Kerala

മുഖ്യമന്ത്രിയുടെ ​ഗൺമാൻമാരുടെ മർദ്ദനം : തെളിവുണ്ട് : തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

Published by

ആലപ്പുഴ : നവകേരള സദസിന്റെ ബസിന് നേരെ കരിങ്കൊടി കാണിച്ച പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദിച്ച കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. തെളിവുണ്ടെന്നും അന്വേഷണം വേണമെന്നും ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.

കൂടാതെ ഈ കേസ് തള്ളണമെന്ന ‌റഫർ റിപ്പോർട്ട് കോടതി തള്ളി. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ കല്ലിയൂർ, സെക്യൂരിറ്റി ഓഫീസര്‍ സന്ദീപ് എന്നിവരാണ് കേസിലെ പ്രതികൾ. കേസ് എഴുതി തള്ളണമെന്ന റഫർ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ആണ് കോടതിയിൽ നൽകിയത്.

മർദ്ദനത്തിന് തെളിവില്ലെന്ന് കാണിച്ച് പോലീസ് ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. മുന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മുഖ്യമന്ത്രിയുടെ സുരക്ഷാജീവനക്കാര്‍ രാഷ്‌ട്രീയവിരോധം തീര്‍ക്കുകയായിരുന്നെന്നും മര്‍ദനത്തെ കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി കാണരുതെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. മര്‍ദ്ദന ദൃശ്യങ്ങളും കോടതിക്ക് കൈമാറിയിരുന്നു.

ഡിസംബര്‍ 16ന് ആലപ്പുഴയിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ബസിൽ അമ്പലപ്പുഴ മണ്ഡലത്തിലെ നവകേരള സദസിന് പോകുമ്പോളാണ് സംഭവം.  ജനറൽ ആശുപത്രി ജംഗ്ഷനിൽ മുദ്രാവാക്യം മുഴക്കിയ ഇരുവരെയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ  റോഡരികിലേക്ക് മാറ്റിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിൽ നിന്ന് ഗൺമാനും സെക്യൂരിറ്റി ഓഫീസറും ലാത്തിയുമായി ചാടിയിറങ്ങി മർദ്ദിക്കുകയാണ് ഉണ്ടായത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by