ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ ബിജെപി അംഗങ്ങള്‍ സോണിയാഗാന്ധിയെ ചോദ്യം ചെയ്തതാണ് ഉപരാഷ്ട്രപതിയ്ക്കെതിരായ അവിശ്വാസപ്രമേയത്തിലേക്ക് നീങ്ങുന്നതിലേക്ക് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസുമായി കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിയ്ക്ക് ബന്ധമുണ്ടെന്നാണ് ബിജെപി എംപിമാര്‍ രാജ്യസഭയില്‍ ഉന്നയിച്ചത്.
ജോര്‍ജ്ജ് സോറോസ് പണം നല്കുന്ന, കശ്മീരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തുന്ന അജണ്ടയോടെ പ്രവര്‍ത്തിക്കുന്ന ഫോറം ഓഫ് ഡമോക്രാറ്റിക് ലീഡേഴ്സ് ഇന്‍ ഏഷ്യാപസഫിക് (എഫ് ഡിഎല്‍ എപി) ഫൗണ്ടേഷന് എന്ന സംഘടനയുടെ സഹ അധ്യക്ഷയായി പ്രവര്‍ത്തിക്കുന്നത് സോണിയാഗാന്ധിയാണെന്നാണ് ബിജെപി എംപിമാര്‍ സോണിയാഗാന്ധിയ്ക്കെതിരെ ഉന്നയിച്ച ഒരു ആരോപണം. രാജ്യദ്രോഹക്കുറ്റത്തിന്റെ കരിനിഴലില്‍ സോണിയാഗാന്ധിയെ കൊണ്ട് നിര്‍ത്തുന്ന വലിയ ആരോപണമായി മാറിയിരിക്കുകയാണ് അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസും സോണിയാഗാന്ധിയും തമ്മിലുള്ള ബന്ധം.
കോണ്‍ഗ്രസും ഒസിസിആര്‍പി എന്ന ജേണലിസ്റ്റുകളുടെ സംഘടനയും തമ്മില്‍ ബന്ധമുണ്ടെന്നുള്ളതാണ് മറ്റൊരു ആരോപണം. ഇന്ത്യയിലെ മോദി സര്‍ക്കാരിനെ അട്ടിമറിക്കാനും ആഗോള ബിസിനസ് ശക്തിയായി വളരുന്ന അദാനിയെ തകര്‍ക്കുക വഴി ഇന്ത്യയെ സാമ്പത്തികമായി തകര്‍ക്കാനും പര്യാപ്തമായ കള്ളറിപ്പോര്‍ട്ടുകള്‍ ചമയ്ക്കുന്ന സംഘടനയാണ് ഒസിസിആര്‍പി. ഇവര്‍ക്ക് ജോര്‍ജ്ജ് സോറോസ് ഫണ്ട് നല്‍കിവരുന്നുണ്ട്. ഒസിസിആര്‍പിയുടെ റിപ്പോര്‍ട്ടുകള്‍ ഉയര്‍ത്തി ഇന്ത്യയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധി. മറ്റൊന്ന് ഫ്രാന്‍സിലെ മീഡിയാ പാര്‍ട്ട് എന്ന മാധ്യമക്കമ്പനി പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടാണ്. ഈ റിപ്പോര്‍ട്ടില്‍ ഒസിസിആര്‍പിക്ക് ഫണ്ട് നല്കുന്നതില് യുഎസ് സര്‍ക്കാരും ഉണ്ടെന്നാണ് ആരോപിക്കുന്നത്. അതായത് ഇന്ത്യയെ തകര്‍ക്കാനുള്ള പദ്ധതിയില്‍ യുഎസ് സര്‍ക്കാരിലെ ചില നിഗൂഢശക്തികള്ക്കും പങ്കുണ്ടെന്നതാണ് ഈ ആരോപണം.
ഇതോടെയാണ് ജയറാം രമേഷും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വിറളി പൂണ്ടത്. സോണിയാഗാന്ധിയെ കുറ്റപ്പെടുത്തുന്ന പ്രമേയം അവതരിപ്പിക്കാന്‍ എന്തുകൊണ്ട് ബിജെപിയെ അനുവദിച്ചു എന്നതാണ് ഉപരാഷ്ട്രപതിയും രാജ്യസഭാ അധ്യക്ഷനുമായി ജഗദീപ് ധന്‍കറിനെ അങ്ങേയറ്റം വെറുക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. ജോര്‍ജ്ജ് സോറോസ് -സോണിയാഗാന്ധി ബന്ധം രാജ്യദ്രോഹപരമായതിനാല്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന ഒമ്പതോളം ബിജെപി എംപിമാരുടെ ആവശ്യം തള്ളിക്കളഞ്ഞ വ്യക്തിയാണ് ജഗദീപ് ധന്‍കര്‍ എന്നോര്‍ക്കണം. അതല്ല, ഈ പ്രശ്നം അവതരിപ്പിച്ചതാണ്, സോണിയയെ ചോദ്യം ചെയ്യുന്ന പ്രശ്നം ഉയര്‍ത്തിയതാണ് കോണ്‍ഗ്രസ് നേതാക്കളെ വിറളി പിടിപ്പിച്ചിരിക്കുന്നത്. സോണിയ ചോദ്യം ചെയ്യുന്നതിനപ്പുറമുള്ള വ്യക്തിയാണോ എന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. സഭയില്‍ ബിജെപി എംപിമാര്‍ സോണിയയ്ക്കെതിരെ ആരോപണം ഉയര്‍ത്തിയത് തെളിവുകള്‍ സഹിതം നിരത്തിയാണ്. എന്നാല്‍ എന്തോ വലിയ അലിഖിതമായ ഒരു നിയമം ബിജെപി എംപിമാര്‍ ലംഘിച്ചു എന്ന രീതിയിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: