ന്യൂദല്‍ഹി: മുത്തലാഖ് മൂലം മുസ്ലിം സ്ത്രീകളുടെ അവസ്ഥ പരിതാപകരമായി മാറിയതായി കേന്ദ്രസര്‍ക്കാര്‍. വിവാഹമെന്ന വ്യവസ്ഥയ്ക്ക് വിനാശകരമായ നടപടിയാണ് മുത്തലാഖ് എന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. മുത്തലാഖിന്റെ നിയമസാധുത സുപ്രീംകോടതി തന്നെ എടുത്തുകളഞ്ഞ സാഹചര്യത്തില്‍ മുത്തലാഖിനെതിരെ ക്രിമിനല്‍ നടപടിക്രമങ്ങള്‍ സ്വീകരിക്കേണ്ടതില്ലെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജം ഇയ്യത്തുള്‍ ഉലമ നല്കിയ ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം.
സുപ്രീംകോടതിയുടെ മുത്തലാഖ് നിരോധനം കൊണ്ടു മാത്രം രാജ്യമെമ്പാടും നടക്കുന്ന മുത്തലാഖ് അവസാനിപ്പിക്കാന്‍ സാധിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കോടതി വിധിക്ക് ശേഷവും മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന്റെ ഉറപ്പുകള്‍ ലംഘിച്ച് മുത്തലാഖുകള്‍ നടന്നു. മുസ്ലീങ്ങള്‍ക്കിടയിലെ മുത്തലാഖ് അവസാനിപ്പിക്കാന്‍ വിധിക്ക് സാധിച്ചില്ല. അതുകൊണ്ടാണ് സുപ്രീംകോടതി വിധി നടപ്പാക്കാനായി കേന്ദ്രസര്‍ക്കാരിന് നിയമനടപടികളിലേക്ക് കടക്കേണ്ടിവന്നത്. മുത്തലാഖ് ഇരകള്‍ക്ക് നീതി നല്‍കാനും ഇതുവഴി സാധിച്ചു.
മുത്തലാഖ് നിരോധന നിയമം വഴി മുസ്ലിം സ്ത്രീകള്‍ക്ക് സംരക്ഷണം നല്കാന് സാധിച്ചു. മുത്തലാഖ് ഇരകള്‍ക്ക് പോലീസിനെ സമീപിക്കുകയല്ലാതെ മറ്റു വഴികളില്ല. എന്നാല്‍ പോലീസില്‍ പരാതിപ്പെട്ടാല്‍ കുറ്റക്കാരെ ശിക്ഷിക്കാനുള്ള വകുപ്പുകളുമില്ല. ഇതിന് പരിഹാരമായാണ് കര്‍ശന നിയമ വ്യവസ്ഥകള്‍ കൊണ്ടുവന്നത്. വിവാഹിതരായ മുസ്ലിം സ്ത്രീകള്‍ക്ക് ലിംഗനീതിയും തുല്യതയും ഉറപ്പാക്കുന്നതു വഴി ഭരണഘടനാ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കൂടിയാണ് പാര്‍ലമെന്റ് പാസാക്കിയ മുത്തലാഖ് നിരോധന നിയമം സഹായിക്കുന്നതെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: