കൊച്ചി: സനാതന ധര്‍മം സാര്‍വത്രികമാണെന്നും ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനം അതിന്റെ മൂര്‍ത്ത രൂപമാണെന്നും ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. ഇക്കാര്യം ഗുരുദേവന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഒരഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന പ്രഖ്യാപനം സനാതന ധര്‍മം തന്നെയാണെന്നാണ്, സമാധിക്കു മുമ്പ്, 1927ല്‍ ആലപ്പുഴ പള്ളാത്തുരുത്തിയില്‍ ഗുരുദേവന്‍ അവസാന പ്രസംഗത്തില്‍ പറഞ്ഞത്, സ്വാമി സച്ചിദാനന്ദ ചൂണ്ടിക്കാട്ടി. സനാതന ധര്‍മം ഹിന്ദുമതത്തിന്റെ കുത്തകയല്ല, അത് സാര്‍വ ലൗകികമാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ സനാതന ധര്‍മത്തെ അവഹേൡച്ചു നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടായിരുന്നു സ്വാമിയുടെ പ്രതികരണം.
മതപരിവര്‍ത്തനം തേടി വന്നവരോട് സനാതന ധര്‍മത്തിലേക്ക് മാറാനാണ് ഗുരുദേവന്‍ നിര്‍ദേശിച്ചത്. ചാതുര്‍വര്‍ണ്യ വ്യവസ്ഥയുമായി സനാതന ധര്‍മത്തിന് ബന്ധമില്ല. സനാതന ധര്‍മം നിലനിന്നതിനാലാണ്, ക്രിസ്തു മതത്തിനും ഇസ്ലാമിനും ഭാരതത്തില്‍ പ്രവേശിക്കാന്‍ പോലുമായത്. പിന്നീട് സനാതന ധര്‍മത്തിന് ജീര്‍ണത വന്നു തുടങ്ങി. ദുരാചാരങ്ങളായ ജാതി വ്യവസ്ഥയും ചാതുര്‍വര്‍ണ്യവും വന്നതോടെയാണിത്. ഇവ കാരണമാണ് അയിത്തമുണ്ടായത്. ശ്രീനാരായണ ഗുരുദേവനും സ്വാമി വിവേകാനന്ദനും സ്വാമി ദയാനന്ദ സരസ്വതിയും ഈ ദുരാചാരങ്ങളെ സമൂഹത്തില്‍ നിന്ന് ഇല്ലാതാക്കാനാണ് ശ്രമിച്ചത്.
മതത്തെക്കാള്‍ വലുതാണ് മനുഷ്യരെന്നും മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നുമാണ് ഗുരുദേവന്‍ പറഞ്ഞത്. ഇന്നു നിലവിലുളള സനാതന ധര്‍മം മൂല്യച്യുതി സംഭവിച്ചതാണ്. ജാതി വ്യവസ്ഥയുടെയും ചാതുര്‍വര്‍ണ്യത്തിന്റെയും ശക്തമായ സാന്നിധ്യം ഇന്നും നമുക്ക് അനുഭവിച്ചറിയാം. ഇതിനെ സനാതന ധര്‍മമായിട്ടാണ് പലരും വ്യാഖ്യാനിക്കുന്നത്. ഈ തെറ്റിദ്ധാരണ നീക്കണം. മതങ്ങള്‍ക്കു വളരെ മുമ്പേ ഉരുത്തിരിഞ്ഞതാണ് സനാതന ധര്‍മം. അത് ഭാരതത്തിന്റെ സംസ്‌കാരമാണ്. അപ്പോള്‍ ഹിന്ദുമതമുണ്ടായിട്ടില്ല. ഹിന്ദുമതത്തിനു മാത്രം അവകാശപ്പെട്ടതുമല്ല അത്, സ്വാമി സച്ചിദാനന്ദ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: