പാരീസ്: ഒളിംപിക്സിന്റെ അലയൊലികള്‍ അടങ്ങും മുന്‍പ് പാരീസില്‍ പാരാലിമ്പിക്സിന് കൊടിയേറി. ലോകത്തെ, ഭിന്നശേഷിക്കാരുടെ ഏറ്റവും വലിയ കായികോത്സവമായ പാരാലിമ്പിക്സിന് ഇന്നലെ രാത്രിയോടെ തുടക്കമായി. ഭാരത സമയം രാത്രി 11.30ന് ഉദ്ഘാടനചടങ്ങുകള്‍ ആരംഭിച്ചു. ഒളിംപിക്സിനു സമാനമായി തുറന്നവേദിയിലായിരുന്നു ചടങ്ങുകള്‍. ജാവലിന്‍ താരം സുമിത് ആന്റില്‍, ഷോട്ട്പുട്ടര്‍ ഭഗ്യശ്രീ ജാദവ് എന്നിവരാണ് ഭാരതത്തിന്റെ പതാകയേന്തിയത്.
പാരാലിമ്പിക്സിന്റെ 17-ാം എഡിഷനാണിത്. പാരീസ് പാരാലിമ്പിക്സിന് വേദിയാകുന്നത് ആദ്യം. സപ്തംബര്‍ എട്ടിനാണ് ഈ കായികമാമാങ്കത്തിന് തിരശ്ശീല വീഴുക. ഭാരതമുള്‍പ്പെടെ 160-ലേറെ രാജ്യങ്ങള്‍ പങ്കെടുക്കും. ഒളിംപിക്സിനായി തയാറാക്കിയ വേദികളില്ത്തന്നെയാണ് മത്സരങ്ങള്‍ അരങ്ങേറുക.
ഭാരതത്തില്‍ നിന്ന് 84 അംഗ സംഘം
ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായാണ് ഭാരതം ഇത്തവണ പാരാലിമ്പിക്സില്‍ പങ്കെടുക്കാന്‍ പാരീസിലെത്തുന്നത്. ടീമില്‍ 84 പേരുണ്ട്.
ഇക്കുറി സ്വര്‍ണത്തിന്റെ എണ്ണം ഇരട്ടയക്കത്തിലെത്തിക്കുന്നതിനൊപ്പം മെഡലുകള്‍ 25ലെത്തിക്കാനാണ് ഭാരതം ലക്ഷ്യമിടുന്നത്. 12 ഇനങ്ങളിലാണ് ഭാരതം മത്സരിക്കുന്നത്. ടോക്കിയോ പാരാലിമ്പിക്സില്‍ സ്വര്‍ണം നേടിയ സുമിത് ആന്റില്‍, അവനി ലേഖ്റ തുടങ്ങിയവര്‍ മെഡല്‍ പ്രതീക്ഷയില്‍ മുന്നിലുണ്ട്.
ടോക്കിയോയില്‍ മത്സരിച്ച 54 പേരടങ്ങിയ ഭാരത സംഘം 19 മെഡലുമായി 24-ാം സ്ഥാനത്തായിരുന്നു. ഇക്കഴിഞ്ഞ ഏഷ്യന്‍ പാരാ ഗെയിംസില്‍ 29 സ്വര്‍ണം ഉള്‍പ്പെടെ 111 മെഡലാണ് ഭാരതം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: