സോലാപൂർ ; മഹാരാഷ്‌ട്രയിൽ സോലാപൂരിൽ മുസ്ലീം കുടുംബം വിതരണം ചെയ്തത് 101 ഗണേശ വിഗ്രഹങ്ങൾ. സോലാപൂർ ജില്ലയിലെ നാറ്റ്പ്യൂട്ടേ പട്ടണത്തിലെ മുലാനി കുടുംബമാണ് ഹിന്ദുക്കൾക്കായി ഇസ്ലാം പുരോഹിതന്മാരുടെ എതിർപ്പുകൾ മറികടന്ന് വിഗ്രഹങ്ങൾ വിതരണം ചെയ്തത്.
ഷാഹിദ്, സിക്കന്ദർ, നൗഷാദ് എന്നീ മൂന്ന് സഹോദരങ്ങൾ അടങ്ങുന്നതാണ് മുലാനി കുടുംബം. വിഗ്രഹങ്ങൾ വിതരണം ചെയ്യാനായി സഹോദരങ്ങൾ റാസ ഫൗണ്ടേഷൻ എന്ന പേരിൽ ഒരു ഗ്രൂപ്പും രൂപീകരിച്ചിരുന്നു.ഹൈന്ദവ ആഘോഷങ്ങളിൽ വളരെ ആവേശത്തോടെയാണ് ഷാഹിദും കുടുംബവും പങ്കെടുക്കുന്നത്. ഹിന്ദു-മുസ്‌ലിം ഐക്യം പ്രോത്സാഹിപ്പിക്കുന്നതിന് റാസ ഫൗണ്ടേഷൻ നിരവധി സംരംഭങ്ങൾ ഏറ്റെടുക്കുന്നുണ്ടെന്നും ഷാഹിദ് പറഞ്ഞു.
ഈദിനോടൊപ്പം, ദസറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. ‘ ഞങ്ങൾ എല്ലാ മതങ്ങളോടും സമത്വം നിലനിർത്താൻ ശ്രമിക്കുകയാണ്. മതസൗഹാർദ്ദം നിലനിർത്താനും ഹിന്ദു സഹോദരങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാനും ഈ ഗണേശോത്സവത്തിൽ ഗണേശ വിഗ്രഹങ്ങൾ സൗജന്യമായി നൽകാൻ ഞങ്ങൾ തീരുമാനിച്ചു. 2009 മുതൽ ഗണേശ മണ്ഡലങ്ങളുടെ പ്രസിഡൻ്റുമാരെ നിമജ്ജന ദിനത്തിൽ സർട്ടിഫിക്കറ്റും നാളികേരവും നൽകി മുസ്ലീം സമുദായത്തിന്റെ പേരിൽ ഞങ്ങൾ ആദരിച്ചുവരുന്നു. ഗണപതി എല്ലാവരുടെയും ഹൃദയത്തോട് ചേർന്ന് നിൽക്കുന്നതാണ്, അതിനാൽ ഈ ചെറിയ ശ്രമം സമൂഹത്തിൽ ഐക്യം വർദ്ധിപ്പിക്കുമെന്ന് ഞങ്ങൾ കരുതുന്നു.‘ – ഷാഹിദ് പറഞ്ഞു.
നാറ്റ്പുട്ട് പോലീസ് സ്റ്റേഷനിലെ അസിസ്റ്റൻ്റ് പോലീസ് ഇൻസ്‌പെക്ടർ മഹാരുദ്ര പർജനെയുടെ സാന്നിധ്യത്തിലാണ് ഈ ഗണേശ വിഗ്രഹങ്ങൾ വിതരണം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: