ചണ്ഡീഗഡ്: കോൺഗ്രസിനെ ദളിത് വിരുദ്ധ പാർട്ടിയെന്ന് വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുമാരി സെൽജയെയും മുൻ നേതാവായിരുന്ന അശോക് തൻവാറിനെയും പോലുള്ള ദളിത് വിഭാഗത്തിൽപ്പെട്ട കോൺഗ്രസ് നേതാക്കളെ അവർ അപമാനിച്ചുവെന്നും അദ്ദേഹം തുറന്നടിച്ചു. ഒക്‌ടോബർ അഞ്ചിന് നടക്കുന്ന ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തോഹാനയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഷാ.
ദളിത് നേതാക്കളായ അശോക് തൻവാറിനേയും സെൽജയേയും കോൺഗ്രസ് എല്ലായ്‌പ്പോഴും അവഹേളിച്ചുവെന്നും പറഞ്ഞു. ദളിത് നേതാവ് സെൽജ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിട്ടുനിൽക്കുന്നതാണ് അമിത് ഷായെ ഇത്തരത്തിൽ പറയാൻ പ്രേരിപ്പിച്ചത്.
കൂടാതെ സംവരണത്തെക്കുറിച്ചുള്ള പരാമർശത്തിന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച ഷാ സംവരണം സംരക്ഷിക്കാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമാണെന്നും പറഞ്ഞു. വികസനത്തിന് ശേഷം സംവരണം ആവശ്യമില്ലെന്ന് രാഹുൽ ഗാന്ധി അമേരിക്കയിൽ പറഞ്ഞു. വികസനത്തിന് ശേഷം കോൺഗ്രസ് സംവരണം നീക്കം ചെയ്യുമെന്നാണ് പറയുന്നത്.
എന്നാൽ നമ്മുടെ ഹരിയാന പൂർണമായും വികസിത സംസ്ഥാനമാണ്. നിങ്ങൾക്ക് സംവരണം വേണോ വേണ്ടയോ എന്ന് യോഗത്തിൽ ജനങ്ങളോടായി ചോദിച്ചു. എസ്‌സി, ഒബിസി സംവരണത്തെ സംരക്ഷിക്കാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: