കണ്ണൂര്‍: കോര്‍പ്പറേഷന്‍ പരിധിയില്‍ ബുധനാഴ്ച ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ദുരൂഹ മരണത്തിന് കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ 6 മണി മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍.
അവശ്യ സര്‍വീസുകളെയും വാഹനങ്ങളെയും ഹോട്ടലുകളെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.എഡിഎമ്മിന്റെ മരണത്തിന് പിന്നില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആവശ്യമുന്നയിച്ചിരുന്നു.
ക്ഷണിക്കാതെ യാത്രയയപ്പ് ചടങ്ങിനെത്തി തങ്ങളുടെ വരുതിയില്‍ നില്‍ക്കാത്ത ഉദ്യോഗസ്ഥനെ മനപൂര്‍വം പരസ്യമായി അധിക്ഷേപിക്കുയായിരുന്നുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ജില്ലാപഞ്ചായത്തിലെ സ്ഥാനം രാജിവെച്ച് പി.പി. ദിവ്യ നിയമനടപടി നേരിടണമെന്നും ആത്മഹത്യാപ്രേരണക്കും നരഹത്യക്കും കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം,എഡിഎം കെ നവീന്‍ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ന്യായീകരിക്കുകയാണ് സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം.പി പി ദിവ്യ പറഞ്ഞ കാര്യങ്ങള്‍ അഴിമതിക്കെതിരായ സദുദേശപരമായ വിമര്‍ശനം മാത്രമെന്നാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറയുന്നത്.
എന്നാല്‍ യാത്രയയപ്പ് യോഗത്തില്‍ നടത്തിയ പരമാര്‍ശം ഒഴിവാക്കേണ്ടതായിരുന്നു എന്നും സി പി എം ജില്ലാ നേതൃത്വം വിശദീകരിക്കുന്നു.
നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ച് മടങ്ങാനിരിക്കെയാണ് നവീനെ കണ്ണൂരിലുളള താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.നവീന്‍ ബാബുവിന് പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിച്ചപ്പോള്‍ സഹപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച യാത്രയയപ്പിലാണ് പി പി ദിവ്യ നവീനെ വേദിയിലിരുത്തി അഴിമതി ആരോപണം ഉന്നയിച്ചത്. ഒരു പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബു അഴിമതി നടത്തിയെന്ന് സൂചിപ്പിച്ചായിരുന്നു പിപി ദിവ്യയുടെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: