ന്യൂദല്‍ഹി: സംഘടിതവും സായുധവുമായ ആദ്യസ്വാതന്ത്ര്യപോരാട്ടമെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയ 1857ലെ വിപ്ലവം അടിച്ചമര്‍ത്തുന്നതിന് നേതൃത്വം നല്കിയ ബ്രിട്ടീഷ് ജനറല്‍ ജോണ്‍ നിക്കോള്‍സന്റെ പ്രതിമയില്‍ ഇനി ദേശീയ സ്മാരകമല്ല. പ്രതിമയ്ക്ക് നല്‍കിയിരുന്ന ദേശീയ പ്രാധാന്യമുള്ള സ്മാരകം എന്ന പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി.
ദേശീയസ്മാരകം എന്ന നിലയില്‍ പ്രതിമ സ്ഥാപിച്ചിട്ട് ഒരു നൂറ്റാണ്ടിലേറെ പിന്നിട്ടതിന് ശേഷമാണ് സ്വതന്ത്രഭാരത സര്‍ക്കാര്‍ ഇത്തരത്തില്‍ ചരിത്രപ്രാധാന്യമുള്ള ഒരു തീരുമാനമെടുക്കുന്നത്. 111 കൊല്ലം മുമ്പ്, 1913 ഡിസംബര്‍ 11 നാണ് നിക്കോള്‍സണ്‍ പ്രതിമയും അതിന്റെ പ്ലാറ്റ്ഫോമും ചുറ്റുമുള്ള പൂന്തോട്ടങ്ങള്‍, പാതകള്‍, ദല്‍ഹിയിലെ കശ്മീരി ഗേറ്റിന് പുറത്തുള്ള ചുറ്റുമതില്‍ എന്നിവ അടക്കം ദേശീയ പ്രാധാന്യമുള്ള സ്മാരകമായി ഒരു വിജ്ഞാപനത്തിലൂടെ പ്രഖ്യാപിച്ചത്.
1958ല്‍ ഈ പ്രതിമ വടക്കന്‍ അയര്ലന്ഡിിലേക്ക് മാറ്റി. എന്നിട്ടും ഒരു ഫലകം മാത്രം അവശേഷിച്ചിരുന്ന ഈ സ്ഥലം പതിറ്റാണ്ടുകളായി ദേശീയ പ്രാധാന്യ പദവി നിലനിര്‍ത്തുകയായിരുന്നു. 1958ലെ ഏന്‍ഷ്യന്റ് മോനുമന്റ്സ് ആന്‍ഡ് ആര്‍ക്കിയോളജിക്കല്‍ സൈറ്റ്സ് ആന്‍ഡ് റിമെയ്ന്‍സ് ആക്ടിന്റെ 35-ാം വകുപ്പ് നല്കുന്ന അധികാരങ്ങള്‍ വിനിയോഗിച്ചാണ് പദവി റദ്ദാക്കി കേന്ദ്ര സാംസ്കാരിക മന്ത്രാലയം വിജ്ഞാപനം പുരപ്പെടുവിച്ചത്.
നിക്കോള്‍സണ്‍ സ്മാരകത്തില്‍ നിന്ന് ദേശീയ പ്രാധാന്യ പദവി നീക്കം ചെയ്യാനുള്ള ഉദ്ദേശ്യം സൂചിപ്പിച്ച് ഒരു പൊതു വിജ്ഞാപനം ജൂലൈ 25ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: