ന്യൂദല്‍ഹി: സൈബര്‍ തട്ടിപ്പുകള്‍ക്കായി ഭാരതീയരെ ലാവോസിലേക്ക് അയച്ചതിനു പിന്നില്‍ അഞ്ച് പേരടങ്ങുന്ന സംഘം. ചൈനീസ് തട്ടിപ്പുകള്‍ക്കായി ഭാരതീയരെ അയക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങള്‍ക്കെതിരേ എന്‍ഐഎ പ്രത്യേക കോടതിയില്‍ നല്കിയ കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കമ്രാന്‍ ഹൈദര്‍, മന്ജൂര് ആലം, സാഹില്‍, ആശിഷ്, പവന് യാദവ് എന്നിവര്‍ക്കെതിരെയാണ് ബുധനാഴ്ച കുറ്റപത്രം സമര്‍പ്പിച്ചത്.
ലാവോസിലെ ചൈനീസ് കമ്പനിയില്‍ മാര്‍ക്കറ്റിങ് എക്സിക്യൂുട്ടീവ്, കസ്റ്റമര്‍ സപ്പോര്‍ട്ട് സര്‍വീസ് തസ്തികകള്‍ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് സംഘങ്ങള്‍ ആളുകളെ റിക്രൂട്ട് ചെയ്തിരുന്നത്. നൂറിലധികം മലയാളികളാണ് തട്ടിപ്പിനിരയായത്. തട്ടിക്കൂട്ട് ഇന്റര്‍വ്യൂ നടത്തി ഇരകളില്‍ നിന്ന് വന്‍ തുക ഓണ്‍ലൈന്‍ ആയി വാങ്ങിക്കും. ലാവോസില്‍ എത്തിയാല്‍ ഇവരെ മറ്റു കമ്പനികള്‍ക്കായി വില്‍ക്കും. ലാവോസിലെ ഗോള്‍ഡന്‍ ട്രയാംഗിള്‍ സ്പെഷല്‍ ഇക്കണോമിക് മേഖലയിലെ കോള്‍ സെന്റര്‍- ക്രിപ്റ്റോ കറന്‍സി തട്ടിപ്പിലാണ് ഈ ഇരകളെ പങ്കാളികളാക്കുന്നത്.
ജോലി ചെയ്യാന്‍ വിസമ്മതിച്ചാല്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കും. യൂറോപ്യന്‍, അമേരിക്കന്‍ പൗരന്മാരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പുകള്‍ നടത്താനാണ് പ്രധാനമായും യുവാക്കളെ നിര്‍ബന്ധിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മനുഷ്യക്കടത്തുകാരുടെ ശൃംഖല കണ്ടെത്തിയതായും എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
രണ്ടുമാസം മുന്‍പ് രണ്ടു പേരെ കൊച്ചിയില്‍ നിന്ന് പിടികൂടിയിരുന്നു. ലാവോസിലെ ചൈനീസ് കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് നൂറിലധികം പേരെയാണ് കൊച്ചിയില്‍ നിന്നും കടത്തിയത്. അലി ഇന്റര്‍നാഷണല്‍ സര്‍വീസസ് എന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിലൂടെയാണ് തട്ടിപ്പ് മുഖ്യമായും നടത്തിയത്. പവന് യാദവാണ് ആളുകളെ കണ്ടെത്തി അവരില്‍ നിന്നും പണം ഈടാക്കിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: