കോഴിക്കോട്:കൊടുവള്ളിയില്‍ സ്കൂട്ടറില്‍ സഞ്ചരിച്ച ജ്വല്ലറി ഉടമ ബൈജുവിനെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തി രണ്ട് കിലോയോളം സ്വര്‍ണം തട്ടിയെടുത്ത സംഭവത്തിലെ മുഖ്യ സൂത്രധാരന്‍ കടയുടമയുടെ സുഹൃത്ത് രമേശ് ആണെന്ന് പൊലീസ്.കേസിലെ സൂത്രധാരനായ രമേശ് ഉള്‍പ്പെടെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് വടകര റൂറല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു.
വലിയ സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് രമേശ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു.
ആക്രമിക്കപ്പെട്ട കൊടുവള്ളി സ്വദേശി ബൈജുവിന്റെ കടയുടെ സമീപത്ത് തന്നെ ആഭരണനിര്‍മാണ കട നടത്തുകയാണ് രമേശ്. ഇയാള്‍ ക്വട്ടേഷന്‍ നല്‍കിയാണ് ബൈജുവിനെ ആക്രമിച്ച് സ്വര്‍ണം തട്ടിയതെന്ന് പൊലീസ് പറഞ്ഞു.രമേശിനെ കൂടാതെ വിപിന്‍, ഹരീഷ്, ലതീഷ്, വിമല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 1.3 കിലോ സ്വര്‍ണം പൊലീസ് പിടിച്ചെടുത്തു. രമേശന് ഇവര്‍ക്ക് ക്വട്ടേഷന്‍ കൊടുത്ത തുകയായ 12 ലക്ഷം രൂപയും പിടികൂടി. .
കവര്‍ച്ചയ്ക്കുശേഷം സംശയം തോന്നാതിരിക്കാന്‍ ആക്രമിക്കപ്പെട്ട ബൈജുവിനെ രമേശ് കണ്ട് സംസാരിച്ചിരുന്നു.ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കൊടുവള്ളിയിലെ ചെറുകിട ആഭരണ നിര്‍മ്മാണശാല ഉടമ മൂത്തമ്പലം സ്വദേശി ബൈജുവിനെ കാറില്‍ എത്തിയ സംഘം ഇടിച്ചിട്ടത്.സ്കൂട്ടറില്‍ വീട്ടിലേക്ക് വരികയായിരുന്നു ബൈജുവിനെ ഇടിച്ചിട്ട ശേഷം കത്തി കാട്ടി ഭീഷണിപ്പെടുത്തി ബാഗില്‍ സൂക്ഷിച്ച രണ്ട് കിലോയോളം സ്വര്‍ണവുമായി കടന്നു കളയുകയായിരുന്നു.
വ്യാജ നമ്പര്‍ പ്ലേറ്റ് വെച്ച കാറിലാണ് പ്രതികള്‍ എത്തിയത്. സിസിടിവികളും മൊബൈല്‍ ഫോണുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ അഞ്ചു പേരെ കസ്റ്റഡിയിലെടുത്തത്.ബൈജുവിന്റെ വരവും പോക്കുമെല്ലാം കൃത്യമായി നിരീക്ഷിച്ച ശേഷമായിരുന്നു കവര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: