തിരുവനന്തപുരം: മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടത്തിന്റെ പര്യായമായ മെറിലാന്‍ഡ് സ്റ്റുഡിയോ എന്ന ഐതിഹാസിക നാമം ശക്തവും ഊര്‍ജ്ജസ്വലവുമായി വീണ്ടും ഉയരാന്‍ ഒരുങ്ങുന്നു. 1950കളില്‍ സ്ഥാപിതമായതും 1979 വരെ 80ലധികം ശരാശരി സിനിമകള്‍ നിര്‍മിച്ചതുമായ മെറിലാന്‍ഡ് സ്റ്റുഡിയോസ് സിനിമാ മികവിന്റെ കാലാതീതമായ പ്രതീകമാണ്. ആ കുടുംബത്തില്‍ നിന്നാണ് ഒരു പുതിയ നിര്‍മാണവിതരണ കമ്പനിയെത്തുന്നത്.
വൈക മെറിലാന്‍ഡ് റിലീസ് എന്ന പേരിലാണ് കമ്പനിയെത്തുന്നത്. മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെയും സിറ്റി തിയേറ്റേഴ്സ് പ്രൈവറ്റിന്റെയും സ്ഥാപകനായ പി. സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകന് സെന്തില്‍ സുബ്രഹ്മണ്യമാണ് ഈ പുനരുജ്ജീവനത്തിന്റെ മുന്‍പന്തിയില്‍.
സെന്തില്‍ സുബ്രഹ്മണ്യത്തിന്റെ പിതാവ് എസ്. കാര്ത്തികേയന്, പ്രാദേശികവും അന്തര്‍ദേശീയവുമായ മാസ്റ്റര്‍പീസുകള്‍ വര്‍ഷങ്ങളോളം പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയ ചലച്ചിത്ര വിതരണ കമ്പനിയായ ശ്രീസുബ്രഹ്മണ്യം എന്റര്‍പ്രൈസസിലൂടെ ഈ പാരമ്പര്യം മെച്ചപ്പെടുത്തി. കടമറ്റത്ത് കത്തനാര്, ദേവീമാഹാത്മ്യം, സ്വാമി അയ്യപ്പന് തുടങ്ങിയ ജനപ്രിയ ടെലിവിഷന്‍ പരമ്പരകളും അദ്ദേഹം നിര്‍മ്മിച്ചു. ഇപ്പോഴിതാ, ഈ ശ്രദ്ധേയമായ പൈതൃകത്തെ ആധുനിക സിനിമയുടെ ലോകത്തേക്ക് കൊണ്ടുപോകുകയാണ് സെന്തില്‍.
വൈക മെറിലാന്‍ഡ് റിലീസ് തുടക്കം കുറിക്കുന്നത് തമിഴ് സംവിധായകന് വെട്രിമാരന്റെ ഏറെ പ്രതീക്ഷയുള്ള വിടുതലൈ 2 എന്ന ചിത്രത്തിന്റെ കേരള വിതരണത്തിലൂടെയാണ്. വിജയ് സേതുപതിയും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് ഇതിഹാസ സംഗീതജ്ഞന് ഇളയരാജ സംഗീതം നല്കിയിരിക്കുന്നു.
വൈക മെറിലാന്‍ഡ് റിലീസ് അടുത്ത് മലയാള സിനിമയിലെത്താനും ഒരുങ്ങുകയാണ്. സെന്തില്‍ സ്വയം രൂപകല്‍പ്പന ചെയ്ത പുതിയ പ്രോജക്റ്റ് ഉടന്‍ ആരംഭിക്കും. ഈ ചിത്രത്തില്‍ രണ്ട് പ്രമുഖ മലയാള അഭിനേതാക്കള്‍ അഭിനയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: