ന്യൂദല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷ(ഐഒഎ)നിലെ 12 എക്സിക്യൂട്ടീവ് അംഗങ്ങള്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റി(ഐഒസി)ക്ക് കത്തയച്ചതില്‍ പ്രതികരണവുമായി ഐഒഎ അധ്യക്ഷ പി.ടി. ഉഷ. കായിക രംഗത്ത് ഭാരതം നേടിയെടുത്തുകൊണ്ടിരിക്കുന്ന പുരോഗതിയും മുന്നേറ്റവും തടസ്സപ്പെടുത്തുന്നവരാണ് കത്തിന് പിന്നിലെന്ന് ഉഷ പറഞ്ഞു.
രാജ്യത്തെ ഓരോ അത്ലറ്റിന്റെയും അവര്‍ക്കായി കഠിനാദ്ധ്വാനം ചെയ്യുന്ന ഓരോരുത്തരുടെയും പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തിലാണ് എക്സിക്യൂട്ടീവ് അംഗങ്ങളുടെ പ്രവര്‍ത്തനമെന്ന് എക്സില്‍ കുറിച്ച വിശദീകരണത്തില്‍ ഉഷ പറഞ്ഞു.
ഐഒഎയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫീസറായി രഘുരാം അയ്യരെ നിയമിച്ചതിനെ ചൊല്ലിയാണ് ഐഒഎയില്‍ തര്‍ക്കം ഉടലെടുത്തത്. ഈ നിയമനം കഴിഞ്ഞ ജനുവരിയില്‍ തീരുമാനിച്ചതാണെന്ന് ഉഷ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല ഐഒഎ ഭരണഘടന പ്രകാരം കൂടുതല്‍ നീട്ടിവയ്ക്കാനാകാത്തതിനാലാണ് സിഇഒയെ നിയമിച്ചത്.
കത്ത് ഐഒസി തള്ളിക്കളഞ്ഞതായാണ് സൂചന. സിഇഒ നിയമനം ഐഒഎയുടെ ആഭ്യന്തരവിഷയമാണെന്നും അതില്‍ ഇടപെടാനാകില്ലെന്നും കത്തയച്ചവരെ ഐഒസി അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: