India

ത്രിപുരയിൽ കൂടുതൽ ശക്തമാകാനൊരുങ്ങി ബിജെപി ; അംഗത്വ കാമ്പയിന് മികച്ച പ്രതികരണം ; ആഭ്യന്തര തെരഞ്ഞെടുപ്പിനൊരുങ്ങി പാർട്ടി

പാർട്ടിയുടെ അംഗത്വ യജ്ഞം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും ബൂത്ത് തലം മുതൽ സംസ്ഥാന തലം വരെയുള്ള സംഘടനാ തിരഞ്ഞെടുപ്പിന് തയ്യാറാണെന്നും സംസ്ഥാന ബിജെപി മീഡിയ ഇൻ ചാർജ് സുനിത് സർക്കാർ പറഞ്ഞു

Published by

അഗർത്തല : ത്രിപുര ബിജെപിയിലെ ആഭ്യന്തര തിരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസറായി മുതിർന്ന നേതാവ് സമരന്ദ്ര ചന്ദ്ര ദേബിനെ നിയമിച്ചതായി പാർട്ടി സംസ്ഥാന അധ്യക്ഷൻ റജീബ് ഭട്ടാചാരി അറിയിച്ചു.  സംസ്ഥാന ജനറൽ സെക്രട്ടറി ബിപിൻ ദേബ്‌നാഥ്, എംഎൽഎ മലിന ദേബ്നാഥ് എന്നിവരെ സംഘടനാ തിരഞ്ഞെടുപ്പിന് കോ-റിട്ടേണിംഗ് ഓഫീസർമാരായും നിയമിച്ചിട്ടുണ്ട്.

പാർട്ടി ദേശീയ റിട്ടേണിംഗ് ഓഫീസർ കെ. ലക്ഷ്മണാണ് ഇവരെ നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ബിജെപിയുടെ സംഘടനാ തെരഞ്ഞെടുപ്പിന്റെ ഷെഡ്യൂൾ ഇനിയും പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ താൻ ഇപ്പോൾ ദൽഹിയിലുണ്ടെന്ന് ഭട്ടാചാരി പറഞ്ഞു. പാർട്ടിയുടെ അംഗത്വ യജ്ഞം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും ബൂത്ത് തലം മുതൽ സംസ്ഥാന തലം വരെയുള്ള സംഘടനാ തിരഞ്ഞെടുപ്പിന് തയ്യാറാണെന്നും സംസ്ഥാന ബിജെപി മീഡിയ ഇൻ ചാർജ് സുനിത് സർക്കാർ പറഞ്ഞു.

ബൂത്ത്, മണ്ഡലം, ജില്ലാ, സംസ്ഥാന കമ്മിറ്റികളുടെ പ്രസിഡൻ്റുമാരായി തിരഞ്ഞെടുക്കപ്പെടാൻ കുറഞ്ഞത് 50 ജനറൽ അംഗങ്ങളെയെങ്കിലും ചേർക്കാൻ കഴിഞ്ഞിട്ടുള്ള സജീവ അംഗങ്ങൾക്ക് മാത്രമേ അർഹതയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് 12 ലക്ഷം എന്ന ലക്ഷ്യത്തിൽ എത്തുമെന്നും പാർട്ടിയുടെ അംഗത്വം ഇതിനകം ആറ് ലക്ഷം പേർ എടുത്തതായും മുഖ്യമന്ത്രി മണിക് സാഹ ഞായറാഴ്ച പറഞ്ഞിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക