തൃശൂര്‍: ചാലക്കുടിയില്‍ സ്വയം പ്രസവമെടുത്ത ഒഡീഷ സ്വദേശിനിയുടെ കുഞ്ഞ് മരിച്ചു. മേലൂര്‍ കരുവാപ്പടിയിലാണ് സംഭവം. വീട്ടില്‍ മൂന്ന് വയസുളള മൂത്ത കുട്ടി മാത്രമുളള സമയത്താണ് യുവതിക്ക് പ്രസവവേദന തുടങ്ങിയത്.
അധികം ആള്‍പാര്‍പ്പില്ലാത്ത ഒറ്റപ്പെട്ട സ്ഥലത്തുള്ള വാടക വീട്ടിലാണ് യുവതിയും ഇവരുടെ ഭര്‍ത്താവും മൂന്നു വയസുള്ള മൂത്ത കുട്ടിയും കഴിഞ്ഞിരുന്നത്.
പ്രസവ വേദന അനുഭവപ്പെട്ട യുവതി സ്വയം പ്രസവമെടുക്കുകയായിരുന്നു. കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി മുറിച്ചു മാറ്റിയതും യുവതിയാണ്. ജോലിക്ക് പോയിരുന്ന ഭര്‍ത്താവ് വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് ചോരയില്‍ കുളിച്ചുകിടക്കുന്ന ഭാര്യയെ കണ്ടത്.
തുടര്‍ന്ന് ഇയാള്‍ അറിയിച്ചത് പ്രകാരം പഞ്ചായത്ത് അംഗവും ആശാ വര്‍ക്കറും സ്ഥലത്തെത്തി യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ കുഞ്ഞിന് ജീവനില്ലെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഒമ്പത് മാസം വളര്‍ച്ച എത്തിയ ആണ്‍കുഞ്ഞിനെയാണ് യുവതി പ്രസവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക