ആലുവ : വാഹനങ്ങളും ലാപ്ടോപ്പും തിരികെ നൽകാതെ വ്യവസായിയെ കബളിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. തമിഴ്നാട് വെള്ളൂർ തൃപ്പട്ടൂർ ജോൺട്രാ പള്ളി ശ്രീരാമലു സുബ്രമണി (28) യെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരൻ ആലുവയിൽ ടെലികോം ടവർ നിർമ്മാണത്തിന്റെ അസംസ്കൃത വസ്തുക്കൾ അന്യ സംസ്ഥാനങ്ങളിലേക്ക് വിതരണം നടത്തുന്ന സ്ഥാപനം നടത്തുകയാണ്. തമിഴ്നാട് ഭാഗങ്ങളിൽ വിതരണം നടത്തിയിരുന്നത് ശ്രീരാമലു ആയിരുന്നു. ഇയാൾ ആവശ്യപ്പെട്ടതനുസരിച്ച് ബിസിനസ്സ് ആവശ്യങ്ങൾക്കായി രണ്ട് പിക്കപ്പ് വാനുകളും, രണ്ട് ലാപ്ടോപ്പുകളും ഇയാൾക്ക് വാങ്ങി നൽകിയിരുന്നു.
ഇവ കൈകാര്യം ചെയ്തിരുന്നത് ശ്രീരാമലു ആയിരുന്നു. പിന്നീട് ഇയാൾ സാമ്പത്തിക ക്രമക്കേട് നടത്തിയതിനാൽ സ്ഥാപന ഉടമ നൽകിയിരുന്ന വാഹനങ്ങളും, ലാപ്ടോപ്പുകളും തിരികെ ആവശ്യപ്പെട്ടിരുന്നെങ്കിലും ശ്രീരാമലു ഇവ തിരികെ നൽകാതിരിക്കുകയായിരുന്നു.
ഇതേ തുടർന്ന് സ്ഥാപന ഉടമ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചതിൽ വാഹനങ്ങൾ രണ്ടും സേലത്തും, തിരുപതൂരുമായി പണയത്തിന് ഓടുവാൻ നൽകിയിരിക്കുകയാണെന്ന് മനസ്സിലായി. അന്വേഷണ സംഘം ശ്രീരാമലുവിനെ ഹോസൂർ നിന്നും പിടികൂടുകയും ലാപ്ടോപ്പ് വീട്ടിൽ നിന്നും വാഹനങ്ങൾ സേലം തിരുപതൂർ എന്നിവിടങ്ങളിൽ നിന്നുമായി കണ്ടെടുത്തു.
കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ എം.എം.മഞ്ജുദാസ്, എസ്. ഐ എസ്.എസ്.ശ്രീലാൽ, സിപിഒ മാരായ കെ.എ.നൗഫൽ, മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, കെ.എം.മനോജ് എന്നിവരാണ് ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: