ആരെയും വെറുപ്പിക്കാത്ത ബിസിനസുകാരന്‍- അതാണ് ജനപ്രിയ ശതകോടീശ്വരനായ രത്തൻ ടാറ്റ. വിജയത്തിന്റെ പടവുകൾ ഒന്നൊന്നായി കയറുമ്പോഴും തന്റെ ഉള്ളിലെ മനുഷ്യത്വവും, സഹജീവി സ്നേഹവും മനസ്സിൽ സൂക്ഷിച്ച ആ മനുഷ്യനെ നോക്കി ലോകം പലപ്പോഴും അത്ഭുതപ്പെട്ടു.
അതിസമ്പന്ന പാഴ്സി കുടുംബത്തിലായിരുന്നു രത്തൻ ടാറ്റയുടെ ജനനമെങ്കിലും പത്ത് വയസ്സുള്ളപ്പോള്‍ അച്ഛനും അമ്മയും പിരിഞ്ഞു. അനാഥനായ രത്തന്‍ ടാറ്റയെ അമ്മൂമ്മ നവാജ്ബായ് ദത്തെടുത്തു വളര്‍ത്തി. 1940കളില്‍ വിവാഹമോചനം നേടിയ മാതാപിതാക്കളുടെ അനാഥ ബാലന്‍ എന്നത് വലിയ പരിഹാസത്തിന് കാരണമാകുമായിരുന്നു. എന്നാല്‍ ധീരയായ അമ്മൂമ്മയാണ് അന്ന് തളര്‍ന്നുപോയ രത്തന്‍ ടാറ്റയില്‍ ആത്മവിശ്വാസം നിറച്ചത്. അമേരിക്കയിലായിരുന്നു ആര്‍ക്കിടെക്ച്ചര്‍ പഠനം.പക്ഷെ അദ്ദേഹം മനസ്സുകൊണ്ട് കൂടുതല്‍ അടുത്തത് അമേരിക്കയേക്കാള്‍ പാരമ്പര്യവും സംസ്കാരവും അവകാശപ്പെടുന്ന ബ്രിട്ടനോടാണ്.
ഇതിനിടെ മൊട്ടിട്ട പ്രണയം നിരാശയായി. ഇതോടെ പിന്നെ വിവാഹമെ വേണ്ടെന്ന് വച്ചു. പിന്നീട് മൂന്ന് തവണ കൂടി രത്തന്‍ ടാറ്റ വിവാഹം കഴിക്കാന്‍ ശ്രമിച്ചു. പക്ഷെ അപ്പോഴൊക്കെ ഓരോരോ കാരണങ്ങളാല്‍ അത് അലസി. രത്തന്‍ ടാറ്റയുടെ പ്രണയിനികളുടെ കൂട്ടത്തില്‍ പറയപ്പെട്ടിരുന്ന ഗോസിപ് പേരുകളില്‍ ടിവി ആങ്കറും നടിയുമായ സിമി ഗരേവാളിന്റെ പേരും ഉണ്ടായിരുന്നു. ഇന്ത്യയില്‍ മടങ്ങിയെത്തി അദ്ദേഹം ജാംഷെഡ്പൂരില്‍ ടാറ്റാ സ്റ്റീലില്‍ ജോലിയ്‌ക്ക് കയറി. പിന്നാലെ ടാറ്റയുടെ ഉന്നത പദവികളിലേക്ക്.
തുടക്കത്തില്‍ കൈവെച്ച സംരംഭങ്ങളിലെല്ലാം ലാഭം നേടിയെങ്കിലും പിന്നീട് അവ അടച്ചുപൂട്ടേണ്ടി വന്നു. അപ്പോഴും ടാറ്റാ സണ്‍സ് ചെയര്‍മാനായിരുന്ന ജെ.ആർ.ഡി ടാറ്റയ്‌ക്ക് രത്തനില്‍ പൂര്‍ണ വിശ്വാസമായിരുന്നു. ജീവിതത്തിലെ ഉയര്‍ച്ച താഴ്‌ച്ചകള്‍ നമ്മെ മുന്നോട്ടു കൊണ്ടു പോകാന്‍ പ്രധാനമാണ്. കാരണം ഇസിജിയില്‍ പോലും ഒരു നേര്‍രേഖ ജീവിച്ചിരിപ്പില്ല. ഇതായിരുന്നു തിരിച്ചടികളില്‍ രത്തന്റെ കാഴ്ചപ്പാട്.
രത്തന്‍ ടാറ്റയുടെ അച്ഛന്‍ നവാൻ ഹോർമുസ്ജി രണ്ടാമത് വിവാഹം കഴിച്ചത് ജനീവയില്‍ നിന്നും 23ാം വയസ്സില്‍ ഇന്ത്യയില്‍ ടൂറിസ്റ്റായി എത്തിയ സൈമണ്‍ ടാറ്റയെ ആയിരുന്നു. സൈമണ്‍ പിന്നീട് വ്യവസായസംരംഭത്തിലുള്ള തന്റെ കഴിവ് തെളിയിച്ചു. ലാക്മെ, ട്രെന്‍റ്, ലാന്‍റ് മാര്‍ക് തുടങ്ങിയ വന്‍ ബിസിനസ് സംരംഭങ്ങള്‍ സൈമണ്‍ ടാറ്റ കെട്ടിപ്പൊക്കി. അത് രത്തന്‍ ടാറ്റയ്‌ക്ക് പ്രചോദനമായി.
1991ല്‍ ജെ.ആർ.ഡി ടാറ്റ പടിയിറങ്ങിയപ്പോള്‍ പിന്‍ഗാമിയായി. ടാറ്റാ സ്റ്റീല്‍, ടാറ്റാ ടീ, ടാറ്റാ കെമിക്കല്‍സ്, ടാറ്റാ ഹോട്ടല്‍സ് തുടങ്ങിയ ടാറ്റാ കമ്പനികളുടെ തലപ്പത്തിരുന്നവരെയെല്ലാം ഞെട്ടിച്ചയിരുന്നു സ്ഥാനാരോഹണം. പിന്നീട് ടാറ്റയില്‍ രത്തന്റെ സമ്പൂര്‍ണ ആധിപത്യം. അധികാരവും സമ്പത്തും പ്രധാന ഓഹരികളല്ലെന്ന് ജീവിതത്തിലൂടെ തെളിയിച്ചു. രത്തന്‍ ടാറ്റയാണ് ടാറ്റാ ഗ്രൂപ്പിനെ അന്താരാഷ്‌ട്ര ബ്രാന്‍റാക്കി മാറ്റുന്നതില്‍ വലിയൊരു പങ്ക് വഹിച്ചത്. ടെറ്റ്ലെ തേയില എന്ന ബ്രിട്ടീഷ് കമ്പനിയെ സ്വന്തമാക്കിയും നെതര്‍ലാന്‍റ്സില്‍ നിന്നുള്ള കോറസ് സ്റ്റീല്‍ കമ്പനിയെ ഏറ്റെടുത്തും ജാഗ്വാര്‍ ലാന്‍റ് റോവര്‍ എന്ന ബ്രിട്ടീഷ് ലക്ഷ്വറി കാര്‍ ബ്രാന്‍റിനെ വിലയ്‌ക്ക് വാങ്ങിയും രത്തന്‍ ടാറ്റ ഇന്ത്യയ്‌ക്കകത്തെയും പുറത്തേയും ബിസിനസുകാരെ ഞെട്ടിച്ചു. ടാറ്റ ഒരു ഇന്ത്യന്‍ കമ്പനി എന്ന നിലയില്‍ നിന്നും ആഗോളബ്രാന്‍റായി പരിവര്‍ത്തനം ചെയ്യുകയായിരുന്നു. . ആയിരക്കണക്കിന് വിദേശ ജോലിക്കാര്‍ ടാറ്റാ ഗ്രൂപ്പില്‍ ചേര്‍ന്ന് ജോലി ചെയ്തു. ടിസിഎസ് എന്ന കംപ്യൂട്ടര്‍ കമ്പനിയുടെ വിജയത്തിന് പിന്നിലും രത്തന്‍ ടാറ്റ തന്നെ. ടാറ്റാ സ്റ്റീല്‍, ടാറ്റാ കെമിക്കല്‍സ്, ടൈറ്റന്‍, ടാറ്റ കണ്‍സ്യമര്‍ പ്രോഡക്ട്, ഇന്ത്യന്‍ ഹോട്ടല്‍സ്, ടാറ്റാ മോട്ടോഴ്സ്, തുടങ്ങി നിരവധി ബ്രാന്‍റുകള്‍ക്ക് പിന്നില്‍ രത്തന്‍ ടാറ്റയുടെ കരങ്ങളുണ്ട്. വാസ്തവത്തില്‍ ഉപ്പു തൊട്ട് വിമാനം വരെയുടെ ടാറ്റാ ഉല്‍പന്നങ്ങള്‍ക്കെല്ലാം പിന്നില്‍ രത്തന്‍ ടാറ്റയുടെ ബിസിനസ് ബുദ്ധിയും ദൂരക്കാഴ്ചയുമുണ്ട്.
ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ കൈവെച്ച ടാറ്റ, ഒരു ലക്ഷം രൂപയ്‌ക്ക് കാറെന്ന സ്വപ്നം സാക്ഷാത്കരിച്ചപ്പോള്‍ ചിരിച്ചത് രത്തന്‍ ടാറ്റയായിരുന്നു.പക്ഷെ നാനോ കാറിന് വിജയിക്കാനായില്ല എന്നത് വലിയൊരു കടമായി രത്തന്‍ ടാറ്റയുടെ മനസ്സില്‍ കിടന്നു. ആദ്യം ഫാക്ടറി ബംഗാളില്‍ സ്ഥാപിക്കാനൊരുങ്ങിയപ്പോള്‍ അതിനെ സമരം ചെയ്ത് തോല്‍പിച്ചത് മമത ബാനര്‍ജിയായിരുന്നു. പിന്നീട് രത്തന്‍ ടാറ്റയ്‌ക്ക് നാനോ കാര്‍ ഫാക്ടറി മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റി സ്ഥാപിക്കേണ്ടിവന്നു. ഇപ്പോള്‍ നാനോ കാറിനെ ഇലക്ട്രിക് കാറാക്കി വിലകുറച്ച് വിപണിയില്‍ ഇറക്കാനുള്ള ശ്രമത്തിലായിരുന്നു ടാറ്റ.
രത്തന്റെ കീഴില്‍ ടാറ്റയുടെ ആസ്തി 40 മടങ്ങ് വര്‍ധിച്ചു. ലാഭം അൻപത് ഇരിട്ടിയായി. നേട്ടങ്ങളുടെ നെറുകൈയില്‍ പത്മവിഭൂഷന്‍ അടക്കമുളള പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. 1991 മുതല്‍ 2012വരെ ചെയര്‍മാനായിരുന്ന ടാറ്റ 2016ല്‍ ഇടക്കാല ചെയര്‍മാനായും പ്രവര്‍ത്തിച്ചു. രത്തന്‍ ജീവിതത്തില്‍ നിന്ന് വിട വാങ്ങുമ്പോള്‍ ഇന്ത്യന്‍ വ്യവസായ രംഗത്തിന് നഷ്ടമാവുന്നത് നൈതികത ഉയര്‍ത്തിപ്പിടിച്ച ഒരു ക്രാന്തദര്‍ശിയെയാണ്.
ഏറ്റവുമൊടുവില്‍ പ്രായമേറെയായിട്ടും പുതിയ ബിസിനസ് ആശയങ്ങളോട് അടങ്ങാത്ത ആവേശമായിരുന്നു. അതാണ് പല സ്റ്റാര്‍ട്ടപ്പുകളിലും പണം നിക്ഷേപിക്കാന്‍ ടാറ്റയെ പ്രേരിപ്പിച്ചത്. അത് പലതും വന്‍വിജയങ്ങളായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: