ചെന്നൈ: ദിവ്യാംഗരെക്കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ മോട്ടിവേഷനല്‍ സ്പീക്കര്‍ മഹാവിഷ്ണുവിനെ അറസ്റ്റ് ചെയ്തു. അടുത്തിടെ അശോക് നഗര്‍, സെയ്ദാപെട്ട് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങിലാണ് ദിവ്യാംഗരെ അപമാനിക്കുന്ന വിധത്തില്‍ പ്രസ്താവന നടത്തിയത്. ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു മഹാവിഷ്ണു. സ്കൂള്‍ അധികൃതര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
പരംപൊരുള്‍ ഫൗണ്ടേഷന് എന്ന സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് മഹാവിഷ്ണു. മുജ്ജന്മത്തിലെ പ്രവൃത്തികളുടെ ഫലമായാണ് പാവപ്പെട്ടവരും ഭിന്നശേഷിക്കാരുമായി ആളുകള്‍ ജനിക്കുന്നതെന്നായിരുന്നു ഇയാളുടെ പാരമര്‍ശം. ഇതിന്റെ വിഡിയോ പുറത്തുവന്നതോടെ മഹാവിഷ്ണു, സ്കൂള്‍ അധികൃതര്‍, അനുമതി നല്കിയ വിദ്യാഭ്യാസ വകുപ്പ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.
സ്കൂള്‍ പരിപാടിക്കുശേഷം ഇയാള്‍ ഓസ്ട്രേലിയയിലേക്കു പോയി. കഴിഞ്ഞദിവസം ചെന്നൈ വിമാനത്താവളത്തിലെത്തിയ ഇയാളെ സെയ്ദാപെട്ട് പോലീസ് കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യംചെയ്തതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ദിവ്യാംഗരെ അപമാനിച്ചത് അടക്കം അഞ്ചു വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: