ബംഗ്ലാദേശിലെ സംഭവ വികാസങ്ങള്‍ക്ക് ശേഷമാണ് തൊട്ടടുത്തുള്ള ബ്രൂണെ, സിംഗപ്പൂര്‍ തുടങ്ങിയ ദക്ഷിണ പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ത്രിദിന സന്ദര്‍ശനം നടന്നത്. ഭാരതത്തിന്റെ ആക്ട് ഈസ്റ്റ് നയത്തിന്റ കേന്ദ്ര ബിന്ദുക്കളാണ് ഈ രാഷ്ട്രങ്ങള്‍. ബ്രൂണെയില്‍ ഉഭയകക്ഷി സന്ദര്‍ശനം നടത്തുന്ന ആദ്യ ഭാരത പ്രധാനമന്ത്രിയും മോദിയാണ്. സിംഗപ്പൂരിലേക്കുള്ള അദ്ദേഹത്തിന്റെ അഞ്ചാമത്തെ യാത്രയാണിത്. പരസ്പര സഹകരണത്തിലൂടെയുള്ള സാമ്പത്തിക- സാങ്കേതിക വികസനത്തിനും, വ്യാവസായിക അടിസ്ഥാന സൗകര്യ നിക്ഷേപം, സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തല്‍, സുരക്ഷ തുടങ്ങിയ പൊതുതാല്‍പ്പര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കാനുള്ള നടപടികള്‍ക്കായിരുന്നു സന്ദര്‍ശനത്തില്‍ മുന്‍ഗണന.
പുത്തന്‍ സാമ്പത്തിക താല്പര്യങ്ങള്
ആസിയാന്‍ കൂട്ടായ്മയിലെ ഭാരതത്തിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് സിംഗപ്പൂര്‍. 2023ല്‍ മാത്രം 11.77 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം അവര്‍ ഭാരതത്തില്‍ നടത്തി. നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പ്രധാന സ്രോതസ്സ് കൂടിയാണ് ആ രാജ്യം. 2000 മുതല്‍ ഇപ്പോള്‍ വരെ ഏകദേശം 160 ബില്യണ്‍ ഡോളര്‍ അവര്‍ ഭാരതത്തില്‍ നിക്ഷേപിച്ചിട്ടുണ്ട്.
സിംഗപ്പൂരുമായി മികച്ച ബന്ധം കാത്തു സൂക്ഷിക്കുമ്പോഴും ബ്രൂണെയുമായുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ ശക്തമാക്കേണ്ടതുമുണ്ട്. കാരണം ചൈന-ബ്രൂണെ ഉഭയകക്ഷി വ്യാപാരത്തിന്റെ മൂല്യം ഏകദേശം 2.6 ബില്യണ്‍ ഡോളറാണ്. അതേസമയം കഴിഞ്ഞ വര്‍ഷം വരെയുള്ള ഭാരതം-ബ്രൂണെ വ്യാപാരം ഏകദേശം 286.20 മില്യണ്‍ ഡോളറായിരുന്നു. അതുകൊണ്ട് തന്നെ ബ്രുണെയുമായി ബഹിരാകാശ, പ്രതിരോധ, ഊര്‍ജ്ജ രംഗത്തെ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങളിലേക്ക് ഇരു രാജ്യങ്ങളുമെത്തിച്ചേര്ന്നു.
ഭാരതവും സിംഗപ്പൂരും ഇതിനകം തന്നെ ‘തന്ത്രപരമായ സഖ്യം’ അഥവാ ‘സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ്’ മേഖലയില്‍ സഹകരിക്കുന്നു, പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനം ഈ ‘തന്ത്രപരമായ പങ്കാളിത്തം’ കൂടുതല്‍ ആഴത്തിലാക്കാന്‍ സഹായിച്ചു. ഇതിനായി സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോങ്ങിന്റെ ക്ഷണപ്രകാരമായിരുന്നു മോദിയുടെ സന്ദര്‍ശനം. സെമി കണ്ടക്ടര്‍ നിര്‍മ്മാണ മേഖലയില്‍ ഭാരതത്തിന്റെ സാന്നിധ്യം ശക്തമാക്കുകയെന്നതാണ് പ്രധാന ലക്ഷ്യം. മിസൈലുകള്‍ മുതല്‍ മൊബൈല്‍ ഫോണുകള്‍, കാറുകള്‍ മുതല്‍ കംപ്യൂട്ടറുകള്‍ വരെയുള്ള എല്ലാ മേഖലകളിലും സെമി കണ്ടക്ടര്‍ ചിപ്പുകളുടെ നിര്‍ണായക പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ സിംഗപ്പൂരുമായുള്ള ഉടമ്പടിക്ക് ഭൗമ-രാഷ്ട്രീയപരവും ഭൗമ-സാമ്പത്തികവുമായ പ്രാധാന്യമുണ്ട്. ഇതിനായി ഇന്‍ഡോ-സിംഗപ്പൂര്‍ സെമി കണ്ടക്ടര്‍ ഇക്കോസിസ്റ്റം പങ്കാളിത്തം സംബന്ധിച്ച ധാരണാപത്രത്തിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചു.
ഇന്ന് ആഗോള സെമി കണ്ടക്ടര്‍ ഉത്പാദനത്തിന്റെ ഏകദേശം പത്ത് ശതമാനവും ആഗോള വേഫര്‍ ഫാബ്രിക്കേഷന്‍ ശേഷിയുടെ അഞ്ച് ശതമാനവും സെമി കണ്ടക്ടര്‍ നിര്‍മാണത്തിനാവശ്യമായ മറ്റ് ഉപകരണങ്ങളുടെ ഉത്പാദനത്തിന്റെ 20 ശതമാനവും സംഭാവന ചെയ്യുന്നത് സിംഗപ്പൂരാണ്. രാജ്യത്തിന്റെ ജിഡിപിയുടെ എട്ട് ശതമാനം സംഭാവന ചെയ്യുന്നത് സെമികണ്ടക്ടര്‍ വ്യവസായ മേഖലയാണ്. 1960 കളിലാണ് അമേരിക്കന്‍ ചിപ്പ് നിര്‍മാതാക്കള്‍ കുറഞ്ഞ കൂലിക്ക് ലഭ്യമായ, വൈദഗ്ധ്യമുള്ള തൊഴിലാളികളെ ഉപയോഗിച്ച് സിംഗപ്പൂര്‍ ഉള്‍പ്പടെയുള്ള ദക്ഷിണ പൂര്‍വ്വേഷ്യയിലേക്ക് തങ്ങളുടെ ഉത്പാദന പ്രക്രിയ വ്യാപിപ്പിക്കാന്‍ നിക്ഷേപങ്ങള്‍ നടത്തി ത്തുടങ്ങിയത്. അന്ന് ചേരി ചേരാ നയത്തിന്റ പേരില്‍ അമേരിക്കയോടും അവരുടെ സഖ്യകക്ഷികളായ ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളോടും പുറംതിരിഞ്ഞു നില്ക്കുന്ന നയമാണ് 1991 വരെ ഭാരതം സ്വീകരിച്ചത്. അതുകൊണ്ടുതന്നെ ഇന്ന് ഇത്തരം സാങ്കേതിക ഉപകരണങ്ങള്‍ മറ്റു രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യേണ്ട ഗതികേടിലാണ് ഭാരതം.
കൊവിഡ് കാലഘട്ടത്തില്‍ ചൈനയില്‍ സെമി കണ്ടക്ടര്‍ ഉത്പാദനം നിലച്ചപ്പോഴുണ്ടായ പ്രതിസന്ധിയാണ് രാജ്യത്തിന്റെ കണ്ണ് തുറപ്പിച്ചതെന്ന് പറയാം. അതുകൊണ്ടുതന്നെ ഭാരതത്തിലെ സെമികണ്ടക്ടര്‍ നിര്‍മാണ വ്യവസായത്തിന് സിംഗപ്പൂരിലെ വിവിധ കമ്പനികളുമായുള്ള ഇടപെടലും സഹകരണവും ഗുണകരമാണ്.
കൂടാതെ സമ്പദ്വ്യവസ്ഥയില് ധാരാളം തൊഴില്‍ സൃഷ്ടിക്കുന്നതിനാല്‍ സിംഗപ്പൂര്‍ അത്തരം നിക്ഷേപങ്ങള്‍ നടത്തുന്നതിന് തയ്യാറാണ്. ഒപ്പം സിംഗപ്പൂരിലെ സര്‍വ്വകലാശാലകള്‍ സെമികണ്ടക്ടര്‍ മേഖലയെ സംബന്ധിച്ചുള്ള അറിവ് പങ്കുവയ്ക്കാന്‍ തയ്യാറാവുന്നതിനാല്‍ ഇത് ഭാരതത്തിന് കൂടുതല്‍ അവസരങ്ങള്‍ തുറക്കുന്നു. എന്നാല്‍ വിപുലമായ ഉത്പാദനത്തിനു വേണ്ടത്ര ഭൂമിയും തൊഴിലാളികളുമില്ലാത്തതിനാല്‍ സിംഗപ്പൂരും ഈ മേഖലയില്‍ ധാരാളം പരിമിതികള്‍ നേരിടുന്നുണ്ട്. അതുകൊണ്ട് സമൃദ്ധമായ ഭൂമിയും വിദ്യാസമ്പന്നരായ യുവ തൊഴിലാളികളുമുള്ള ഭാരതത്തില്‍ നിക്ഷേപം നടത്താന്‍ സിംഗപ്പൂര്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കാന്‍ മോദിയുടെ സന്ദര്‍ശനം സഹായകരമാവും.
സുരക്ഷയെന്ന പൊതുതാല്പര്യം
ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, തായ്ലന്ഡ്, സിംഗപ്പൂര്‍, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളാല്‍ ചുറ്റപ്പെട്ട് ആസിയാന്‍ മേഖലയുടെ മധ്യഭാഗത്ത് തന്ത്രപ്രധാനമായ സ്ഥാനത്താണ് ബ്രൂണെയെന്ന ചെറുരാജ്യം സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തെയും ദക്ഷിണ ചൈനാക്കടലിനെയും ബന്ധിപ്പിക്കുന്ന മലാക്ക കടലിടുക്കിന്റെ സാന്നിധ്യം സിംഗപ്പൂരിന് ഭൗമരാഷ്ട്രീയത്തില്‍ വലിയ പ്രാധാന്യം നല്കുന്നു. ഇതിന്റെ പ്രധാന കാരണം ചൈനയുടെ ചരക്കു നീക്കത്തിന്റെ ഭൂരിഭാഗം കടന്നു പോകുന്നതും ഈ കടലിടുക്കിലൂടെയാണെന്നുള്ളതാണ്. ഇത് ചൈനയുടെ പ്രധാന ദൗര്‍ബല്യമാണ്.
മലേഷ്യ, ഫിലിപ്പീന്‍സ്, വിയറ്റ്നാം എന്നീ രാജ്യങ്ങള്‍ക്കൊപ്പം ബ്രൂണെയും ദക്ഷിണ ചൈനാ കടലിനുമേല്‍ അവകാശവാദമുന്നയിക്കുകയും ചൈനയുടെ സമീപനത്തെ എതിര്‍ക്കുകയും ചെയ്യുന്നു. ചൈനയുടെ അക്രമോത്സുക നയത്തില്‍ സിംഗപ്പൂരിനും ആശങ്കയുണ്ട്. അതുകൊണ്ടുതന്നെ ചൈനയ്ക്ക് ഈ മേഖലയില്‍ നിലവിലുള്ള ശക്തി കുറയ്ക്കുകയെന്നതും മറുതന്ത്രങ്ങള്‍ രൂപപ്പെടുത്തുകയെന്നതും മോദിയുടെ സന്ദര്‍ശന ലക്ഷ്യമാണ്.
‘ഭാരതം പിന്തുണയ്ക്കുന്നത് വിപുലീകരണത്തെയല്ല, വികസനത്തെ’യാണെന്ന് ചൈനയെ ഉന്നമിട്ട് മോദി ബ്രൂണെയില്‍ ഈ പ്രഖ്യാപനം നടത്തിയത് ഈ പശ്ചാത്തലത്തിലാണ്. ദക്ഷിണ ചൈനാ കടലിലേയും ഇന്തോ-പസഫിക് മേഖലയിലെയും ചൈനീസ് നീക്കങ്ങളുടെ പശ്ചാത്തലത്തില്‍ ഈ പരാമര്‍ശങ്ങള്‍ക്ക് പ്രാധാന്യമേറുന്നു.
ഭാരതത്തിന്റെ ആക്ട് ഈസ്റ്റ് നയത്തിന്റെ പ്രധാന ലക്ഷ്യം ചൈനയുടെ അതിക്രമങ്ങള്‍ തടഞ്ഞു മേഖലയില്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കുകയെന്നതാണ്. സമാനമായ ലക്ഷ്യമാണ് അമേരിക്കയുടെ ഇന്തോ-പസഫിക് തന്ത്രത്തിനുമുള്ളത്. നിലവില്‍ അമേരിക്കയും ചൈനയും രാഷ്ട്രീയ-സൈനികപരമായി പരസ്പരം പോരടിക്കുന്നു. ആസിയാന്‍ രാജ്യങ്ങള്‍ക്കും ഭാരതത്തിനും ചൈനയുടെ നയങ്ങളോടും സമീപനത്തോടും യോജിപ്പില്ല. അതുകൊണ്ട് തന്നെ സുരക്ഷയെന്ന ഈ പൊതുതാത്പര്യം ഈ രാജ്യങ്ങളെയെല്ലാം പരസ്പരം ബന്ധിപ്പിക്കുന്നു. ഇത് രാജ്യങ്ങള്‍ക്കിടയില്‍ ശക്തമായ സൈനിക-പ്രതിരോധ ബന്ധങ്ങള്‍ക്കുള്ള അവസരമാണ് തുറന്നു നല്‍കുക.
കൂടാതെ ഈ മേഖലയില്‍ അമേരിക്കന്‍ സൈനിക താവളങ്ങള്‍ സ്ഥിതി ചെയ്യുന്നതിനാല്‍ അമേരിക്കയുമായി ഭാരതത്തിന് നിലവിലുള്ള പ്രതിരോധ ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ബ്രൂണെ, സിംഗപ്പൂര്‍ സന്ദര്‍ശനത്തിന് പ്രാധാന്യം കൂടുന്നു. ഇത് ഭാരതത്തിന്റെ ആക്ട് ഈസ്റ്റ് നയത്തിനും അമേരിക്കയുടെ ഇന്തോ-പസഫിക് വിഷനെയും പരസ്പരം ബന്ധിപ്പിക്കുന്നു. കൂടാതെ ഭാരതം, അമേരിക്ക, ജപ്പാന്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിലുള്ള ചതുരാഷ്ട്ര സഖ്യത്തിന്റെ സാന്നിധ്യവും മേഖലയില്‍ സുരക്ഷ പ്രദാനം ചെയ്യുന്നു. പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയുള്ള ബംഗ്ലാദേശ് സര്‍ക്കാര്‍ വന്നതും ഭാരതത്തിന് ഗുണകരമാണ്. കാരണം ഭാരതത്തിന്റെ ആക്ട് ഈസ്റ്റ് നയം ആരംഭിക്കുന്നത് ബംഗ്ലാദേശില്‍ നിന്നാണെന്ന് മോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശന വേളയില്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്.
സാമ്പത്തിക -രാഷ്ട്രീയ -സുരക്ഷാ മേഖലകളിലെ പരസ്പര സഹകരണത്തിന് പുറമെ മേഖലയുമായുള്ള സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്നതിനും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ പ്രാധാന്യം നല്കി. ബൗദ്ധ, ശൈവ, വൈഷ്ണവ തുടങ്ങിയ ഹിന്ദു വിശ്വാസങ്ങള്‍ക്കും ഭാരതിയ സംസ്കാരത്തിനും വേരോട്ടമുള്ള മേഖലയാണ് ദക്ഷിണ പൂര്‍വ്വേഷ്യ. സിംഗപ്പൂരില്‍ ഒരു തിരുവള്ളുവര്‍ കേന്ദ്രം സ്ഥാപിച്ചതും ഇരു രാജ്യങ്ങളിലും ജീവിക്കുന്ന ഭാരതീയ വംശജരുമായുള്ള പ്രധാനമന്ത്രിയുടെ സമ്പര്‍ക്കവും ഈ പശ്ചാത്തലത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ചുരുക്കത്തില്‍ വിവിധ മേഖലകളില്‍ നിരവധി നേട്ടങ്ങളാണ് പ്രധാനമന്ത്രിയുടെ ബ്രുണെ, സിംഗപൂര്‍ യാത്രയുടെ ഫലമായുണ്ടായത്.
(ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: