തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ യഥാസമയം തുക കൈമാറിയിട്ടും പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ലംപ്‌സംഗ്രാന്റ് നിഷേധിക്കുന്നു. 9,10 ക്ലാസുകളില്‍ പഠിക്കുന്ന 1969 പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്കാണ് ലംപ്‌സംഗ്രാന്റ് തടഞ്ഞുവച്ചിരിക്കുന്നത്. 2023-24 വിദ്യാഭ്യാസ വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ കൈമാറിയ 56.28 ലക്ഷം രൂപ കൈവശമുള്ളപ്പോഴാണ് സാങ്കേതികതകളുടെ പേരില്‍ തുക തടഞ്ഞുവച്ചിരിക്കുന്നത്. പട്ടികവര്‍ഗ വികസന വകുപ്പിന്റെ വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
നിലവില്‍ എസ്എന്‍എ-പിഎഫ്എംഎസ് സംവിധാനം വഴിയാണ് വിദ്യാര്‍ത്ഥികളുടെ അക്കൗണ്ടിലേക്ക് പണം അയക്കുന്നത്. ആധാര്‍ ബാങ്ക് അക്കൗണ്ടുമായി സീഡ് ചെയ്തില്ലെന്നും അതിനാല്‍ അക്കൗണ്ടില്‍ തുക ക്രെഡിറ്റ് ആകുന്നില്ലെന്നുമാണ് പട്ടികവര്‍ഗ വികസന വകുപ്പിന്റെ വിശദീകരണം. എന്നാല്‍ എന്ത് കാരണംകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച് നല്കുന്ന സ്റ്റൈഫന്റ്, ലംപ്‌സംഗ്രാന്റ്, ഹോസ്റ്റല്‍ ഫീസ് എന്നിവ തടഞ്ഞുവച്ചിരിക്കുന്നതെന്ന കാര്യം വിദ്യാര്‍ത്ഥികളെയോ അവരുടെ രക്ഷിതാക്കളെയോ ഇതുവരെ അറിയിച്ചിട്ടില്ല. ഒരു വിദ്യാഭ്യാസ വര്‍ഷം പൂര്‍ത്തിയാകാന്‍ ഏതാനും മാസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. പഠനം പൂര്‍ത്തിയാക്കി വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ വിട്ടുപോകുന്നതോടുകൂടി ഈ തുക എന്നെന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്യും.
പട്ടികവര്‍ഗ ക്ഷേമം ഉറപ്പാക്കുന്നതിനു നിയോഗിക്കപ്പെട്ടിട്ടുള്ള നിരവധി പ്രൊമോട്ടര്‍മാര്‍ ഉണ്ടെങ്കിലും അവര്‍ ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളെയോ കുടുംബാംഗങ്ങളെയോ ബോധവത്കരിക്കുന്നതിനും വേണ്ട സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സഹകരിക്കാറില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. 1200 പ്രമോട്ടര്‍മാരാണ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിനായി സംസ്ഥാനത്ത് നിലവിലുള്ളത്.
കേന്ദ്രസര്‍ക്കാരിന്റെ ഡയറക്ട് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ സംവിധാനം ഉണ്ടായിരുന്നിട്ടും ഈ-ഗ്രാന്റ് സംവിധാനം വഴി വിദ്യാഭ്യാസ ആനുകൂല്യം അനുവദിക്കുന്നതിന് സാങ്കേതിക കാര്യങ്ങള്‍ ഉന്നയിക്കുന്നതിനെതിരെ പട്ടികവര്‍ഗ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. പട്ടികവര്‍ഗ വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ പട്ടികവര്‍ഗക്ഷേമത്തില്‍ മുന്‍കൈ എടുക്കുന്നില്ലെന്നും ഇതുകാരണമാണ് സാങ്കേതികപ്രശ്‌നങ്ങളുടെ പേരില്‍ സ്റ്റൈഫന്റ്, ലംപ്‌സംഗ്രാന്റ്, ഹോസ്റ്റല്‍ ഫീസ് എന്നിവ നിഷേധിക്കുന്നതിന് ഇടയായതെന്നും ആദിവാസി മഹാസഭ സംസ്ഥാന പ്രസിഡന്റ് മോഹന്‍ത്രിവേണി ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: