ന്യൂദല്‍ഹി: കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടര്‍ ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ നിയമ സംവിധാനങ്ങള്‍ ദുര്‍ബലമാണെന്ന വാദമുയര്‍ത്തി സംഭവത്തെ ന്യായീകരിച്ച മമതാ ബാനര്‍ജിയുടെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി കേന്ദ്രവനിതാ ശിശുക്ഷേമ മന്ത്രാലയം.
കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയുന്ന പോക്സോ കേസുകള്‍ക്കായും അനുവദിച്ച അതിവേഗ പ്രത്യേക കോടതികള്‍ പത്തുശതമാനം പോലും ബംഗാളില്‍ തുടങ്ങിയിട്ടില്ലെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി അന്നപൂര്‍ണാദേവി കുറ്റപ്പെടുത്തി. 48,600 ബലാത്സംഗ, പോക്സോ കേസുകളാണ് കെട്ടിക്കിടക്കുന്നത്. മമതാ ബാനര്‍ജിക്കയച്ച കത്തിലാണ് കണക്കുകള്‍ സഹിതം വിമര്‍ശനം.
രാജ്യത്ത് അറുപത് ശതമാനം കേന്ദ്രവിഹിതം നല്കി അതിവേഗ കോടതികള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയിരുന്നു. 2019 ഒക്ടോബറില്‍ പ്രഖ്യാപിച്ച പദ്ധതി പ്രകാരം ഇതുവരെ 752 അതിവേഗ കോടതികളാണ് രാജ്യത്ത് സ്ഥാപിച്ചത്. ഇതില്‍ 409 എണ്ണം പോക്സോ കോടതികളാണ്. 30 സംസ്ഥാന- കേന്ദ്രഭരണപ്രദേശങ്ങളില്‍ അതിവേഗ കോടതികള്‍ ആരംഭിച്ചു.
ബംഗാളില്‍ മാത്രം ഒരെണ്ണം പോലും തുടങ്ങാന്‍ മമതാ സര്‍ക്കാര്‍ തയാറായിട്ടില്ല. പോക്സോ കേസുകള്‍ക്കായി 20 അതിവേഗ കോടതികളും മറ്റു കേസുകള്‍ക്കായി 103 കോടതികളുമാണ് ബംഗാളിന് അനുവദിച്ചത്. ആറെണ്ണം മാത്രമാണ് ഇതുവരെ ആരംഭിച്ചത്. ദേശീയതലത്തിലെ വനിതാ ഹെല്‍പ്പ് ലൈന്‍ നമ്പറായി 181 ബംഗാളില്‍ തുടങ്ങിയില്ല. കേന്ദ്രം ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും മമത സര്‍ക്കാര്‍ മൗനത്തിലാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: