കൊച്ചി: സീനിയര്‍ പെണ്‍കുട്ടികളുടെ ഡിസ്‌കസ് ത്രോയില്‍ കഴിഞ്ഞ ദിവസം പൊന്നണിഞ്ഞ കാസര്‍കോട് സ്വദേശി ഹെനിന്‍ എലിസബത്തിന് ഷോട്ട്പുട്ടിലും എതിരില്ല. ഇന്നലെ 14.16 മീറ്റര്‍ എറിഞ്ഞാണ് കാസര്‍കോട് കുട്ടമത്ത് ജിഎച്ച്എസ്എസിലെ താരം പൊന്നണിഞ്ഞ് ഡബിളിന് അര്‍ഹയായത്.
കഴിഞ്ഞ വര്‍ഷം കുന്നംകുളത്ത് നടന്ന സംസ്ഥാന കായികമേളയില്‍ ജൂനിയര്‍ വിഭാഗത്തില്‍ ഇതേയിനങ്ങളില്‍ മത്സരിച്ചും ഹെനിന്‍ ഇരട്ട സ്വര്‍ണം നേടിയിരുന്നു. 2019ല്‍ കണ്ണൂരില്‍ നടന്ന കായികമേളയില്‍ സബ് ജൂനിയര്‍ ഷോട്ട്പുട്ടില്‍ റിക്കാഡ് നേടുകയും ചെയ്തിരുന്നു. ഫോര്‍ട്ടുകൊച്ചി പൊയ്‌ക്കാരന്‍പറമ്പില്‍ അബ്രാഹം ജോസഫിന്റെയും ടിഷ മാനുവലിന്റെയും മകളാണ് ഈ പ്ലസ് വണ്‍ വിദ്യാര്‍ഥി.
മലപ്പുറം അരിയല്ലൂര്‍ എംവിഎച്ച്എസ്എസിലെ പ്രിതിക പ്രദീപ് 10.86 മീറ്റര്‍ എറിഞ്ഞ് വെള്ളിയും പാലക്കാട് കോങ്ങാട് കെപിആര്‍പിഎച്ച്എസിലെ എസ്. ശ്രേയ 10.22 മീറ്റര്‍ എറിഞ്ഞ് വെങ്കലവും സ്വന്തമാക്കി.















