കറാച്ചി: പാകിസ്ഥാനിലെ കോടതി മതനിന്ദ കേസില്‍ ഒരു ക്രിസ്ത്യന്‍ സ്ത്രീയെ വധശിക്ഷയ്‌ക്ക് വിധിച്ചു.2020 സെപ്റ്റംബറില്‍ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇസ്‌ലാമിന്റെ പ്രവാചകനെക്കുറിച്ച് അപകീര്‍ത്തികരമായ കാര്യങ്ങള്‍ പങ്കുവെച്ചതിന് ഷൗട്ട കരണിനെയാണ് കൊല്ലാന്‍ കോടതി ഉത്തരവിട്ടത്. ഇതിന് പുറമെ ഏഴ് വര്‍ഷം തടവും ആയിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
നാല് കുട്ടികളുടെ അമ്മയായ കരണ്‍ ജാമ്യം തേടിയിരുന്നു. എന്നാല്‍ വിചാരണ കോടതിയിലും ഇസ്ലാമാബാദ് ഹൈക്കോടതിയിലും അവരുടെ അപേക്ഷ നിരസിക്കപ്പെട്ടു. തുടര്‍ന്നാണ് കോടതി വധശിക്ഷ വിധിച്ചത്.
വിധി വന്ന് 30 ദിവസത്തിനകം ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ പ്രതിക്ക് അവകാശമുണ്ടെന്ന് ജഡ്ജി ഉത്തരവില്‍ പറഞ്ഞു. പ്രവാചകനെയും ഇസ്ലാം മതത്തെയും അപമാനിച്ച കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട രണ്ടാമത്തെ ക്രിസ്ത്യന്‍ വനിതയാണ് കരണ്‍.
നേരത്തെ, മതനിന്ദ കുറ്റത്തിന് വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട ആസിയ ബീബിയെ എട്ട് വര്‍ഷത്തോളം ജയിലില്‍ അടച്ചിരുന്നു, എന്നാല്‍ പാകിസ്ഥാന്‍ സുപ്രീം കോടതി 2018 ഒക്ടോബറില്‍ അവരെ കുറ്റവിമുക്തയാക്കി.കുറ്റവിമുക്തയായതിന് ശേഷം ബീബി കുടുംബത്തോടൊപ്പം കാനഡയിലേക്ക് താമസം മാറി.
സിന്ധ് പ്രവിശ്യയില്‍ മതനിന്ദ ആരോപിച്ച് ഒരു ഡോക്ടറെ കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ പൊലീസ് വെടിവെച്ചുകൊന്നു. ഒരാഴ്ചയ്‌ക്കിടെ ഇത്തരത്തില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ഇതിനെതിരെ മനുഷ്യാവകാശ ഗ്രൂപ്പുകള്‍ കടുത്ത വിമര്‍ശനമുയര്‍ത്തി.സിന്ധിലെ ഉമര്‍കോട്ട് ജില്ലയില്‍ ഡോ. ഷാനവാസ് കന്‍ഭറാണ് കൊല്ലപ്പെട്ടത്. ഇസ്ലാമിന്റെ പ്രവാചകന്‍ മുഹമ്മദിനെ അപമാനിച്ചതിനും മതനിന്ദാപരമായ ഉള്ളടക്കം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനും ആക്ഷേപം നേരിട്ട കന്‍ഭര്‍ ഒളിവില്‍ പോയിരുന്നു. മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന അദ്ദേഹത്തെ പോലീസ് വെടിവെയ്‌ക്കുകയായിരുന്നു.
1980 കളില്‍ മുന്‍ സൈനിക ഭരണാധികാരി സിയാ വുള്‍ ഹഖാണ് മതനിന്ദ നിയമം കൊണ്ടുവന്നത്. മതനിന്ദ കുറ്റം ചുമത്തപ്പെട്ടവരെ പലപ്പോഴും തീവ്രവാദികള്‍ ലക്ഷ്യമിടുന്നു. 1994 നും 2023 നും ഇടയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മതനിന്ദ ആരോപിച്ച് 94 പേര്‍ കൊല്ലപ്പെട്ടു. ഈ വർഷം ജനുവരി മുതൽ പാക്കിസ്ഥാനിലുടനീളം മതനിന്ദ ആരോപിച്ച് ഏഴുപേരെങ്കിലും വ്യക്തികളോ ജനക്കൂട്ടമോ കൊലപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: