റായ്‌പൂർ : ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിൽ ഒരു മാവോയിസ്റ്റ് നേതാവിനെ സഹപ്രവർത്തകർ കൊലപ്പെടുത്തി. ആഭ്യന്തര കലഹത്തിന്റെ ഫലമായിട്ടാണ് കൊലപാതകം എന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ തിങ്കളാഴ്ച പറഞ്ഞു. സംസ്ഥാന തലസ്ഥാനമായ റായ്‌പൂരിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള കാങ്കർ ജില്ലയിലെ പാർതാപൂർ പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള മലമ്പെൻ്റ വനത്തിലാണ് സംഭവം.
സെപ്റ്റംബർ 6നാണ് സംഭവം നടന്നതെന്ന് ഇൻ്റലിജൻസ് വിവരങ്ങൾ ഉദ്ധരിച്ച് ബസ്തർ റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് സുന്ദർരാജ് പി പറഞ്ഞു. മാവോയിസ്റ്റുകളുടെ രാജ്നന്ദ്ഗാവ്-കങ്കർ അതിർത്തി ഡിവിഷനിലെ ഏരിയ കമ്മിറ്റി അംഗവും തെക്കൻ ബസ്തറിൽ താമസക്കാരനുമായ വിജ്ജ മഡ്കമിനെ തെലങ്കാനയിൽ നിന്നുള്ള മാവോയിസ്റ്റ് നേതാവ് വിജയ് റെഡ്ഡിയുടെ നിർദ്ദേശപ്രകാരമാണ് സഹപ്രവർത്തകർ ക്രൂരമായി കൊലപ്പെടുത്തിയത്.
അതേ സമയം ഈ വർഷം ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ നടന്ന ഒന്നിലധികം ഏറ്റുമുട്ടലുകളിൽ തെലങ്കാന, ഒഡീഷ, മഹാരാഷ്‌ട്ര, മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള മുതിർന്ന കേഡർമാർ കൊല്ലപ്പെട്ടതിനെത്തുടർന്ന് മാവോയിസ്റ്റ് ഉന്നത നേതൃത്വം പരിഭ്രാന്തിയിലാണെന്ന് പ്രാഥമികാന്വേഷണം സൂചിപ്പിക്കുന്നതായി ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.
ഇതേ തുടർന്ന് തങ്ങളുടെ സ്വന്തം കേഡർമാരെ “ഗൂഢ പ്രവർത്തകർ” ആണെന്ന് സംശയിച്ച് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മുതിർന്ന മാവോയിസ്റ്റ് നേതാക്കൾ അവരുടെ പ്രാദേശിക സഹപ്രവർത്തകരെ ലക്ഷ്യമിടുന്നുണ്ട്. ഇത് മൂലം നിരോധിത സംഘടനയ്‌ക്കുള്ളിൽ ചേരിപ്പോരിന്റെ സാഹചര്യം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രക്ഷപ്പെടാൻ പ്രാദേശിക കേഡർമാരെ മനുഷ്യകവചമായി മാവോയിസ്റ്റുകൾ ഉപയോഗിക്കുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. എന്നാൽ നക്‌സലൈറ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ അടുത്തിടെയുണ്ടായ വെടിവയ്‌പിൽ ഉന്നത മാവോയിസ്റ്റുകളുടെ ഈ തന്ത്രം പരാജയപ്പെട്ടതായി തോന്നുന്നതായി സുന്ദർരാജ് പറഞ്ഞു.
ദണ്ഡകാരണ്യ സ്‌പെഷ്യൽ സോണൽ കമ്മിറ്റി അംഗങ്ങളായ ജോഗണ്ണ, റാൻഡർ, സെൻട്രൽ റീഓർഗനൈസേഷൻ കമ്മിറ്റി (സിആർസി) കമാൻഡർ സാഗർ, ഡിവിഷണൽ കമ്മിറ്റി അംഗം വിനയ് എന്നിവരുൾപ്പെടെ 153 നക്‌സലൈറ്റുകളാണ് കഴിഞ്ഞ എട്ടു മാസത്തിനിടെ ബസ്തറിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള വെവ്വേറെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: