Kerala

എന്താണ് സമാധി? കേരളത്തില്‍ ജിഹാദി-കമ്മ്യൂണിസ്റ്റ്-യുക്തിവാദി സംഘങ്ങള്‍ സമാധിയെ പുച്ഛിക്കുമ്പോള്‍ വ്യത്യസ്തമായ ഒരു സമാധി ചിന്ത

ആധ്യാത്മിക ആചാര്യന്‍മാരെല്ലാം ശരീരം ഉപേക്ഷിക്കുമ്പോള്‍ അവര്‍ മരണപ്പെട്ടു എന്നല്ല സമാധിയായി എന്നാണ് പറയുക. സമാധിയെക്കുറിച്ച് തെറ്റായ ധാരണകള്‍ സമൂഹത്തിലുണ്ട്. സാധാരണക്കാര്‍ മരിച്ചുപോകുമ്പോഴും സമാധി എന്ന് തെറ്റായി ഉപയോഗിക്കുന്നുണ്ട്. അതിന്‍റെ ശരിയായ അര്‍ത്ഥം മനസ്സിലാക്കുമ്പോള്‍ അതിന് ചേരുന്ന ആളുകള്‍ക്ക് മാത്രമേ അത് ഉപയോഗിക്കാവൂ എന്നുണ്ട്.

Published by

തിരുവനന്തപുരം:കേരളത്തില്‍ ഹിന്ദുമതത്തെയും ആ മതവുമായി ബന്ധപ്പെട്ട എന്ത് ആചാരങ്ങളെയും പരിഹാസത്തിന് പാത്രമാക്കുകയാണ് കേരളത്തിലെ ജിഹാദി-കമ്മ്യൂണിസ്റ്റ്-യുക്തിവാദി സംഘങ്ങള്‍. ഏറ്റവുമൊടുവില്‍ നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ സമാധിയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റിനെപ്പോലുള്ള ടിവി ചാനലുകള്‍ വരെ രമണമഹര്‍ഷി, ബുദ്ധന്‍, ശ്രീരാമകൃഷ്ണപരമഹംസര്‍, സ്വാമി വിവേകാനന്ദന്‍ എന്നിവരുടെ സമാധിയെ വരെ ചുച്ഛിക്കുകയാണ്. ഇവരെല്ലാം മരണത്തെമുഖാമുഖം കാണുമ്പോള്‍ സാധാരണ മനുഷ്യരെപ്പോലെ ഭയന്ന് നിലവിളിച്ചവരാണെന്നാണ് വഴിവിളക്കുകള്‍ എന്ന പരിപാടിയില്‍ ഏഷ്യാനെറ്റ് പറഞ്ഞത്.

പക്ഷെ ഇപ്പോള്‍ ഹിന്ദുമതത്തിലെ സമാധി സങ്കല്‍പത്തെക്കുറിച്ച് ശിവഗിരിയിലെ സ്വാമി സാന്ദ്രാനന്ദ പറഞ്ഞ ചില കാര്യങ്ങളുടെ വീഡിയോ യുട്യൂബില്‍ വൈറലാവുകയാണ്. ആധ്യാത്മിക ആചാര്യന്‍മാരെല്ലാം ശരീരം ഉപേക്ഷിക്കുമ്പോള്‍ അവര്‍ മരണപ്പെട്ടു എന്നല്ല സമാധിയായി എന്നാണ് പറയുക. സമാധിയെക്കുറിച്ച് തെറ്റായ ധാരണകള്‍ സമൂഹത്തിലുണ്ട്. സാധാരണക്കാര്‍ മരിച്ചുപോകുമ്പോഴും സമാധി എന്ന് തെറ്റായി ഉപയോഗിക്കുന്നുണ്ട്. അതിന്റെ ശരിയായ അര്‍ത്ഥം മനസ്സിലാക്കുമ്പോള്‍ അതിന് ചേരുന്ന ആളുകള്‍ക്ക് മാത്രമേ അത് ഉപയോഗിക്കാവൂ എന്ന് മനസ്സിലാകും.

മഹര്‍ഷിമാര്‍ യോഗദര്‍ശനത്തില്‍ സമാധി എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ട്. യമം, നിയമം, ആസനം പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിങ്ങനെ. യോഗാദര്‍ശനത്തില്‍ സമാധി എന്ന വാക്കിന് അര്‍ത്ഥം ജീവന്‍ പരംപൊരുളില്‍ ലയിക്കുന്ന അവസ്ഥ തന്നെയാണ്. ഇത് യോഗയുടെ അവസാനത്തെ ഘട്ടമാണ്. ഇതില്‍ യോഗിയുടെ മനസ്സ് പരിപൂര്‍ണ്ണമായും ശാന്തമാകുന്നു. പിന്നീട് ആ മനസ്സ് പരംപൊരുളില്‍ അഥവാ പ്രപഞ്ചാത്മാവില്‍ ലയിക്കുന്നു. ഇതിനെ ബോധോദയം, നിര്‍വ്വാണം, മോക്ഷം, ബഹ്മാനന്ദം, പരമമായ ആനന്ദം എന്നെല്ലാം വിളിക്കും.

ഭഗവദ്ഗീതയുടെ രണ്ടാമത്തെ അധ്യായത്തിലെ 54ാമത്തെ ശ്ലോകത്തില്‍ സമാധി എന്ന വാക്ക് വരുന്നുണ്ട്.
“സ്ഥിത-പ്രജ്ഞസ്യ കാ ഭാഷാ സമാധി-സ്ഥസ്യ കേശവ;
സ്ഥിത-ധിഃ കിം പ്രഭാഷേത കിം ആസിത വ്രജേത കിം”

എന്ന  ശ്ലോകത്തിലാണ് സമാധിയെക്കുറിച്ച് പറയുന്നത്. അര്‍ജുനന്‍ പറയുന്ന ശ്ലോകമാണിത്. സമാധിയുടെ അവസ്ഥയെക്കുറിച്ച് ശ്രീകൃഷ്ണനിൽ നിന്ന് കേട്ടപ്പോൾ അർജുനന്‍ സ്വാഭാവികമായ ഒരു ചോദ്യം ചോദിക്കുന്നു. സ്ഥിതപ്രജ്ഞനായ ഒരു വ്യക്തിയുടെ മനസ്സിന്റെ സ്വഭാവം അറിയാൻ അര്‍ജുനന്‍ ആഗ്രഹിക്കുന്നു. കൂടാതെ, ഒരു വ്യക്തിയുടെ പെരുമാറ്റത്തിൽ ഈ ദൈവികമായ മാനസികാവസ്ഥ (സ്ഥിതപ്രജ്ഞത എന്ന ഭാവം) എങ്ങനെ പ്രകടമാകുന്നു എന്നറിയാനും അര്‍ജുനന്‍ ആഗ്രഹിക്കുന്നു എന്നതാണ് ശ്ലോകം.

ഈ ശ്ലോകത്തിൽ തുടങ്ങി പതിനാറ് ചോദ്യങ്ങൾ അർജുൻ ശ്രീകൃഷ്ണനോട് ചോദിക്കുന്നു. മറുപടിയായി, ശ്രീകൃഷ്ണൻ കർമ്മയോഗം, ജ്ഞാനയോഗം, ഭക്തിയോഗം, തപസ്സ്, ധ്യാനം മുതലായവയുടെ ആഴമേറിയ രഹസ്യങ്ങൾ ഗീതയില്‍ വെളിപ്പെടുത്തുന്നു.

ഒരു ജ്ഞാനി അല്ലെങ്കില്‍ യോഗി ശരീരം വിട്ടുകളയുമ്പോള്‍ അതിനെ സമാധി എന്ന് പറയുന്നു. സനാതനധര്‍മ്മത്തില്‍ ഉറച്ച് മുന്നോട്ട് പോകുന്ന നമ്മള്‍ ഇക്കാര്യം അറിഞ്ഞിരിക്കേണ്ടതുണ്ട്. ഈ ശരീരത്തെ ബോധപൂര്‍വ്വം ഉപേക്ഷിക്കാന്‍ കെല്‍പുള്ളവരാണ് യോഗികള്‍. മെഡിക്കല്‍ സയന്‍സിന് അത് വിശ്വാസമുള്ള കാര്യമാവണമെന്നില്ല. ബോധപൂര്‍വ്വം ശരീരത്തില്‍ നിന്നും പ്രാണനെ വിടുമ്പോഴാണ് സമാധിയാവുന്നത്. പരിമിതമായിട്ടുള്ള, പഞ്ചഭൂതനിര്‍മ്മിതമായിട്ടുള്ള ഈ ശരീരത്തില്‍ കുടികൊള്ളുന്ന ജീവന്‍ പരംപൊരുളിലേക്ക് ലയിപ്പിക്കുകയാണ് ഒരു ജ്ഞാനി അഥവാ യോഗി ചെയ്യുന്നത്. ഈ ജീവനെ പരംപൊരുളില്‍ ലയിപ്പിക്കുന്ന  പ്രക്രിയയെയാണ്  സമാധി എന്ന് പറയുന്നത്.

ജ്ഞാനദര്‍ശനത്തില്‍ പറയുമ്പോള്‍ ഈ ലയിപ്പിക്കല്‍ ശരീരമുള്ള സമയത്ത് തന്നെ നടത്തുകയാണ് ഒരു യോഗി അഥവാ ജ്ഞാനി ചെയ്യുന്നത്.  ഗീതയില്‍ സൂചിപ്പിക്കുന്ന സമാധിയില്‍ ഒരു സ്ഥിതപ്രജ്ഞന്റെ ലക്ഷണം എന്താണ് എന്ന് അര്‍ജുനന്‍ ചോദിക്കുമ്പോഴാണ് ഇതിന് ഉത്തരം വരുന്നത്. സ്ഥിതപ്രജ്ഞന്‍ എന്ന് പറയുന്നത് ഈ ശരീരമുള്ളപ്പോള്‍ തന്നെ ജീവനെ പരംപൊരുളില്‍ ലയിപ്പിക്കാന്‍ കഴിവുള്ള  നിലയില്‍ എത്തിയ മഹാത്മാവാണ്. യോഗദര്‍ശനത്തില്‍ വരുമ്പോള്‍ ഈ ശരീരം അതിന് തടസ്സമായി ഉണ്ട്. ഇതിനെ ഉപേക്ഷിച്ചുകൊണ്ട് പരംപൊരുളിലേക്ക് പൂര്‍ണ്ണമായും ജീവനെ ലയിപ്പിക്കുക. അങ്ങിനെ ഒരു പ്രക്രിയ നടത്തിയിട്ടുള്ള ആളുകളുടെ കാര്യത്തില്‍ മാത്രമേ  അദ്ദേഹം സമാധിയായി എന്ന് പറയാന്‍ കഴിയൂ. അതിനാല്‍ സമാധി എന്നത് കൂടുതള്‍ ആഴത്തില്‍ പഠിക്കണമെങ്കില്‍ യോഗദര്‍ശനവും ഗീതയും പഠിക്കണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക