ന്യൂദല്‍ഹി: ഭാരതീയ ജനസംഘസ്ഥാപകനും ഏകാത്മ മാനവ ദര്‍ശനത്തിന്റെ ഉപജ്ഞാതാവുമായ പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായക്ക് ജന്മദിനത്തില് രാഷ്ട്രത്തിന്റെ പ്രണാമം.
ദീന്‍ദയാല്‍ ഉപാധ്യായയുടെ അന്ത്യോദയ എന്ന ആശയം വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുന്നതില്‍ വിലമതിക്കാനാകാത്ത പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജന്മദിനത്തില് അദ്ദേഹത്തിന് ആദരപൂര്‍വം ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നതായും പ്രധാനമന്ത്രി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
ദീന്‍ദയാല്‍ ഉപാധ്യായ തന്റെ ജീവിതം പൂര്‍ണമായും രാഷ്ട്രസേവനത്തിനും ജനങ്ങളുടെ ഉന്നമനത്തിനുമായി സമര്‍പ്പിച്ചതായി ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെ.പി. നഡ്ഡ അഭിപ്രായപ്പെട്ടു. അന്ത്യോദയ എന്ന മന്ത്രവുമായി രാജ്യത്തെ അധഃസ്ഥിത വിഭാഗങ്ങളുടെ പുരോഗതിക്കും രാഷ്ട്രത്തിന്റെ സ്വാശ്രയത്വത്തിനും അദ്ദേഹം കാട്ടിത്തന്ന മാതൃക പിന്‍പറ്റി കേന്ദ്രസര്‍ക്കാര്‍ ഈ നിരയിലെ അവസാനത്തെ ആളുടെ ജീവിതത്തിലും പുരോഗതി കൊണ്ടു വരുന്നു. അദ്ദേഹത്തിന്റെ സംന്യാസജീവിതവും മനുഷ്യക്ഷേമത്തിനും രാഷ്ട്രനിര്‍മ്മാണത്തിനും വേണ്ടിയുള്ള അചഞ്ചലമായ സമര്‍പ്പണവും നമുക്ക് വഴിയൊരുക്കിക്കൊണ്ടേയിരിക്കുമെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ദല്‍ഹിയിലെ ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നഡ്ഡയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കളും ഭാരവാഹികളും ദീന്‍ദയാല്‍ ഉപാധ്യായക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ദീന്‍ദയാല്‍ ഉപാധ്യായയുടെ പ്രതിമയില്‍ ഹാരമണിയിച്ച നഡ്ഡ ജന്മദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആരോഗ്യ പരിശോധന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: