സിപിഎമ്മിന് ഏതായാലും ഒരു കാര്യത്തില്‍ ആനന്ദിക്കാം. അവരുടെ പ്രജകള്‍ രാജാക്കന്മാരെ മുറതെറ്റാതെ പിന്തുടരുന്നുണ്ട്. ‘യഥാ രാജാ തഥാ പ്രജ’ എന്നാണല്ലോ. ‘എമ്പ്രാനല്പം കട്ടു ഭുജിച്ചാല്‍ അമ്പലവാസികളൊക്കെ കക്കും’ എന്നും പറയാറുണ്ട്. കേരളത്തിലെ പാര്‍ട്ടിയില്‍ ഇന്നു നടക്കുന്നതും അതൊക്കെത്തന്നെയാണ്. പിന്തുടര്ച്ചാവകാശം ഉപയോഗിക്കുന്നത് പ്രധാനമായും തട്ടിപ്പിന്റെ മേഖലയിലാണെന്നത് അടിവരയിട്ടു പറയണം. അതില്‍ത്തന്നെ പ്രത്യേകിച്ച് ദുരന്തങ്ങളെ ചൂഷണം ചെയ്യുന്നതിലാണ്. വയനാടിനെ ഉലച്ച പ്രകൃതി ദുരന്തത്തിന്റെ പേരില്‍ ബിരിയാണി ചലഞ്ചും പിരിവും നടത്തി ലക്ഷങ്ങളോളം രൂപ തട്ടിയെടുത്തെന്ന കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം അറസ്റ്റിലായ സംഭവം പാര്‍ട്ടി പരിപാടികളോടുള്ള അണികളുടെ വിധേയത്വത്തിന്റെ കൃത്യമായ സൂചനയാണ്. തുകയുടെ വലിപ്പമല്ല, അതിനു പിന്നിലെ മനസ്ഥിതിയാണ് പ്രധാനം. ദുരന്തത്തിന്റെ ഭീതിയില്‍ നിന്നു മുക്തമാകാതെ കണ്ണീരുണങ്ങാത്ത മുഖവും തീയാളുന്ന മനസ്സുമായി കഴിയുന്നവരുടെ വിശപ്പുകൊണ്ടു ലാഭം കൊയ്യാനിറങ്ങിയവരുടെ മനസ്സിനെ വിശേഷിപ്പിക്കാന്‍ യോജിച്ച വാക്ക് ലോകത്തെ ഒരു ഭാഷയിലും കണ്ടെന്നു വരില്ല. കാരണം, അത്തരമൊന്ന് ഭൂതകല ചരിത്രത്തില്‍ ഭാഷാപണ്ഡിതന്മാര്ക്കു സങ്കല്പിക്കാനെ കഴിഞ്ഞിട്ടുണ്ടാവില്ല. അധികാരത്തിന്റെ തണലും അതുനല്കുന്ന സുരക്ഷിതബോധവും അപക്വമതികളില്‍ എത്രമാത്രം ദുര നിറയ്ക്കുമെന്നതിനു തെളിവായി വേണം ഇതിനെ കാണാന്‍. ഏതു സാഹചര്യത്തിലും തങ്ങള്‍ക്കു പരിചയായി പാര്‍ട്ടിയുടെ അധികാരക്കസേരകള്‍ ഉണ്ടാകുമെന്ന വിശ്വാസം അത്തരക്കാരില്‍ രൂഢമൂലമാകുന്നത്, ഭരണകക്ഷി തുടരെ നടത്തുന്ന വിചിത്രമായ ചില രക്ഷാപ്രവര്‍ത്തനങ്ങളുടെ ഫലമായിരിക്കണം.
ഭരിക്കുന്നവരുടെ മനസ്സില്‍ ദുരമൂത്താല്‍ അവര്‍ പ്രജാരക്ഷകര്‍ എന്നതിനു പകരം പ്രജാഭക്ഷകരാകും എന്നു പുരാണത്തില്‍ പറയുന്നത് അച്ചട്ടാക്കിയിരിക്കുകയാണ് കേരളത്തിലെ ഇടതു സര്‍ക്കാര്‍. ദുരന്തങ്ങളെ ചാകരയായി കാണുന്ന ശൈലിയാണ് ഈ സര്‍ക്കാരിന്റേത് എന്ന ആരോപണം പുതിയതൊന്നുമല്ല. ആരോപണത്തില്‍ കഴമ്പുണ്ടെന്നു പാര്‍ട്ടിയും സര്‍ക്കാരും പലതവണ തെളിയിച്ചിട്ടുമുണ്ട്. കൂട്ടിക്കലും പെട്ടിമുടിയിലും കവളപ്പാറയിലും കേരളത്തെ മൊത്തത്തില്‍ പിടിച്ചുലച്ച മഹാപ്രളയത്തിലുമെല്ലാം പൊതുജനം ഇതുകണ്ടു ബോധ്യപ്പെട്ടതുമാണ്. ദുരന്തബാധിതരുടെ കണ്ണീരു വിറ്റു ലാഭം കൊയ്യാനുള്ള സാമര്‍ഥ്യവും ഉത്സാഹവുമാണ് സിപിഎമ്മിന്റെ യഥാര്‍ഥ കേരള മോഡല്‍. പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ സംസ്ഥാനത്തെ പുനഃസൃഷ്ടിക്കാനെന്ന പേരില്‍ നവകേരള പദ്ധതിയുമായി ഇറങ്ങിയവര്‍ പിരിച്ചും പിഴിഞ്ഞും സമ്പാദിച്ചു കൂട്ടിയതിനു കണക്കില്ല. ആ പണം വന്നതു പാര്‍ട്ടിക്കാരില്‍ നിന്നല്ല. കണ്ണീരും വേദനയും കണ്ടാല്‍ മനസ്സലിയുന്ന പൊതുജനങ്ങളില്‍ നിന്നാണ്. അവരില്‍ പാവങ്ങളും കൂലിപ്പണിക്കാരും ശമ്പളക്കാരും ചെറുകിടക്കാരുമുണ്ടായിരുന്നു. പാര്‍ട്ടി വര്‍ഗശത്രുക്കളായി മുദ്രകുത്തിയ വന്‍കിട ബിസിനസ്സുകാരുണ്ടായിരുന്നു. കുട്ടികളുടെ സമ്പാദ്യപ്പെട്ടിയിലെ പണമുണ്ടായിരുന്നു. കുടുംബശ്രീയിലേയും അയല്‍ക്കൂട്ടങ്ങളിലേയും അമ്മമാരുടെ സമ്പാദ്യമുണ്ടായിരുന്നു. പണം ഒഴുകി വന്നിട്ടും കേരളത്തിന് ഒരു മാറ്റവും ഇതുവരെ കണ്ടിട്ടില്ല. വീടും സ്വത്തും ദുരന്തത്തില്‍ നഷ്ടപ്പെട്ടവര്‍ക്കു പോയതുപോയി. പുനരധിവാസ പദ്ധതികള്‍ വാക്കുകളില്‍ ഒതുങ്ങി നിന്നു. സേവാഭാരതി പോലുള്ള സന്നദ്ധ സംഘടനകളാണ് ദുരിതബാധിതര്‍ക്ക് ആശ്വാസവുമായി എത്തിയത്. അതുകൊണ്ടാണല്ലോ വയനാട് ദുരന്തമുണ്ടായപ്പോള്‍ സന്നദ്ധ സംഘടനകള്‍ ദുരന്ത സ്ഥലത്തേയ്ക്ക് പോകരുത് എന്നു വാറോല ഇറക്കിയത്.
പാര്‍ട്ടി ഫണ്ട് വീര്‍ത്തു വരികയും സര്‍ക്കാര്‍ ഖജനാവ് നെല്ലിപ്പലക തൊടുകയും ചെയ്തതു മാത്രമാണ് ദുരന്ത നിവാരണ ഫണ്ട് ശേഖരണത്തിന്റെ മെച്ചം. രാഷ്ട്രീയക്കാര്‍ക്കു സംഭാവനയായി നല്‍കാനും അവരുടെ മക്കളെ പഠിപ്പിക്കാനും ചിലര്‍ക്കു ലക്ഷങ്ങള്‍ മുടക്കി ഹെലികോപ്റ്ററില്‍ പറക്കാനും ആ ഫണ്ടു പ്രയോജനപ്പെട്ടു എന്ന ആരോപണം പരസ്യമായ രഹസ്യമായി നില്ക്കുന്നു. അടിമുടി അഴിമതി എന്ന് ആലങ്കാരികമായി പറയാറുള്ളത് ശരിയായ അര്‍ഥത്തില്‍ത്തന്നെ നടത്തിക്കാണിക്കുകയാണ് സിപിഎം. സര്‍ക്കാര്‍ ഭരണത്തിന്റെ തലപ്പത്തുമുതല്‍ താഴേത്തട്ടില്‍വരെ നിറഞ്ഞു തുളുമ്പുന്ന ഇത്തരം പ്രവണതയ്ക്ക് അഴിമതി എന്ന വാക്കു മതിയാകില്ല. പകല്‍ക്കൊള്ള എന്നു തന്നെ പറയേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: