ബെയ് ജിംഗ് : ഷട്ടിലില്‍ സെയ്ന നെഹ് വാളിന് ശേഷം സിന്ധുവാണ് എത്തിയത്. ഇപ്പോഴിതാ സിന്ധുവിന് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമായി….ഇന്ത്യയിലെ വനിതാ ഷട്ടില്‍ വാനത്ത് ഉദിച്ചുയരുന്ന പുതിയ താരമാണ് മാളവിക ബന്‍സൊദ്. ചങ്ഷൂവില്‍ നടക്കുന്ന ചൈന ഓപ്പണില്‍ മാളവിക ബന്‍സൊദ് തന്റെ ഒന്നൊന്നര വരവ് അറിയിച്ചിരിക്കുന്നു.
ലോകത്തിലെ 25ാം സീഡുകാരിയായ സ്കോട്ട് ലാന്‍റ് താരം ക്രിസ്റ്റി ഗില്‍മോറിനെയാണ് ഏറെ വിയര്‍പ്പൊഴുക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ മാളവിക ബന്‍സൊദ് തകര്‍ത്തത്. .രണ്ട് തവണ കോമണ്‍വെല്‍ത്ത് ഗെയിംസിലെ മെഡല്‍ നേടിയ താരം കൂടിയാണ് ക്രിസ്റ്റി ഗില്‍മോര്‍. ഈ വിജയത്തോടെ മാളവിക ബന്‍സൊദ് സെമിയില്‍ കടന്നു.
ഏകദേശം ഒരു മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് മാളവിക ബന്‍സൊദിന്റെ വിജയം. ആദ്യം ഗെയിം 21-17ന് കയ്യടക്കിയെങ്കിലും രണ്ടാമത്തെ സെറ്റ് കൈവിട്ടുപോയി (19-21). എന്നാല്‍ മൂന്നാം സെറ്റില്‍ മാളവിക ഗംഭീര തിരിച്ചുവരവ് നടത്തി ഗെയിം കൈപ്പിടിയിലൊതുക്കി (21-16). ഇതാദ്യമായാണ് ജീവിതത്തില്‍ ഒരു സൂപ്പര്‍ 1000 ടൂര്‍ണ്ണമെന്‍റില്‍ വിജയിക്കുന്നതെന്ന് മാളവിക ബന്‍സൊദ് പറഞ്ഞു. പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ലോക ഏഴാം സീഡുകാരിയും പാരിസ് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ ജേതാവുമായ തന്‍ജങ്ങിനെയും മാളവിക ബന്‍സൊദ് അട്ടിമറിച്ചിരുന്നു.
“അവസാന 16 പേരില്‍ എത്തുന്നതു തന്നെ ഞാന്‍ സ്വപ്നം കണ്ടിരുന്ന നേട്ടമാണ്. ഇപ്പോള്‍ അവസാന എട്ടു പേരില്‍ (സെമിയില്‍) എത്തിയിരിക്കുന്നു.” – മാളവിക ബന്‍സൊദ് പറയുന്നു. പക്ഷെ സമിയില്‍ മാളവിക ബന്‍സൊദിനെ കാത്തിരിക്കുന്നത് നിസ്സാര വെല്ലുവിളിയല്ല. ജപ്പാന്‍ താരവും ലോക നാലാം റാങ്കുകാരിയുമായ യമാഗുചിയെയാണ് നേരിടേണ്ടത്. രണ്ട് തവണ ലോക ചാമ്പ്യന്‍പട്ടം അണിഞ്ഞ താരം കൂടിയാണ് അകാനെ യമാഗുചി.
നാഗ് പൂരില്‍ നിന്നുള്ള ഈ 22 കാരിയുടെ കോച്ച് സഞ്ജയ് മിശ്രയാണ്. സെയ്ന നെഹ് വാളിനെ ആരാധിച്ചാണ് മാളവിക ബന്‍സൊദ് വളര്‍ന്നത്. ഇപ്പോള്‍ ലോക റാങ്കിങ്ങില്‍ 43 ആം റാങ്കുകാരിയാണ്.
പി.വി. സിന്ധുവിന് 29 വയസ്സായി. മാളവിക ബന്‍സൊദിന് 22 വയസ്സും. ഇന്ത്യയില്‍ ഒരു വനിതാ ഷട്ടില്‍ താരം സൂപ്പര്‍ 1000, സൂപ്പര്‍ 500 എല്ലാം കളിക്കാന്‍ യോഗ്യത നേടുന്നത് 20ന് ശേഷമാണ്. ലോകത്തിലെ പത്ത് റാങ്കുകാര്‍ വരെ ഇത്തരം ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കും എന്നതാണ് പ്രത്യേകത. ഇനി വരാനിരിക്കുന്ന വര്‍ഷങ്ങള്‍ എന്തായാലും മാളവിക ബന്‍സൊദിന്റെ കൂടിയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: