Kerala

ദിവ്യ ബുധനാഴ്ച ജാമ്യാപേക്ഷ സമര്‍പ്പിക്കും, എതിര്‍ക്കുമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ

അന്വേഷണസംഘം കസ്റ്റഡി അപേക്ഷയും ഉടന്‍ സമര്‍പ്പിച്ചേക്കും

Published by

കണ്ണൂര്‍: എഡിഎം കെ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണ കേസില്‍ റിമാന്‍ഡിലായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ബുധനാഴ്ച ജാമ്യാപേക്ഷ സമര്‍പ്പിക്കും.അതേസമയം, പി പി ദിവ്യയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാനാണ് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ തീരുമാനം. ജാമ്യാപേക്ഷയ്‌ക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യ മഞ്ജുഷ കക്ഷിചേരും.ദിവ്യയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

അന്വേഷണസംഘം കസ്റ്റഡി അപേക്ഷയും ഉടന്‍ സമര്‍പ്പിച്ചേക്കും. കസ്റ്റഡി ആവശ്യം പൊലീസ് നിലവില്‍ പരസ്യമായി ഉന്നയിച്ചിട്ടില്ല.

തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തളളിയതിനെ തുടര്‍ന്നാണ് പൊലീസുമായുണ്ടാക്കിയ ധാരണ പ്രകാരം പി പി ദിവ്യ കീഴടങ്ങിയത്. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ ദിവ്യ ഒളിവിലായിരുന്നു. മുന്‍പ് ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ നിയമതടസമില്ലാതിരുന്ന ഘട്ടത്തില്‍ പോലും ദിവ്യയെ അന്വേഷണസംഘം അറസ്റ്റ് ചെയ്യാതിരുന്നതിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.എന്നാല്‍ ദിവ്യ പൊലീസ് നിരീക്ഷണത്തിലായിരുന്നു എന്നാണ് പൊലീസ് കമ്മീഷണറുടെ ന്യായം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക