അമ്പലപ്പുഴ: ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിച്ച കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് കെട്ടിടം നോക്കുകുത്തിയാകുമ്പോഴും യാത്രക്കാര്‍ മഴയും വെയിലുമേറ്റ് പെരുവഴിയില്‍. അമ്പലപ്പുഴ കച്ചേരി മുക്കില്‍ നിര്‍മിച്ച കെട്ടിടത്തിനാണ് ഈ ദുരവസ്ഥ. കെ.സി.വേണുഗോപാല്‍ എംപിയായിരുന്ന 2013ലാണ് 15 ലക്ഷം രൂപ ചെലവഴിച്ച് സ്റ്റേഷന് മാസ്റ്റര്‍ ഓഫീസ് കെട്ടിടവും യാത്രക്കാര്‍ക്ക് വിശ്രമ കേന്ദ്രവും നിര്‍മിച്ചത്. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കുമായി പ്രത്യേക ടോയ് ലെറ്റും നിര്‍മിച്ചിരുന്നു.
എന്നാല്‍ ഉദ്ഘാടനം നടന്ന് ഏതാനും വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ത്തന്നെ ഈ കെട്ടിടത്തിന്റെ പ്രവര്‍ത്തനം കടലാസിലൊതുങ്ങി. മദ്യപാനികളുടെയും സാമൂഹ്യ വിരുദ്ധരുടെയും കേന്ദ്രമായി കെട്ടിടം മാറിയതോടെ യാത്രക്കാര്‍ ഈ കെട്ടിടത്തെ ഉപേക്ഷിച്ചു. ഇപ്പോള്‍ ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന യാത്രക്കാര്‍ ജങ്ഷന് വടക്കു ഭാഗത്തെ കെ.കെ.കുഞ്ചു പിള്ള സ്മാരക സ്കൂളിന് മുന്നിലാണ് ബസിനായി കാത്തു നില്‍ക്കുന്നത്.
വിദ്യാര്‍ത്ഥികളടക്കം നൂറു കണക്കിന് പേരാണ് വെയിലും മഴയുമേറ്റ് ഇവിടെ ബസിനായി കാത്തു നില്‍ക്കുന്നത്. കനത്ത മഴയിലും വെയിലിലും ഇവിടുത്തെ ഒരു ചെറിയ കടയുടെ തറപ്പാളക്ക് താഴെയാണ് യാത്രക്കാര്‍ നില്‍ക്കുന്നത്.
ബസ് സ്റ്റേഷന് കെട്ടിടം വൃത്തിയാക്കിയാല്‍ ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന യാത്രക്കാര്‍ക്ക് ഇവിടെ വെയിലും മഴയുമേല്ക്കാതെ നില്ക്കാന് കഴിയും. നിലവില്‍ ഈ കെട്ടിടം സ്വകാര്യ വ്യക്തികളുടെ ഇരുചക്ര വാഹനങ്ങളടക്കമുള്ള വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനുള്ള കേന്ദ്രമായി മാറി.
ഇപ്പോള്‍ രാത്രിയും പകലും മദ്യപാനികളുടെ കേന്ദ്രമാണിത്. കെട്ടിടം അടിയന്തരമായി വൃത്തിയാക്കി യാത്രക്കാര്‍ക്ക് പ്രയോജനകരമാകുന്ന തരത്തില്‍ തുറന്നുകൊടുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: