ന്യൂദെൽഹി:ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന്റെയും ബീറ്റിംഗ് റിട്രീറ്റിന്റെയും ടിക്കറ്റ് വില്പന ജനുവരി രണ്ട് മുതൽ ആരംഭിക്കും. ആവശ്യമുള്ളവർക്ക് ഓൺലൈനായോ ഡൽഹിയിലെ നിയുക്ത കൗണ്ടറുകളിൽ നിന്നോ ടിക്കറുകൾ വാങ്ങാനാകും. റിപ്പബ്ലിക് ദിന പരേഡിന് 20 രൂപയും 100 രൂപയുമാണ് ടിക്കറ്റ് നിരക്ക്. എന്നാൽ ജനുവരി 28 ന് നടക്കുന്ന ബീറ്റിംഗ് റിട്രീറ്റിനുള്ള ടിക്കറ്റിന്റെ വില 20 രൂപയാണ്. പ്രതിദിനം നിശ്ചയിച്ചിരിക്കുന്ന ക്വാട്ടയനുസരിച്ച് ജനുവരി 11 വരെ ടിക്കറ്റ് വില്പന തുടരും. ആമന്ത്രൻ എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ആമന്ത്രൻ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റുകൾ വാങ്ങാം. ഡൽഹിയിലെ സേനാഭവനിൽ (ഗേറ്റ് നമ്പർ 2 ) ശാസ്ത്രി ഭവൻ (ഗേറ്റ് നമ്പർ 3) ജന്തർ മന്തർ (മെയിൻ ഗേറ്റ്) പ്രഗതി മൈതാൻ ( ഗേറ്റ് നമ്പർ 1 ) രാജീവ് ചൗക്ക് മെട്രോ സ്റ്റേഷൻ (ഗേറ്റ്സ് 7, 8) എന്നീ അഞ്ച് കേന്ദ്രങ്ങളിൽ ടിക്കറ്റുകൾ ലഭിക്കും. ജനുവരി രണ്ട് മുതൽ 11 വരെ രാവിലെ 10 മുതൽ ഉച്ചയ്‌ക്ക് ഒന്ന് വരെയും ഉച്ചയ്‌ക്ക് രണ്ട് മുതൽ 4.30 വരെയും ടിക്കറ്റുകൾ വാങ്ങാം. ടിക്കറ്റുകൾ വാങ്ങുന്നതിനും ചടങ്ങുകളിൽ പങ്കെടുക്കുന്നതിനും ആധാർ, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് തുടങ്ങിയ ഏതെങ്കിലും തിരിച്ചറിയൽ കാർഡ് ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: