ധാക്ക: 53 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകും ചെയ്ത ദല്‍ഹി കലാപത്തില്‍ കുറ്റാരോപിതനാണ് ഉമര്‍ ഖാലിദ്. എന്നിട്ടും ഉമര്‍ഖാലിദിന് വീട്ടില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഏഴ് ദിവസത്തെ ജാമ്യം ഇന്ത്യയിലെ കോടതി കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഇത്രയൊക്കെ ന്യായപൂര്‍വ്വം പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ നീതിന്യായസംവിധാനങ്ങളെ ഇപ്പോഴും കുറ്റപ്പെടുത്തുന്നവരാണ് ജിഹാദികളും എന്‍ജിഒകളും ഇടത് പക്ഷക്കാരും ലിബറലുകളും..
അതേ സമയം ബംഗ്ലാദേശില്‍ നടക്കുന്നത് എന്താണ്? ബ്രഹ്മചാരിയും ഹരേകൃഷ്ണ പ്രസ്ഥാനത്തിന്റെ ഭാഗമായ ഇസ്കോണില്‍ മുന്‍ അംഗവുമായ ചിന്മോയ് കൃഷ്ണദാസിനെ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന പീഢനങ്ങളില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയെന്ന കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ബംഗ്ലാദേശ് പതാകയുടെ മുകളില്‍ കാവിക്കൊടി കെട്ടിയെന്ന കുറ്റം ചാര്‍ത്തി ചിന്മോയ് കൃഷ്ണദാസിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തു.
നവമ്പര്‍ 25നാണ് ചിന്മോയ് കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തത്. അതിന് ശേഷം അദ്ദേഹം ഇപ്പോള്‍ ഒരു മാസത്തിലധികമായി ജയിലില്‍ കഴിയുകയാണ്. ഇദ്ദേഹത്തിന്റെ ജാമ്യത്തിന് വേണ്ടി കോടതിയില്‍ ഹാജരാകാന്‍ ഇരുന്ന അഭിഭാഷകരെ ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ പല കുറി ആക്രമിച്ചതിനാല്‍ ഒരു അഭിഭാഷകനും ബംഗ്ലാദേശിലെ ചാത്തോഗ്രം മെട്രോപൊളിറ്റന്‍ സെഷന്‍സ് കോടതിയില്‍ ഹാജരാകാന്‍ പോലും സാധിച്ചിരുന്നില്ല. ജനവരി രണ്ടിന് മാത്രമാണ് ധാക്ക സുപ്രീംകോടതിയിലെ അപൂര്‍ബ കുമാര്‍ ഭട്ടാചാര്‍ജിയുടെ നേതൃത്വത്തിലുള്ള 11 പേരടങ്ങുന്ന അഭിഭാഷകസംഘത്തിന് ഹിന്ദു സന്യാസി ചിന്മോയ് കൃഷ്ണദാസിന്റെ ജാമ്യത്തിനായി വാദിക്കുന്നതിന് കോടതിയില്‍ ഹാജരാകാന്‍ കഴിഞ്ഞത്. പക്ഷെ ചാത്തോഗ്രാം മെട്രോപൊളിറ്റന്‍ സെഷന്‍സ് കോടതിയിലെ ജഡ്ജി സെയ്ഫുള്‍ ഇസ്ലാം അരമണിക്കൂര്‍ വാദം കേട്ട ശേഷം ജാമ്യാപേക്ഷ നിരസിച്ചു. ഇനി മേല്‍ കോടതിയെ സമീപിക്കും എന്നാണ് അഭിഭാഷകന്‍ അപൂര്‍ബ കുമാര്‍ ഭട്ടാചാര്‍ജി പറയുന്നത്. ഇന്ത്യയിലെയും ബംഗ്ലാദേശിലെയും നീതിന്യായവ്യവസ്ഥയുടെ പ്രവര്‍ത്തനങ്ങളിലെ അന്തരം ലോകത്തിലെ പല നിയമവിദഗ്ധരെയും അമ്പരപ്പിക്കുന്നു.
നീതി ലഭിക്കുന്ന കാര്യത്തില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഈ അന്തരത്തിനെതിരെ പലരും പ്രതിഷേധിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. 2020ലെ ദല്‍ഹി കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ യുഎപിഎ ചുമത്തപ്പെട്ട പ്രതിയെന്ന് ആരോപിക്കപ്പെടുന്ന ഉമര്‍ ഖാലിദിന് പോലും ഇന്ത്യയില്‍ ജാമ്യം ലഭിക്കുന്നു. ഉമര്‍ഖാലിദിന്റെ പ്രകോപനപരമായ പ്രസംഗമാണ് ദല്‍ഹിയില്‍ വര്‍ഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെടാന്‍ കാരണമായതെന്നും ആരോപണമുണ്ട്.
എന്നിട്ടും ഉമര്‍ഖാലിദിന് ജാമ്യത്തിന് വേണ്ടി വാദിക്കാന്‍ പ്രമുഖ അഭിഭാഷകര്‍ എത്തുന്നു. ഉമര്‍ഖാലിദിന് ജാമ്യം നല്‍കാത്തതിനാല്‍ രാജ് ദീപ് സര്‍ദേശായിയെപ്പോലുള്ള ജേണലിസ്റ്റുകള്‍ കോടതിയ്‌ക്കെതിരെ പരസ്യമായി വിമര്‍ശനം വരെ നടത്തുന്നു. എന്നാല്‍ ഒരാള്‍ പോലും കൊല്ലപ്പെടുക പോലും ചെയ്യാത്ത കേസില്‍, ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന പച്ചയായ അതിക്രമങ്ങള്‍ക്കെതിരെ പ്രകടനം നടത്തിയതിന്റെ പേരില്‍ ഒരു ഹിന്ദു സന്യാസിയെ ജാമ്യം നല്കാതെ 35 ദിവസത്തിലധികമായി ബംഗ്ലാദേശ് ജയിലില്‍ ഇട്ടിരിക്കുന്നു. എന്തിന് ഈ ഹിന്ദു സന്യാസിയെ ജാമ്യത്തിലെടുക്കാനായി കോടതിയില്‍ പോകാന്‍ പോലും അഭിഭാഷകരെ അനുവദിക്കാത്ത ഭീതിദമായ സാഹചര്യമാണ് ബംഗ്ലാദേശില്‍ നിലനില്‍ക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ചിന്മോയ് കൃഷ്ണദാസിന്റെ ജാമ്യത്തിനായി വാദിക്കുമെന്ന് പ്രഖ്യാപിച്ച മൂന്നോളം അഭിഭാഷകര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. ജാമ്യത്തിനായി അഭിഭാഷകര്‍ ഹാജരാകാത്തതിനാല്‍ ഹിന്ദു സന്യാസി ചിന്മോയ് കൃഷ്ണദാസിന്റെ ജയില്‍ കസ്റ്റഡി തുടരുകയാണെന്നാണ് ബംഗ്ലാദേശ് കോടതിയുടെയും ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെയും വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: