അഹമ്മദാബാദ്: ഭാരതം ശക്തിശാലിയാകുന്നത് ലോകത്തെ സംരക്ഷിക്കാനാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി. ഗുജറാത്ത് ഹിന്ദു ആദ്ധ്യാത്മിക സേവാ സന്സ്ഥാന് സംഘടിപ്പിച്ച ഹിന്ദു ആദ്ധ്യാത്മിക സേവാ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത് പല രാജ്യങ്ങളും ശക്തിയെ വിനാശത്തിനായി ഉപയോഗിക്കുന്നു. പ്രതിസന്ധികളില്‍ ഒരു രക്ഷകന് ആവശ്യമാണ്. അവന് ദുര്‍ബലരെ സംരക്ഷിക്കുകയും നിസ്സഹായരെ സഹായിക്കുകയും ചെയ്യും. ലോകത്തെ സമന്വയത്തിന്റെ പാതയില്‍ നയിക്കാന്‍ ഭാരതമല്ലാതെ മറ്റൊരു രാജ്യമില്ല. നമ്മുടേത് ആത്മീയ ദര്‍ശനമാണ്. വസുധൈവ കുടുംബകമാണ് അതിന്റെ മുദ്രാവാക്യം, അദ്ദേഹം പറഞ്ഞു.
സമാധാനത്തിന്റെ പാത ഒരുമയാണ്. എല്ലാവര്ക്കും അവരവരുടെ കാഴ്ചപ്പാടുകള്‍ പിന്തുടരാം, എന്നാല്‍ മറ്റുള്ളവര്‍ക്കും അതിന് സ്വാതന്ത്ര്യം നല്‍കണം. ഭൗതിക സമ്പത്തിന്റെ കരുത്തുകൊണ്ടോ അംഗബലം കൊണ്ടോ ആര്‍ക്കും ആരെയും നയിക്കാനാകില്ല. നമ്മള് ജനിച്ച ഭാരതം പുണ്യഭൂമിയാണ്. ത്യാഗവും സമര്‍പ്പണവും ജീവിതമാക്കിയ സംന്യാസിമാരുടെ നാടാണിത്. നമ്മുടെ പഴയ തലമുറ അടിമത്തം അനുഭവിക്കേണ്ടിവന്നു. എന്നാല്‍ നമ്മള്‍ക്ക് സ്വതന്ത്ര രാജ്യത്തിന്റെ പൗരന്മാരായി പിറക്കാന്‍ ഭാഗ്യം ലഭിച്ചു. ഈ രാജ്യത്ത് മാറ്റത്തിന്റെ പാതയിലാണ്. ലോക വേദിയില്‍ ഭാരതം ആദരിക്കപ്പെടുന്നു. ഈ മാറ്റത്തിന്റെ മൂകസാക്ഷികളായല്ല, ചാലകശക്തിയായി മാറാനാണ് ഓരോ പൗരനും തയാറെടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചിലരാണ് എല്ലാം ചെയ്യേണ്ടതെന്ന അനാവശ്യധാരണ തിരുത്തണം. കോടിക്കണക്കിന് ആളുകള്‍ക്ക് ആഹാരം നല്കുന്ന അന്നദാനശാലകളും ആശുപത്രികള്‍, സംസ്കാര കേന്ദ്രങ്ങള്‍, വിദ്യാലയങ്ങള്‍ തുടങ്ങിയവയുമൊക്കെ നടത്തുന്ന ആത്മീയകേന്ദ്രങ്ങള്‍ ഈ നാട്ടിലുണ്ട്. ഹിന്ദു എന്നത് ധര്‍മ്മമാണ്, ആത്മീയതയാണ്, ആദര്‍ശമാണ്, ജീവിതരീതിയാണ്. ക്ഷേത്രങ്ങളില്‍ പോയി ആചാരങ്ങള്‍ അനുഷ്ഠിക്കുന്ന വ്യക്തി മാത്രമല്ല ഹിന്ദു. മാനവികതയാണ് ഹിന്ദുധര്‍മ്മത്തിന്റെ കേന്ദ്ര ബിന്ദു. അത് നമ്മുടെ കര്‍ത്തവ്യബോധമാണ്.പരസ്പര സഹകരണത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ആദര്‍ശമാണ്. സത്യത്തിന്റെയും നീതിയുടെയും ദര്‍ശനമാണ്. ധര്‍മ്മരക്ഷയ്ക്ക് ഏതറ്റം വരെയും പോകാന്‍ ഹിന്ദു തയാറാകണം, സുരേഷ് ജോഷി പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, നടനും സംവിധായകനുമായ ചന്ദ്രപ്രകാശ് ദ്വിവേദി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: