തിരുവനന്തപുരം: അനീതിക്കും അസമത്വങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കുമെതിരെ സന്ധിയില്ലാത്ത പോരാട്ടങ്ങള്‍ നടത്തിയ സുഗതകുമാരി ജനഹൃദയങ്ങളില്‍ എന്നെന്നും ജീവിക്കുമെന്ന് മുന്‍ ചീഫ് സെക്രട്ടറി വി.പി. ജോയ്.
സുഗതകുമാരിയുടെ നാലാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് സുഗതകുമാരി നവതി ആഘോഷസമിതി തൈക്കാട് ഗണേശത്തില്‍ സംഘടിപ്പിച്ച സുഗത സ്മൃതിസദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഗതകുമാരി എന്താണെന്നതിനെക്കാള്‍ എന്തായിരുന്നില്ല എന്ന് ചിന്തിക്കുന്നതില്‍ ഇന്ന് വളരെയേറെ പ്രസക്തിയുണ്ടെന്നും ജോയ് ചൂണ്ടിക്കാട്ടി. സ്നേഹവും വിഷാദവുമായിരുന്നു പ്രധാന രണ്ട് ഭാവങ്ങള്‍. ആത്മാനുഭാവത്തിന്റെ അംശമാണ് കവിതകളിലെങ്ങും ദര്‍ശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതി എന്താണെന്ന് വാക്കുകളിലൂടെ പ്രസരിപ്പിക്കാന്‍ സുഗതകുമാരിക്ക് കഴിഞ്ഞു. നന്മയുടെ ഭാഗത്ത് നിന്ന് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്ന ഒരാളായിരുന്നു. ഇങ്ങനെയുള്ളവരെ സമൂഹത്തില്‍ കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിന്റെ വേദന സ്വന്തം വേദനയായി കാണാന്‍ കഴിഞ്ഞ മനുഷ്യസ്നേഹിയായിരുന്നു സുഗതകുമാരിയെന്ന് പ്രശസ്ത ഓങ്കോളജിസ്റ്റ് എം.പി. പിള്ള വ്യക്തമാക്കി. പ്രകൃതിയിലെ ചരാചരങ്ങളും സസ്യലതാദികളും സ്വന്തം ജീവനാണെന്ന് പ്രഖ്യാപിച്ച് അവയിലെല്ലാം ലയിച്ചു ചേര്‍ന്നു. എംടിയും ഒഎന്‍വിയും വിഷ്ണുനാരായണന്‍ നമ്പൂതിരിയും സുഗതകുമാരിയും തന്റെ വീട്ടില്‍ മിന്നാമിനുങ്ങിനെ കണ്ട് ആനന്ദഭരിതരായി നിന്ന കാഴ്ച ഒരിക്കലും മറക്കാനാവില്ലെന്ന് എം.പി. പിള്ള ചൂണ്ടിക്കാട്ടി. പ്രകൃതിയോട് അത്രയും അടുപ്പമുള്ളവരായിരുന്നു മൂവരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാത്മാക്കള്‍ ജീവിക്കുന്നത് മരണശേഷമായിരിക്കുമെന്ന് സുഗതനവതി ആഘോഷസമിതി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. നവതി ആഘോഷസമിതിയുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഒരു വര്‍ഷം നീണ്ട നവതി ആഘോഷങ്ങളുടെ സമാപനമാണെങ്കിലും സുഗതകുമാരിയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. ആര്‍ക്കിടെക്റ്റ് ജി. ശങ്കര്‍, ഉദയകുമാര്‍, നീനു ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: