മുംബൈ : ബോളിവുഡ് നടൻ സൽമാൻ ഖാന്റെ ബാന്ദ്ര ഏരിയയിലെ വസതിയുടെ ബാൽക്കണിയിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് സ്ഥാപിച്ച് പോലീസ്. ഇതിന് പുറമെ പുറത്ത് റോഡിൽ നിരീക്ഷണം നടത്തുന്ന ഹൈടെക് സിസിടിവി ക്യാമറ സംവിധാനവും ഉപയോഗിച്ച് സുരക്ഷ വർദ്ധിപ്പിച്ചതായി പോലീസ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച അറിയിച്ചു.
ആരാധകരെ അഭിവാദ്യം ചെയ്യാൻ ഗാലക്‌സി അപ്പാർട്ട്‌മെൻ്റിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ കയറുമ്പോൾ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് നടന്റെ സുരക്ഷ ഉറപ്പാക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 2024 ഏപ്രിലിൽ ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ പെട്ടവരെന്ന് ആരോപിക്കപ്പെടുന്ന മോട്ടോർ ബൈക്കിലെത്തിയ രണ്ട് പേർ കെട്ടിടത്തിന് പുറത്ത് വെടിയുതിർത്തതിന് മാസങ്ങൾക്ക് ശേഷമാണ് സുരക്ഷാ നവീകരണം നടത്തുന്നത്.
സംശയാസ്പദമായ ചലനം കണ്ടെത്തുന്നതിനായി കെട്ടിടത്തിന് മുന്നിൽ ഒരു ഹൈടെക് സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നും ചുറ്റും റേസർ കമ്പിവേലി സ്ഥാപിച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
നേരത്തെയും ബിഷ്‌ണോയ് സംഘത്തിൽ നിന്ന് താരത്തിന് ഭീഷണിയുണ്ടായിരുന്നു. 2024 ജൂണിൽ മുംബൈക്ക് സമീപമുള്ള പൻവേലിലുള്ള ഫാം ഹൗസിൽ നടനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന കണ്ടെത്തിയതായി മുംബൈ പോലീസ് വ്യക്തമാക്കിയിരുന്നു.
അതേ സമയം സൽമാൻ ഖാന് ഇതിനകം 24 മണിക്കൂറും പോലീസ് സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: