സി.ജെ. ജെസ്വിന്
ഗുണഗണങ്ങളില്‍ പ്രഥമഗണനീയനാണ് ഗണപതി! അതുകൊണ്ടുതന്നെ പ്രാരംഭ പൂജ എവിടേയും ഗണപതിക്കുള്ളതാണ്. തേങ്ങയുടച്ച് തിരുസന്നിധിയില്‍ നിന്ന് അനുഗ്രഹം വാങ്ങി മടങ്ങുന്നവര്‍ക്ക് ഉദ്ദിഷ്ടകാര്യ സിദ്ധിയെന്നാണ് വിശ്വാസം. ജീവിതമാര്‍ഗ തടസനിവാരണം ഉറപ്പാണത്രേ. ഒപ്പം ജ്ഞാനം, ശാന്തി, സമ്പത്ത് തുടങ്ങിയ സമ്പാദ്യങ്ങളും. ശുദ്ധമനസ്സോടെ വേണം അപേക്ഷ സമര്‍പ്പിക്കാന്‍. സൂത്രങ്ങളും വളഞ്ഞ വഴികളും നിരസിക്കപ്പെടും. തിരിച്ചടികളാകാനും മതി.
ഗണേശചതുര്‍ത്ഥി വന്‍ ആഘോഷമായി കൊണ്ടാടുന്നതിന്റെ അടിസ്ഥാനവും വിശ്വാസമാണ്. മഹാബലിയുടെ തിരുവോണ വരവു പോലൊരു ആര്‍ഭാടമായ മഹോത്സവം. കളിമണ്‍ പ്രതിമ വച്ചാരാധിക്കലാണ് സമ്പ്രദായം. ഗണപതിയുടെ ജന്മദിനാഘോഷമാണിത്. ശിവനും പാര്‍വ്വതിയും കൈലാസ പര്‍വ്വതങ്ങളില്‍ ആന കളിച്ച് രമിച്ചതില്‍ ഉടലെടുത്തതാണ് ഈ മംഗളമൂര്‍ത്തി! വാഹനങ്ങളില്‍ കുഞ്ഞുണ്ണിയുടെ വലുപ്പത്തിലെങ്കിലും ഗണപതി വിഗ്രഹം പ്രതിഷ്ടിക്കുന്നത് യാത്രാ മംഗളമായി കരുതിപ്പോരുന്നു. ന്യൂജനറേഷനില്‍ പോലും ഈ വിശ്വാസം ആദര്‍ശമായി തീര്‍ന്നിരിക്കുന്നു!
ദൃശ്യ വിശ്വാസ മാതൃക
ഗണപതിക്ക് ആനയുടെ മുഖസാദൃശ്യമാണ്. മുറം വലുപ്പമാര്‍ന്ന ചെവികള്‍. ലക്ഷണമൊത്ത കൊച്ചു തുമ്പിക്കൈ. കൃശസ്പഷ്ടമായ കൊന്വുകള്. എല്ലാം കൂടി മുഖത്തിനു ഈശ്വര മഹാശ്ചര്യം. പെരുവയറ് സൂചിപ്പിക്കുന്നതോ തീറ്റയ്ക്കു മോശക്കാരനല്ലെന്നും. ഗണപതി സാമീപ്യമുണ്ടേല് വിശപ്പറിയില്ലെന്നും പുരാണം. കുശാലായ ഭക്ഷണ വിഭവങ്ങള്‍ക്കു വീട്ടില്‍ പഞ്ഞം വരില്ല. ഇതെല്ലാം സല്‍കീര്‍ത്തി ക്ഷേമ വിശേഷങ്ങള്‍ തന്നെ! ഭാരതത്തില്‍ മാത്രമല്ല ഗണപതി മഹോത്സവം കൊണ്ടാടുന്നത്. ശ്രീലങ്ക, നേപ്പാള്‍, തായ്ലന്റ് എന്നീ രാജ്യങ്ങളിലും വിശ്വാസികളുണ്ട്.
ഈ വര്‍ഷം സെപ്തംബര്‍ ഏഴിനാണ് തുടക്കമിട്ടിരിക്കുന്നു. ഭാരതത്തില്‍ മഹാരാഷ്ട്രയിലും ഗുജറാത്തിലുമാണ് ഗണപതി മഹോത്സവം ഗംഭീരമായി ആചരിക്കുന്നത്. അതില്‍ പൂനയും സൂറത്തും മുന്‍പന്തിയില്‍. വീടുകള്‍ കയറിയിറങ്ങി എണ്ണത്തില്‍ കൂടുതല്‍ ദര്‍ശന ഭക്തി കാട്ടുന്നവന് മനസിലാശിച്ച വരദക്ഷിണ ഉറപ്പാണെന്ന തലമുറകളായുള്ള സങ്കല്‍പ്പം വ്യാപകമാണ്. ഗണപതി ഉത്സവം ആദ്യകാലങ്ങളില്‍ വീട്ടുചടങ്ങായിരുന്നു. ധനസ്ഥിതി അനുസരിച്ചുള്ള വലുപ്പത്തില്‍ ഗണപതിയെ വാങ്ങി പ്രതിഷ്ടിക്കും. ഇപ്പോള്‍ മുക്കാലിഞ്ചു മുതല്‍ എഴുപതടി ഉയരമാര്‍ന്ന കളിമണ്‍ സ്തൂപങ്ങള്വരെ വിപണിയില്‍ ലഭ്യമാണ്. പ്രതിമയെ ഇരുത്തുന്നത് മുട്ടിപ്പലകയിലാണ്. എലിയാണല്ലോ ഗണപതിയുടെ സന്തുഷ്ട വാഹനം. ശുദ്ധിക്കലശ പൂജയ്ക്കൊപ്പം പഴവര്‍ഗ്ഗങ്ങളും ലഡുവും മോഡക്കും രുചിവിഭവങ്ങളായി കരുതുന്നു. അനിഷ്ടങ്ങള്‍ ഒഴിവാക്കാന്‍ പൂമാലകളും ആഭരണങ്ങളും പ്രതിമയില്‍ യഥേഷ്ടം ചാര്‍ത്തുന്നവരുണ്ട്.
1892-ല്‍ ബ്രിട്ടീഷ് മേല്‍ക്കോയ്മയെ തുരത്താനായി സാര്‍വ്വജനിക് ഗണേശോത്സവത്തിന് ആഹ്വാനം ചെയ്തത് ലോകമാന്യ തിലകനാണ്. ഉല്ഘാടനത്തിനൊപ്പം തെരുവീഥികളില്‍ പന്തലുകള്‍ സ്ഥാപിക്കപ്പെട്ടു. പന്തലുകള്‍ കെട്ടി പ്രതിമയെ കുടിയിരുത്തും. ഒപ്പത്തിനൊപ്പം ഭജനയും പാട്ടും ആഘോഷവും വിപുലമായി കൊണ്ടാടും. പ്രസാദ വിതരണം തീര്‍ന്നാല്‍ പിന്നെ കലാകായിക പരിപാടികളായി. പാട്ടും ഡാന്‍സും. വീടുകളിലായാലും വഴികളിലായാലും ഗണപതി ഇരിക്കുന്ന കാലയളവുകളുണ്ട്. ഒന്നര ദിവസം മുതല്‍ പതിനൊന്ന് നാള്‍വരെ.
മുംബൈ ആഘോഷം
പടുകൂറ്റന്‍ ഗണപതികളെ മെനഞ്ഞെടുക്കുന്നതും ഉത്സവത്തിലെ കിടമത്സരമാണ്. സൃഷ്ടിയില്‍ ഗജരാജനേക്കാള് ഉഗ്രപ്രഭ വരുത്തും. മുംബൈയില്‍ ലാല്‍ബാഗിലാണ് ഗജസ്വരൂപം എഴുന്നെള്ളത്ത്. പണച്ചെലവു മാത്രമല്ല, നിരവധി പേരുടെ കഠിനദ്ധ്വാനവുമുണ്ട് ഇതിനു പിന്നില്‍. മാട്ടുംഗയിലും ചെമ്പൂരിലും ഘാട്ട്കൂപ്പറിലുമാണ് കാലങ്ങളായുള്ള വന്‍ ജനാവലി. ലാല്‍ബാഗിലെ ഗണപതിയെ തൊഴുകയ്യോടെ സന്ദര്‍ശിക്കുന്ന പ്രമുഖരില്‍ മന്ത്രിമാരും ബോളിവുഡ് താരങ്ങളും ഉള്‍പ്പെടുന്നു. തൃക്കാക്കരപ്പന്റെ പോലെ ചടഞ്ഞിരിക്കുന്ന ഗണപതിക്ക് കൊട്ടും പാട്ടും ഡാന്‍സുമായി മതിറക്കുന്ന സ്വീകരണമാണെേപ്പാഴും. ഗണപതി വിഗ്രഹം വഹിക്കുന്നവന് നഗ്നപാദനായിരിക്കണം. നീണ്ട ആഘോഷ കാലമത്രയും നഗ്നപദരായി സഞ്ചരിക്കുന്ന വൃതക്കാരെയും ധാരാളം കാണാം.
മാര്‍ഗമധ്യേയുള്ള കല്ലും മുള്ളും പ്രതിബന്ധമല്ല. ഉദ്ദിഷ്ട കാര്യ സിദ്ധിയാണ് പ്രധാനം. അപകടരഹിതമായ യാത്രയ്ക്ക് വാഹനങ്ങളില്‍ ഗണപതി സാന്നിധ്യം സര്‍വ്വ സാധാരണമാണ്. ഗണപതി ബപ്പ മോറിയ എന്ന ആറാപ്പു വിളി എല്ലാവരും ഭയഭക്തിബഹുമാനത്തോടെ ഏറ്റുചൊല്ലുന്നത് ഹൈന്ദവേച്ഛ കൂടിയാണ്. മുട്ടിപ്പലകയില് ഇരുത്തിയ ഗണപതിയെ കൂട്ടത്തിലെ കാരണവ സ്ത്രീ കൈകൊണ്ടുഴിഞ്ഞ് ചായം വിതറുന്ന ചടങ്ങുണ്ട്. സമൂഹത്തിലാര്‍ക്കും മറ്റുള്ളവരുടെ കണ്ണുപറ്റാതിരിക്കാനുള്ള കരുതലാണ്. സൃഷ്ടി സംരക്ഷണ ക്രിയ. ബാന്റ്മേളത്തിനൊപ്പം പുലികളുടെ മാതൃകയില്‍ ചുവടുവച്ചു ചുവടുമാറുന്ന ബ്രേക്ക് ഡാന്സുകാരേയും കാണാം. ആണും പെണ്ണും ഒരുപോലെ ആമോദത്തില്‍ ഉല്ലസിക്കും. ഗണപതി ഇരിക്കുന്ന പരിസരം ശുദ്ധമായിരിക്കണം. മനസിനും വേണം നൈര്‍മ്മല്യം. പഴകിയ വിഭവങ്ങള്‍ കഴിക്കരുത്. ശിഷ്ട ഭക്ഷണം എലികള്‍ക്കുള്ള നിവേദ്യമാണ്. മത്സ്യ മാംസാദികള്‍ തദവസരത്തില്‍ പൂര്‍ണ്ണമായും വര്‍ജ്ജിക്കണം.
അനുഗ്രഹ കടാക്ഷങ്ങള്‍ക്കായി ഭക്തന്മാര് പഥ്യം പാലിച്ചുവേണം പൂജാദി കര്‍മ്മങ്ങള്‍ അനുഷ്ഠിക്കേണ്ടത്. ഗണപതിയിരിക്കുന്ന വീടുകളില്‍ ദിനരാത്രം ദീപാലങ്കാരം വേണം. സദാ അതിഥി സല്ക്കര മാതൃകയില്‍ നടവാതില്‍ തുറന്നുകിടക്കണം.
വിഗ്രഹ നിമജ്ജനം
സെപ്തംബര്‍ പതിനേഴിനാണ് ഈ വര്‍ഷം ഗണേശവിഗ്രഹ നിമജ്ജനത്തിന്റെ അവസാന ദിവസം. നിമജ്ഞന ദിവസം പൂജാരിയെ വിളിച്ച് വിശേഷാല്‍ പൂജാ കര്‍മ്മം. സമീപ വാസികള്‍ക്കുള്ള ഊട്ടും തെറ്റിക്കരുത്. ഗണപതി നിമജ്ജനമാണ് ശരിക്കുള്ള ജനശ്രദ്ധ ആകര്‍ഷിക്കുന്നത്. വഴികള്‍ ജനസമുദ്രമാകും. തടാകമോ പുഴയോ സമുദ്രമോ നിമജ്ജനത്തിന് ഉപയോഗിക്കുന്നു. ജനസാഗരം കാഴ്ചക്കാരാവും. അന്തരീക്ഷം ഭക്തിനിര്‍ഭരം. വലുപ്പച്ചെറുപ്പമാര്ന്ന ഗണപതികളുടെ നിര! ഉയരത്തിലും ഭാവത്തിലും മേന്മയേറിയവ. സന്ധ്യമയങ്ങിയാണ് കര്‍മ്മാചരണം. വരവുപോലെ ഒഴുക്കാന്‍ കൊണ്ടുപോകുന്വോഴും ‘ഗണപതി ബപ്പാ മോറിയ’ എന്ന പുകഴ്ത്തലും ‘അഖലെ ബറസ് ജല്‍ദി ആ’ എന്ന അനുപല്ലവിയും മുഴങ്ങും. കരിമരുന്നു പ്രയോഗവും അടിക്കടി കേള്‍ക്കാം. ആഘോഷമെത്ര അമിതമായാലും അക്രമാസക്തമാകാറില്ല. കാരണം ഗണപതി ഭയഭക്തിയും വിശ്വാസവും സ്വര്‍ഗ്ഗ സഞ്ചാരം നേരുന്ന വഴികളാണ് ഉടനീളം. ദര്‍ശന സൗഖ്യം അനുഭവിക്കുന്നവരോ നാനാ മതസ്ഥരായ ജനകോടികളും. വിസര്‍ജ്ജന്‍ മേള റിപ്പോര്‍ട്ട് ചെയ്യാന്‍ ചാനലുക്കാരും പത്രക്കാരും ക്യാമറകളും അവതാരകരുമായി തിക്കും തിരക്കുമാണ്.
സൂപ്പര്‍സ്റ്റാര്‍ സല്മാന് ഖാന്റെ ബാന്ദ്രയിലുള്ള വസതിയില്‍ ഒരാണ്ടുപോലും മുടങ്ങാതെ ഗണപതിയെ കൊണ്ടുവരിക പതിവാണ്. പ്രതിഷ്ഠയ്ക്കൊപ്പം ആചാരങ്ങളും വരവണ്ണം വിടാതെ അനുഷ്ടിച്ചുപോരുന്നുവെന്ന് മുംബൈ നിവാസികള്‍ സാക്ഷ്യം പറയും. ഗണപതി തൊഴാനെത്തുന്ന ആരാധകര്‍ക്കു നല്ല മൂഡില്‍ സല്മാനുണ്ടേല് കൈനീട്ടമായി സൂപ്പര്‍ സ്റ്റാര്‍ നേരിട്ടു നല്‍കും. ഭാഗ്യം പോലിരിക്കും കാര്യം!
ഗണപതി ആരാധനയുടെ പ്രചാരണം ഏതു മീഡിയയിലും സുലഭം. സെല്‍ഫിയുടെ തിരുതകൃതി കെങ്കേമെന്ന് സാരം! നിമജ്ജന മേളക്ക് ഇനിയും സവിശേഷതകളുണ്ട്. ലൈറ്റും ഒച്ചപ്പാടും താളമേളങ്ങളും മാത്രം പോരാ ഗണപതിയുടെ പ്രസാദനത്തിന്. വെള്ളത്തില്‍ ഒഴുക്കിവിടുന്നയാള് ഇരുത്തിയ മുട്ടിപ്പലകയുമായി വേണം ആഴത്തില്‍ ഒന്നുമുങ്ങി തിരിച്ചുകേറാന്‍. കൈവിട്ട കളിമണ്‍ പ്രതിമ ചാഞ്ചാടി ഒഴുകുന്നു, ദിവ്യ തേജസുകളുമായി. അനുഗ്രഹ ജ്യോതിസ്സിനെ സ്തുതി സ്തോത്രങ്ങളോടെ ഭക്തജന സഹസ്രം യാത്രയാക്കുന്നു, തങ്ങളുടെ ഉള്ളില്‍ നിറഞ്ഞ മുള്ളും മുറിവും സമര്‍പ്പിച്ച്. ഒപ്പം മനസില്‍ വേരോടിയ ആശകളെ സാക്ഷാല്ക്കരിക്കണമെന്നുള്ള ജപവും.
എന്നാല്‍ കളിമണ്ണിലെ പ്രതിമ വെള്ളത്തിലൂടെ ബഹുദൂരം സഞ്ചരിച്ച് അലിഞ്ഞില്ലാതാകുന്ന കോമ്പിനേഷനാണ് ശാസ്ത്രവശം. ഭക്തിധാര മറിച്ചാണ്. ഉള്ളുപൊള്ളയായ രൂപം ഓളംവെട്ടി കടക്കണ്ണ് വിട്ട് വിദൂരതയില്‍ അകലുന്നു. ബഹുദൂരം സഞ്ചരിച്ച് ലക്ഷ്യത്തിലെത്തുമെന്നും സങ്കല്‍പ്പം!
ശിവനും പാര്‍വ്വതിയും തപസിരിക്കുന്ന ഹിമശൈലമായ കൈലാസത്തിലേക്ക് കളിവഞ്ചി നേരെ തുഴഞ്ഞുള്ള തീര്‍ത്ഥാടനം. ഭൂവാസികളുടെ തീര്‍ത്താല്‍ തീരാത്ത നിവേദനങ്ങള്‍ക്ക് പരിഹാരം ചോദിച്ചുവാങ്ങാന്‍! ഈശ്വര ചിന്താ മഹത്വങ്ങള്‍ എത്ര മനോഹരം, ഭാവനാ സുന്ദരം, ശാശ്വതം. അഖലെ ബറസ് ജല്‍ദി ആ (അടുത്താണ്ട് വേഗം വരണേ….) മന്ത്രോച്ചാരണത്തിലുമുണ്ട് അനുഗ്രഹാശിസുകളുടെ സമൃദ്ധമായ മണിമുഴക്കം.
മറ്റു ദേവന്മാരില് നിന്നും വിഭിന്നനും അഗ്രഗണ്യനുമായി ഗണപതി മിന്നിനില്ക്കുന്നതിനും കാരണം ഇതൊക്കെയാകാം. മനസറിഞ്ഞ് വിളിച്ചാല്‍ പ്രത്യക്ഷനാകുന്ന ഗണപതിയുടെ സല്‍സ്വഭാവമാണ് തലമുറകളായുള്ള ഭക്തരുടെ വിശ്വാസത്തിന്റെ മുതല്‍ക്കൂട്ട്! കേരളത്തില്‍ രാഷ്ട്രീയ മിത്തുകളുടെ വിവാദ കോലാഹലം കെട്ടൊടുങ്ങിയിട്ടില്ലെങ്കിലും വിശ്വാസികളുടെ ആള്‍ക്കൂട്ടത്തിന് തെല്ലും കുറവില്ല. ഗണപതി പ്രസാദനം ദിനംപ്രതി ശക്തമാകുന്നുവെന്നത് ലളിത ജ്ഞാന സാരം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: