ന്യൂദല്‍ഹി: ജോലി സ്ഥിരപ്പെടുത്തിയിട്ടില്ലെങ്കില്‍ പോലും സര്‍ക്കാര്‍ വകുപ്പിലെ താല്‍ക്കാലിക തൊഴിലാളിക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് സുപ്രിം കോടതി. പെന്‍ഷന്‍ ‘ഔദാര്യമല്ല, മറിച്ച് നടപ്പാക്കാവുന്ന ഭരണഘടനാപരമായ അവകാശമാണെ്’ ന്നും ദീര്‍ഘകാലമായ സേവനത്തിലൂടെ ഒരു ജീവനക്കാരന്‍ നേടിയെടുക്കുന്ന ആനുകൂല്യമാണെന്നും കോടതി നിരീക്ഷിച്ചു. മൂന്ന് പതിറ്റാണ്ടായി പോസ്റ്റ് ഓഫീസില്‍ കാഷ്വല്‍ തൊഴിലാളിയായിരുന്ന ബീഹാര്‍ സ്വദേശിയുടെ വിധവയ്‌ക്ക് പെന്‍ഷന്‍ ആനുകൂല്യം അനുവദിച്ചുകൊണ്ടാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല.
തപാല്‍ വകുപ്പിന് കീഴില്‍ കാഷ്വല്‍ തൊഴിലാളികളായി ദീര്‍ഘകാല സേവനമനുഷ്ഠിച്ച മുന്‍ ജീവനക്കാര്‍ക്കോ ജീവനക്കാരുടെ അവകാശികള്‍ക്കോ നല്‍കേണ്ട വിരമിക്കല്‍ ആനുകൂല്യങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ കണക്കാക്കി പുറത്തിറക്കാന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.
















