ്രമിച്ചുവെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി.അതേസമയം,ദിവ്യയ്ക്കെതിരായ നടപടി, മാധ്യമ വിചാരണക്ക് വഴങ്ങിയെന്ന തോന്നലുണ്ടാക്കിയെന്ന് പാര്‍ട്ടിക്കെതിരെയും വിമര്‍ശനമുയര്‍ന്നു..
നവീന്‍ ബാബുവിന്റെമരണത്തിന് കാരണം ദിവ്യ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശമാണെന്നത് സത്യമെന്നാണ് സമ്മേളനത്തില്‍ എം വി ജയരാജന് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: