ന്യൂദല്‍ഹി: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് വീണ്ടും ചീറ്റകളെ ഭാരതത്തിലെത്തിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇത്തവണ കെനിയയില്‍ നിന്നാണ് ചീറ്റകളെ എത്തിക്കുന്നത്. ഇതിന്റെ ഭാഗമായി കെനിയയുമായി ഭാരതം ധാരണാ പത്രത്തില്‍ ഒപ്പുവയ്ക്കും. ദക്ഷിണാഫ്രിക്ക, നമീബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവന്ന ചീറ്റപ്പുലികളുടെ സംരക്ഷണത്തില്‍ ബുദ്ധിമുട്ടുണ്ടായതോടെയാണ് കെനിയയില്‍ നിന്ന് എത്തിക്കാന്‍ തീരുമാനിച്ചത്.
കെനിയയുമായുള്ള ധാരണാപത്രത്തിന്റെ കരട് വിദേശകാര്യ മന്ത്രാലയത്തിന്റെ നിയമ, കരാര്‍ വിഭാഗം വിശദമായി പരിശോധിച്ചു വരികയാണ്. ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പുവച്ചശേഷം ചീറ്റകളെ ഭാരതത്തിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. കെനിയന്‍ പ്രതിനിധികള്‍ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്ക് സന്ദര്‍ശിച്ച് വെറ്ററിനറി, കണ്‍സര്‍വേഷന്‍ ക്രമീകരണങ്ങളില്‍ സംതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ദക്ഷിണാഫ്രിക്ക, നമീബിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുകൊണ്ടുവന്ന ചീറ്റകള്‍ക്ക് കാലാവസ്ഥാ വ്യതിയാനം അതിജീവിക്കാനായില്ല. അതുകൊണ്ടാണ് ഇത്തവണ കെനിയയില്‍ നിന്നും ചീറ്റകളെ എത്തിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 2023 മാര്‍ച്ചിനും 2024 ആഗസ്തിനും ഇടയില്‍ പ്രായപൂര്‍ത്തിയായ ഏഴ് ചീറ്റകളും അഞ്ച് കുഞ്ഞുങ്ങളുമാണ് ചത്തത്. നിലവില്‍ 25 ചീറ്റകളാണ് കുനോയിലുള്ളത്. ഇതില്‍ 12 എണ്ണം കുഞ്ഞുങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: