ചെറുതുരുത്തിക്കടുത്തു താമസിച്ചുവന്നിരുന്ന രാഘവന്‍ മാസ്റ്റര്‍ അന്തരിച്ചുവെന്ന വിവരം തൃശ്ശിവപേരൂരിലെ അനന്തന്‍ വിളിച്ചറിയിച്ചപ്പോള്‍, ഏതാണ്ട് 7 പതിറ്റാണ്ടുകളായി നിലനിന്ന അടുത്ത ബന്ധം അറ്റുപോയതിന്റെ ശൂന്യത അനുഭവപ്പെട്ടു. ഞങ്ങള്‍ ഒരുമിച്ച് ഒരേ ഗണത്തില്‍ പ്രഥമവര്‍ഷത്തിന്റെയും ദ്വിതീയ വര്‍ഷത്തിന്റെയും ശിക്ഷണം നേടിയവരാണ്. മദിരാശിയില്‍ വിവേകാനന്ദ കോളജിലും, അടുത്തവര്‍ഷം പല്ലാവരത്തെ എ.എം.ജെയിന്‍സ് കോളജിലുമായിരുന്നു ശിബിരങ്ങള്‍. പ്രഥമ വര്‍ഷ ശിക്ഷണത്തിനു പോയപ്പോള്‍ എം.എസ്. രാഘവന് മുതിര്‍ന്ന പ്രചാരകന്മാര്‍ ഒരു രഹസ്യ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. കാരണം അദ്ദേഹം പഠനകാലത്തു എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഞാനാകട്ടെ ശാഖയേതെന്നു വ്യക്തതയില്ലാതിരുന്നവനും. തിരുവനന്തപുരത്തെ സ്വയംസേവകനായാണ് പ്രചാരകന്മാരുടെയും മാനനീയ അണ്ണാജിയുടെയും മറ്റും മനസ്സില്‍ എനിക്കു സ്ഥാനം. സ്വന്തം സ്ഥലമായ തൊടുപുഴയില്‍ അന്ന് ശാഖ ആരംഭിച്ചതേ ഉണ്ടായിരുന്നുള്ളൂ.
ശാരീരികിനുള്ള ഗണ നിശ്ചയിച്ചപ്പോള്‍ ഹിന്ദിയും ഇംഗ്ലീഷും അറിയുന്നവരുടെ ഗണയില്‍ ആയി. അതിലാകട്ടെ തമിഴ്, കന്നഡ, തെലുങ്കു സ്വയംസേവകരുമുണ്ടായിരുന്നു. ഞാന്‍ ശിബിരത്തിലെത്തിയത് എറണാകുളത്തുനിന്നായതിനാല്‍ പഴയ കൊച്ചി രാജ്യത്തിലെ സ്വയംസേവകര്‍ക്കൊപ്പവും ചില അവസരങ്ങളിലിരിക്കേണ്ടിവന്നു.
അത്തരമവസരങ്ങളിലാണു ഗുരുവായൂര്‍ ചാവക്കാട് ഭാഗത്തുനിന്നു വന്ന ശിക്ഷാര്‍ഥികളെ പരിചയപ്പെട്ടത്. അവരില്‍ രണ്ടുപേരുമായുള്ള അടുപ്പം പതിറ്റാണ്ടുകള്‍ തുടരാനായി. ഒരാള്‍ എം.എസ്. രാഘവനും മറ്റേയാള്‍ എ.എസ്. ബാലനുമായിരുന്നു. രാഘവന്‍ ചാവക്കാടു ഫര്‍ക്കയിലെ പെരിങ്ങാടു ശാഖയില്‍ നിന്നാണുവന്നത്. അദ്ദേഹം പാവറട്ടിയിലെ ട്രെയിനിങ് സ്‌കൂളില്‍ സെക്കന്‍ഡറിക്കു പഠിക്കുകയായിരുന്നു. പാസ്സായാല്‍ പ്രൈമറി സ്‌കൂളില്‍ അദ്ധ്യാപകനാകാം. അദ്ദേഹം എസ്എഫിന്റെ പ്രവര്‍ത്തകനായിരുന്നതിനാല്‍ ആസൂത്രിതമായി സംഘത്തിന്റെ പ്രവര്‍ത്തന രീതികള്‍ മനസ്സിലാക്കുകയായിരുന്നു ഉദ്ദേശമെന്ന സംശയം മൂലം എന്റെ ഗണയില്‍ത്തന്നെ ആയിരുന്നതിനാല്‍ മാധവ്ജിയും ഒന്നു ശ്രദ്ധിക്കണമെന്നു പറഞ്ഞിരുന്നു. ആ ശ്രദ്ധ ഞങ്ങള്‍ക്കിടയിലുളള അടുപ്പത്തിന്റെ അടിസ്ഥാനമായിത്തീര്‍ന്നു. ഇതുപോലെ പലയിടങ്ങളിലും കമ്യൂണിസ്റ്റുകള്‍ ചെയ്ത അനുഭവങ്ങളുണ്ടായിരുന്നു. തലശ്ശേരിയിലെ ടി.കെ. കരുണാകരന്‍ അതിന്റെ ക്ലാസ്സിക് ഉദാഹരണമായി ഇന്നും കരുതപ്പെടുന്നു. ജനങ്ങളെ അറിയാനും പുതിയ റിക്രൂട്ടിനുവേണ്ടി ലിസ്റ്റുണ്ടാക്കാനും കരുണാകരന്‍ നടത്തിയ പരിശ്രമങ്ങളാണ് കണ്ണൂര്‍ ജില്ലയിലെ ഗ്രാമാന്തരങ്ങളില്‍ സംഘപ്രവര്‍ത്തനം വ്യാപകമാവാന്‍ സഹായിച്ചത്.
സംഘശിക്ഷണം കഴിഞ്ഞു രാഘവന്‍, മാസ്റ്ററാകാന്‍ ഒരുങ്ങി രണ്ടു മൂന്നുവര്‍ഷം കഴിഞ്ഞപ്പോള്‍ ചെറുതുരുത്തിയിലെ പ്രമുഖ അദ്ധ്യാപകന് തന്റെ സ്‌കൂളിലേക്കു സംഘപരിശീലനം ലഭിച്ച ഏതാനും അദ്ധ്യാപകരെ വേണമെന്നു മോഹമുണ്ടായി. അന്നു തലപ്പിള്ളി താലൂക്ക് കമ്യൂണിസ്റ്റ് അതിക്രമത്തിന്റെ കൂത്തരങ്ങായിരുന്നു. ടി.ആര്‍.നായര്‍ എന്ന സ്‌കൂള്‍ മാനേജരുടെ ആഗ്രഹപ്രകാരം പരിശീലനം സിദ്ധിച്ച ഏതാനും അദ്ധ്യാപകരെ സംഘം നിര്‍ദ്ദേശിച്ചു. രാഘവന്‍ മാസ്റ്റര്‍ അപ്പോഴേക്ക് കോഴിക്കോട് ജില്ലയിലെ കാരയാട് എന്ന സ്ഥലത്ത് ഒരു സംഘാനുഭാവിയുടെ എല്‍.പി.സ്‌കൂളില്‍ ചേര്‍ന്നു കഴിഞ്ഞിരുന്നു. അന്നാട്ടിലെ സ്വയംസേവകര്‍ തന്നെ മാനേജര്‍ ആവശ്യപ്പെട്ട പ്രകാരം സ്‌കൂളില്‍ ഒന്നുരണ്ടു ക്ലാസ് മുറികള്‍ പണിതു നല്‍കിയിരുന്നു. ഏതായാലും ചെറുതുരുത്തിയിലെ ടി.ആര്‍.നായരുടെ ആഗ്രഹപ്രകാരം രാഘവന്‍ മാസ്റ്റര്‍ അവിടെ ചേര്‍ന്നു.
അത് ആ വിദ്യാലയത്തിന്റെ ശുക്രദശയുടെ തുടക്കമായി. അദ്ദേഹം അന്നാട്ടുകാരുടെ സ്വാഭാവിക നേതാവാകാന്‍ കാലതാമസമുണ്ടായില്ല. ചെറുതുരുത്തിയില്‍നിന്നു രണ്ടു കിലോമീറ്റര്‍ ഉള്ളിലായി തികഞ്ഞ ഗ്രാമാന്തരീക്ഷമുള്ള സ്ഥലം. അവിടെത്തന്നെ സംഘശാഖയുണ്ടാവാനും താമസമുണ്ടായില്ല. അതോടെ ചുവപ്പന്മാരുടെ എതിര്‍പ്പു കടുത്തു. സംഘത്തിനെതിരെ സായുധ സംഘട്ടനത്തിനു തന്നെ അവര്‍ തയാറായി.
വടക്കാഞ്ചേരിയിലും, മറ്റു സ്ഥലങ്ങളില്‍ നിന്നും സ്വയംസേവകരുടെ സഹായത്തോടെ അതിനെ മാസ്റ്ററും കൂട്ടരും നേരിട്ടു. വര്‍ഷങ്ങള്‍ക്കുശേഷമാണ് എനിക്ക് അവിടെ പോകാന്‍ അവസരമുണ്ടായത്. പഴയ കാരയാടു സ്വയംസേവകര്‍ ഒരിക്കല്‍ കുടുംബസഹിതം ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ് ഷൊര്‍ണൂര്‍ ഇറങ്ങി മാസ്റ്ററെ കാണാന്‍ പോയതിന്റെ ഹൃദയംഗമമായ വിവരണം എഴുത്തിലൂടെ എന്നെ അറിയിച്ചു. സംഘചുമതലയില്‍ നിന്ന് ജനസംഘത്തിലേക്കു മാറ്റപ്പെട്ടശേഷം ഞാന്‍ പാലക്കാട് ജില്ലയില്‍ പല സ്ഥലങ്ങളിലും പ്രവര്‍ത്തകരെ കണ്ട് ചെറുതുരുത്തിയില്‍ ചെന്ന് രാഘവന്‍ മാസ്റ്ററുടെ വീടു തേടിയെത്തി. അദ്ദേഹത്തിനും സഹധര്‍മിണിക്കുമുണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. ചുറ്റുപാടുമുള്ള സ്വയംസേവകരെയെല്ലാം വിളിച്ചുവരുത്തി. രണ്ടു ദിവസം അവിടെത്തന്നെ കൂടി. അതിനടുത്തുതന്നെയാണ് കരിപ്പാല്‍ മന. ഭരതേട്ടന്റെയും മാര്‍ത്താണ്ഡേട്ടന്റെയും അച്ഛന്‍ ആ മനയിലെ അംഗമാണെന്ന അറിവും ലഭിച്ചു. മാസ്റ്റര്‍ താമസിച്ച വീട്ടിലെ തട്ടിന്‍പുറത്തുനിന്നും കുറേ ഇരുമ്പുസാധനങ്ങള്‍ എടുത്തു എന്നെ കാണിച്ചു. മാസ്റ്ററെ ശിക്ഷിച്ചു വകവരുത്താനായി സഖാക്കള്‍ ആര്‍ത്തട്ടഹസിച്ചു വന്നപ്പോള്‍ കൊണ്ടുവന്ന ആയുധങ്ങളായിരുന്നു അവ. കൊല്ലന്മാരെക്കൊണ്ട് പ്രത്യേകം പണിയിച്ചതാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകുമായിരുന്നു. നല്ലൊരു പുസ്തകശേഖരവും അദ്ദേഹത്തിനുണ്ടായിരുന്നു. കുമാരനാശാന്റെ പദ്യകൃതികളും ഗദ്യകൃതികളും അവയില്‍പ്പെടുന്നു. വള്ളത്തോള്‍ കൃതികളെപ്പറ്റിയുള്ള ആശാന്റെ വിമര്‍ശനങ്ങള്‍ വായിക്കാനെടുത്തു. രണ്ടുദിവസത്തെ യാത്രകള്‍ക്കിടയില്‍ അതു വായിച്ചുതീര്‍ത്തു. ‘വള്ളത്തോള്‍ ശബ്ദസുന്ദര’നായിരുന്നല്ലൊ. ശബ്ദസൗന്ദര്യത്തിന്റെ സൃഷ്ടിയില്‍ സംഭവിച്ച വ്യാകരണപ്പിഴവുകളും, മറ്റനവധി അനൗചിത്യങ്ങളും ആശാന്‍ അതില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആശാന്റെ പദ്യകൃതികളുടെ ഒന്നാം വാല്യം ഞാന്‍ മാസ്റ്ററുടെ കയ്യില്‍നിന്നെടുത്തു. അതു തിരിച്ചുകൊടുക്കില്ലെന്നു പറയുകയും ചെയ്തു. ഇന്നും എന്റെ പുസ്തകശേഖരത്തില്‍ അതുണ്ട്.
സംഘത്തിന്റെ നാട്ടികയിലെ സംഘചാലക് എ.ആര്‍. ദിവാകരന്റെ അടിപ്പറമ്പില്‍ എന്ന തറവാട്ടില്‍ ശ്രീനാരായണഗുരുവും കുമാരനാശാനും പോയി ഒരു ദിവസം കഴിഞ്ഞ് തിരികെപ്പോകുന്നതിനു മുമ്പ് ആശാന്‍ എഴുതിവെച്ച ശ്ലോകം അതിലുണ്ട്.
എന്റെ അനുജന്റെ മകന് ഷൊര്‍ണൂരില്‍നിന്നു വിവാഹാലോചന വന്നപ്പോള്‍, ആ കുട്ടിയുടെ വിവരങ്ങള്‍ അറിയാന്‍ ഞാന്‍ രാഘവന്‍ മാസ്റ്ററെയാണ് സമീപിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞു, ഞങ്ങള്‍ കുടുംബാംഗങ്ങളെല്ലാവരും അദ്ദേഹത്തിന്റെ പുതിയ വസതിയില്‍ പോയിരുന്നു.
വിദ്യാഭാരതിയുടെ കേരളത്തിലെ സ്രഷ്ടാവും സംഘാടകനുമായിരുന്ന എ.വി. ഭാസ്‌കര്‍ജി തന്റെ സഹായിയായി കുറെക്കാലം രാഘവന്‍മാസ്റ്ററെ നിശ്ചയിച്ചിരുന്നു. കല്ലേക്കാെട്ട വ്യാസവിദ്യാപീഠത്തിന്റെ മാനേജരായും കുറച്ചുനാള്‍ ചുമതലയേറ്റിരുന്നുവെന്നാണെന്റെ ധാരണ. തൃശ്ശിവപേരൂര്‍ ജില്ലയില്‍ സംഘാനുഭാവികള്‍ മുന്‍കയ്യെടുത്ത് ഏതാനും പ്രശസ്ത വിദ്യാലയങ്ങള്‍ ഏറ്റെടുത്തുവല്ലൊ. അവയുടെ കാര്യത്തിലും രാഘവന്‍ മാസ്റ്ററുടെ സഹകരണം വിലയേറിയതായിരുന്നു.
ആറു പതിറ്റാണ്ടിലേറെ നീണ്ട സമൂഹസേവനമാണ് എം.എസ്. രാഘവന്‍ മാസ്റ്റര്‍ സ്തുത്യര്‍ഹമായി ചെയ്തുവന്നത്. അതിനിടെ തന്റെ സമ്പര്‍ക്കത്തില്‍ വന്നവരുടെയെല്ലാം തന്നെ സ്‌നേഹാദരങ്ങള്‍ അദ്ദേഹം പകര്‍ന്നെടുത്തു. അഞ്ചാറു ദശകങ്ങള്‍ക്കു മുമ്പ്, പ്രചാരകനായി പ്രവര്‍ത്തിച്ച സ്ഥലങ്ങളിലെ സ്വയംസേവകര്‍ ഇന്നും രാഘവന്‍ മാസ്റ്ററെ അതേ ഊഷ്മളതയോടെ ഓര്‍മയില്‍ സൂക്ഷിക്കുന്നുവെന്നതാണ് അദ്ദേഹത്തിന്റെ മഹത്വം.
വടക്കാഞ്ചേരിക്കടുത്ത് അകമലയില്‍ ഒരു കോവിലിനോട് (ഉത്രാളിക്കാവ്) ചേര്‍ന്ന് നടത്തുന്ന വിശ്രമശാല രാഘവന്‍മാസ്റ്ററുടെ മേല്‍നോട്ടത്തിലാണ്. അന്‍പതിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പ്, രാമനാട്ടുകരയിലെ സ്വയംസേവകന്‍, അച്യുതന്‍നായര്‍ താന്‍ ഓടിച്ചിരുന്ന ചരക്കുലോറി അകമലയിലെ റോഡരുകില്‍ നിര്‍ത്തിയശേഷം, അതിനു മുന്നില്‍തന്നെ കിടന്നുറങ്ങവേ, മറ്റൊരു ലോറിയിടിച്ചു തന്റെ ലോറി നീങ്ങി, അതു കയറി മരിച്ച സംഭവമുണ്ടായി. അജ്ഞാതശവമായി ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് ശവസംസ്‌കാരം നടന്നത്. പത്രത്തില്‍ വാര്‍ത്തയും പടവും കണ്ട് സ്വയംസേവകര്‍ അന്വേഷിച്ചെത്തിയപ്പോള്‍ എല്ലാം കഴിഞ്ഞിരുന്നു. അക്കാലത്തു രാഘവന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ അകമലയിലെ ആ സ്ഥാപനമില്ലാതെ പോയല്ലോ എന്നു വിചാരിക്കാറുണ്ട്. അദ്ദേഹത്തിന്റെ ഓര്‍മകള്‍ അതിന്റെ ചൂടും ചൂരും മാറാതെ മനസ്സില്‍ നിലനില്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക