ന്യൂഡൽഹി: വിജയ് മല്യയുടെ 14,131 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി പൊതുമേഖലാ ബാങ്കുകൾക്ക് കൈമാറിയതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ . വിജയ് മല്യ, മെഹുൽ ചോക്സി, നീരവ് മോദി തുടങ്ങിയവരുടെ വായ്പ തിരിച്ചടയ്‌ക്കാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മൊത്തം 22,280 കോടി രൂപ മൂല്യമുള്ള സ്വത്ത് കണ്ടുകെട്ടിയതായും സാമ്പത്തിക കുറ്റവാളികൾക്കെതിരായ പോരാട്ടം തുടരാൻ തീരുമാനിച്ചതായും നിർമല സീതാരാമൻ ലോക്സഭയെ അറിയിച്ചു.
നീരവ് മോദിയിൽ നിന്ന് 1,052 കോടി രൂപയാണ് കണ്ടുകെട്ടിയത്. മെഹുൽ ചോക്‌സിയിൽ നിന്ന് 2,565 കോടിയും തിരികെ പിടിച്ചു.കിംഗ്ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് വ്യവസായിയും മുൻ എംപിയുമായ വിജയ് മല്യ 2016ൽ ഇന്ത്യ വിട്ടിരുന്നു. വിചാരണ നേരിടാൻ ഇംഗ്ലണ്ടിൽ നിന്ന് ഇയാളെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) കണ്ടുകെട്ടിയ സ്വത്തുക്കൾക്കൊപ്പം ബാങ്കുകൾക്കും മറ്റ് കടക്കാർക്കും നൽകാനുള്ള കുടിശ്ശിക തിരിച്ചുപിടിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക