കൊച്ചി: അത്യാധുനിക സംവിധാനങ്ങളോടെ കുംഭമേള നടക്കുന്ന മുഴുവന്‍ ദിനങ്ങളിലും വൈദ്യസഹായം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ അമൃത ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം പ്രയാഗ്രാജിലേക്ക് തിരിച്ചു.
സൂപ്പര്‍ സ്‌പെഷാലിറ്റിയില്‍ നിന്നുള്ള വിദഗ്ദര്‍ ഉള്‍െപ്പടെ അറുപത് പേരാണ് മെഡിക്കല്‍ സംഘത്തിലുള്ളത്. ഡോക്ടര്‍മാര്‍, നഴ്സിങ് സ്റ്റാഫുകള്‍, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ എന്നിവര്‍ക്കൊപ്പം യുവജന സംഘടനയായ അയുദ്ധ് അംഗങ്ങള്‍, മാതാ അമൃതാനന്ദമയി മഠത്തില്‍ നിന്നുള്ള വോളണ്ടിയര്‍മാര്‍ എന്നിവരും പ്രയാഗ്രാജിലെത്തും. മാതാ അമൃതാനന്ദമയി മഠം വൈസ് പ്രസിഡന്റ് സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ നേതൃത്വത്തില്‍ നടന്ന പൂജയോടെ ആണ് കൊച്ചി അമൃത ഹെല്‍ത്ത് കെയര്‍ ക്യാമ്പസില്‍ നിന്ന് പുറപ്പെട്ടത്. തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്റ് പരിസരത്ത് നിന്നും കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി യാത്രയുടെ ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ തൃശ്ശൂര്‍ മാതാ അമൃതാനന്ദമയി മഠം പ്രതിനിധി ബ്രഹ്മചാരി അമോഘാമൃത ചൈതന്യ, എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി. സദാനന്ദന്‍, കൊച്ചി അമൃത ആശുപത്രിയിലെ ബ്രഹ്മചാരി ഡോ. ജഗ്ഗു, പ്രൊഫ. ശ്രീകുമാര്‍, ക്യാമ്പ് മാനേജര്‍ ജയന്‍ എന്നിവര്‍ പങ്കെടുത്തു.
അള്‍ട്രാസൗണ്ട് സ്‌കാനിങ്, എക്കോ ടെസ്റ്റ്, എക്‌സ് റേ, ഓട്ടോമാറ്റിക്ക് ലബോറട്ടറി, ഇസിജി, പള്‍മണറി ഫങ്ക്ഷന്‍ ടെസ്റ്റ് എന്നിവ മെഡിക്കല്‍ വാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാനില്‍ സജ്ജമാക്കിയിട്ടുള്ള മൈനര്‍ ഓപ്പറേഷന്‍ തിയ്യേറ്റര്‍ അടിയന്തര സാഹചര്യങ്ങളില്‍ ലേബര്‍ റൂം ആക്കി മാറ്റാനും സാധിക്കും. അമ്പത് ലക്ഷം രൂപയുടെ മരുന്നുകളും കുംഭമേളയ്‌ക്കായി അമൃത സമാഹരിച്ചിട്ടുണ്ട്. ഈ മാസം 13 ന് ആരംഭിക്കുന്ന കുംഭമേള അവസാനിക്കുന്ന ഫെബ്രുവരി 26 വരെ അമൃതയുടെ മെഡിക്കല്‍ സേവനങ്ങള്‍ 24 മണിക്കൂറും പ്രയാഗ്രാജില്‍ ലഭ്യമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക