കോഴിക്കോട്: ‘സ്വ’ വിജ്ഞാനോത്സവം മാധ്യമങ്ങളെ സംബന്ധിച്ചും ചര്‍ച്ച ചെയ്യും. ‘മാധ്യമങ്ങള്‍ കാവല്‍നായ’കളോ ‘മാധ്യമപ്രവര്‍ത്തകര്‍ ഇറച്ചിക്കടയ്ക്കു മുന്നിലെ നായ’കളോ എന്ന തര്‍ക്കം മൂര്‍ച്ഛിക്കുമ്പോള്‍ ‘മാധ്യമങ്ങള്‍ എങ്ങോട്ട്’ എന്ന വിഷയത്തില്‍ ‘സ്വ’ വിജ്ഞാനോത്സവത്തില്‍ സെമിനാര്‍. ജന്മഭൂമിയുടെ സുവര്‍ണ ജൂബിലി വര്‍ഷാഘോഷങ്ങളുടെ ഉദ്ഘാടനമാണ് ‘സ്വ’. നവംബര്‍ മൂന്ന് മുതല്‍ ഏഴ് വരെ, കോഴിക്കോട്ട് സരോവരം പാര്‍ക്കിലെ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് ‘സ്വ’ വിജ്ഞാനോത്സവം.
‘മാധ്യമങ്ങള്‍ എങ്ങോട്ട്’ എന്ന സെമിനാര്‍ പ്രമുഖ പത്രപ്രവര്‍ത്തകനും ഗ്രന്ഥകാരനും തുഗ്ലക് പത്രത്തിന്റെ എഡിറ്ററുമായ എസ്. ഗുരുമൂര്‍ത്തി ഉദ്ഘാടനംചെയ്യും. മുന്‍ കേന്ദ്ര ഐടി മന്ത്രിയും പ്രമുഖ മാധ്യമ സംരംഭകനും ഐടി വിദഗ്ധനുമായ ഡോ. രാജീവ് ചന്ദ്രശേഖര്‍, മുതിര്‍ന്ന പത്രപ്രവര്ത്തകന് എം.ജി. രാധാകൃഷ്ണന്, മാഗ്കോം ഡയറക്ടറും കോഴിക്കോട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമായ എ.കെ. അനുരാജ്, ജന്മഭൂമി മുന്‍ എഡിറ്ററും ബിജെപി വക്താവുമായ കെ.വി.എസ്. ഹരിദാസ് എന്നിവര്‍ പങ്കെടുക്കും. ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്. നമ്പൂതിരി അദ്ധ്യക്ഷനാകും. നവംബര്‍ അഞ്ചിന് രാവിലെ 11നാണ് സെമിനാര്‍.
മാറുന്ന പ്രവണതകള്‍ എന്ന വിഷയത്തില്‍ നടക്കുന്ന സാഹിത്യ സെമിനാര്‍ നവംബര്‍ നാലിന് രാവിലെ 11 ന് ന്യൂദല്‍ഹിയിലെ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്സ് ഡയറക്ടര്‍ സച്ചിദാനന്ദ ജോഷി ഉദ്ഘാടനം ചെയ്യും.
തത്വചിന്തകനും സാഹിത്യ വിമര്‍ശകനുമായ ആഷാ മേനോന്, ദല്‍ഹി സര്‍വകലാശാലാ മലയാള വിഭാഗം തലവന്‍ ഡോ.പി.ശിവപ്രസാദ്, സാമൂതിരി ഗുരുവായൂരപ്പന് കോളജ് ഗവേഷണ വിഭാഗം തലവന്‍ ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്, കേസരി മുഖ്യപത്രാധിപരും കവിയും നാടകകൃത്തുമായ ഡോ.എന്‍.ആര്. മധു എന്നിവര്‍ പങ്കെടുക്കും. സാഹിത്യ നിരൂപകന് കെ.എം. നരേന്ദ്രന് അദ്ധ്യക്ഷനാകും.
തുറമുഖ വികസനമുള്‍പ്പെടെ സമുദ്ര സമ്പദ് മേഖലയുടെ സാമ്പത്തിക ഘടനയെ സുഭദ്രമാക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന രാജ്യത്തെ ബ്ലൂ റവല്യൂഷന് ചര്‍ച്ച ചെയ്യുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നത് കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ന്യൂനപക്ഷ ക്ഷേമ വകുപ്പു സഹമന്ത്രി ജോര്‍ജ് കുര്യനാണ്. മത്സ്യമേഖലയിലെ സാധ്യതകളും പ്രതിസന്ധികളും, മത്സ്യമേഖലയിലെ സാമ്പത്തിക ശാക്തീകരണം, സുസ്ഥിര മത്സ്യബന്ധനം എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. കുഫോസ് ഡീനും പ്രൊഫസറുമായ ഡോ. സുരേഷ് കുമാര്‍, സിഐഎഫ്ടി പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ആശാലത, എംപിഇഡി നെറ്റ്വര്‍ക്ക് ഫോര്‍ ഫിഷ് ക്വാളിറ്റി മാനേജ്മെന്റ് കോര്‍ഡിനേറ്റര്‍ സംഗീത.എന്‍.ആര് എന്നിവര്‍ പങ്കെടുക്കും.
ശാസ്ത്ര വിഷയങ്ങളില്‍ ഐഎസ്ആര്‍ഒ, കൊച്ചിന് ഷിപ്യാഡ് തുടങ്ങിയവയുടെ പ്രദര്‍ശനം, കലാപരിപാടികള്‍ തുടങ്ങിയവയും ‘സ്വ’യിലുണ്ട്. പരിപാടികള്‍ക്കെല്ലാം പ്രവേശനം സൗജന്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: