Kerala

സ്മാര്‍ട്ട്‌സിറ്റി: സിഎജി റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Published by

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്തു വേണം കൊച്ചി സ്മാര്‍ട്ട്‌സിറ്റി പോലുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) നിര്‍ദേശിച്ചിരുന്നതായി കണ്ടെത്തല്‍. 2014ലെ സിഎജിയുടെ റിപ്പോര്‍ട്ടിലാണിതുള്ളത്.

വികസനത്തിനു വേണ്ടി നല്‍കിയ സ്ഥലം അതിനു വേണ്ടി മാത്രമാണ് വിനിയോഗിക്കുന്നതെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. റിയല്‍ എസ്‌റ്റേറ്റ് ആവശ്യങ്ങള്‍ക്കായി സ്ഥലം ഉപയോഗിക്കരുതെന്നും ഇതുസംബന്ധിച്ചുള്ള നിബന്ധനകള്‍ കരാറില്‍ ഉള്‍പ്പെടുത്തണമെന്നും ഉന്നതതല സമിതി രൂപീകരിച്ച് കൃത്യമായ നിരീക്ഷണവും അവലോകനവും നടത്തണമെന്നും സര്‍ക്കാരിനോടു സിഎജി നിര്‍ദേശിച്ചിരുന്നു.

പദ്ധതി നടപ്പാക്കുന്നതില്‍ ടീകോം ഏതു തരത്തിലാണ് കാലതാമസം വരുത്തിയിരുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ സെസ് അനുമതി ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഫ്രെയിംവര്‍ക്ക് കരാര്‍ ഒപ്പിട്ട് ഏഴു വര്‍ഷം കഴിഞ്ഞിട്ടും കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ടീകോം യാതൊരു നീക്കവും നടത്തിയിട്ടില്ല.

അതേസമയം ക്ലോസിങ് ഡേറ്റ് നിര്‍ണയിക്കുന്നതിലുണ്ടായ വീഴ്ചയും സിഎജി ചൂണ്ടിക്കാട്ടുന്നു. ഫ്രെയിംവര്‍ക്ക് കരാറിലെ ആറു മാനദണ്ഡങ്ങളില്‍ മൂന്നെണ്ണം മാത്രമാണ് 2013 സപ്തംബര്‍ വരെ പൂര്‍ത്തിയാക്കിയത്. വൈദ്യുതി, വെള്ളം എന്നിവയുടെ വിതരണം സംബന്ധിച്ച് ടീകോം കമ്പനി ആവശ്യങ്ങള്‍ അറിയിക്കാതിരുന്നതിനാല്‍ കാലതാമസം ഉണ്ടായി. അടിസ്ഥാനസൗകര്യ വികസനം നടപ്പാക്കാന്‍ സര്‍ക്കാര്‍ 2008 ല്‍ തന്നെ നടപടികള്‍ സ്വീകരിച്ചെങ്കിലും ടീകോമിന്റെ നിസ്സഹകരണം മൂലം അതു കഴിഞ്ഞില്ലെന്നും സിഎജി വ്യക്തമാക്കുന്നു.

ഫ്രെയിംവര്‍ക്ക് കരാര്‍ പ്രകാരം 10 വര്‍ഷത്തിനുള്ളില്‍ 8.8 ദശലക്ഷം ചതുരശ്ര അടി നിര്‍മാണം നടത്തുകയും 90,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും വേണമായിരുന്നു. എന്നാല്‍ ക്ലോസിങ് ഡേറ്റ് എത്തിയതിനു ശേഷമാണ് 10 വര്‍ഷ കാലാവധി ആരംഭിക്കുന്നത് എന്നതിനാല്‍ പദ്ധതി വീണ്ടും നീളുമെന്നും സിഎജി പറഞ്ഞിരുന്നു. 2014 മാര്‍ച്ച് വരെ ക്ലോസിങ് ഡേറ്റ് നിശ്ചയിച്ചിരുന്നില്ല. ആ സാഹചര്യത്തില്‍ വീണ്ടും 10 വര്‍ഷം കഴിഞ്ഞ് 2025ല്‍ മാത്രമേ പദ്ധതി പൂര്‍ത്തിയാകാന്‍ സാധ്യത ഉള്ളൂവെന്നും സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ ഇടപെടല്‍ നടത്താന്‍ കഴിയില്ലെന്നും സിഎജി വ്യക്തമാക്കിയിരുന്നു. പദ്ധതി വഴി തൊഴില്‍ അവസരം സൃഷ്ടിക്കുക എന്നതായിരുന്നു സംസ്ഥാനത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം. 2005ലെ സെസ് നിയമത്തിന്റെ 5 വകുപ്പ് പ്രകാരം ഏതെങ്കിലും മേഖല സെസ് ആക്കുമ്പോള്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം എന്ന നിബന്ധന ഉണ്ടായിരിക്കണം. എന്നാല്‍ ഫ്രെയിംവര്‍ക്ക് കരാറിലെ വ്യവസ്ഥകളില്‍ വെള്ളം ചേര്‍ത്തതു മൂലം അതു സംഭവിച്ചില്ലെന്ന് സിഎജി കണ്ടെത്തി.

ഭൂമി റജിസ്‌ട്രേഷനിലും കാലതാമസമുണ്ടായതായി സിഎജി വ്യക്തമാക്കിയിട്ടുണ്ട്. സ്മാര്‍ട്ട്‌സിറ്റി പദ്ധതിക്കു പങ്കാളിയായി സ്മാര്‍ട് ടീകോം ഇന്‍വെസ്റ്റ്‌മെന്റിനെ കണ്ടെത്തിയതു തന്നെ സുതാര്യത ഇല്ലാതെയാണെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്. സാധാരണയായി ഇത്തരം വലിയ പദ്ധതികള്‍ക്കു പങ്കാളികളെ കണ്ടെത്തുമ്പോള്‍ കൃത്യമായ ആസൂത്രണം, സുതാര്യത, പൂര്‍ത്തിയാക്കല്‍ ശേഷി എന്നിവ വിലയിരുത്താന്‍ നിരവധി നടപടിക്രമങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത്തരത്തില്‍ അപേക്ഷകളൊന്നും തേടാതെ ദുബായില്‍ നടന്ന ഒരു എക്‌സിബിഷനില്‍ വച്ച് ദുബായ് ഇന്റര്‍നെറ്റ് സിറ്റിയുമായി ചര്‍ച്ച നടത്തി സ്മാര്‍ട് സിറ്റി പദ്ധതി ടീകോം ഇന്‍വെസ്റ്റ്‌മെന്റിനു നല്‍കുകയായിരുന്നുവെന്നും സിഎജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. സാധ്യതാ പഠനമോ മറ്റ് വിലയരുത്തലുകളോ ഒന്നും ഇക്കാര്യത്തില്‍ നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by