ധാക്ക: ബംഗ്ലാദേശില്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഇടക്കാല സര്‍ക്കാരിന്റെ തലവനായ മുഹമ്മദ് യൂനൂസ് അന്താരാഷ്ട്ര സമൂഹത്തിന് ഉറപ്പ് നല്കി. മുഴുവന്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ നിഷ്പക്ഷവും നീതിയുക്തവുമായ അന്വേഷണം നടത്തണമെന്ന് കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ തലവന്‍ വോള്‍ക്കര്‍ ടര്‍ക്ക് ആവശ്യപ്പെട്ടിരുന്നു. നിഷ്പക്ഷമായി നിയമം നടപ്പിലാക്കുവാനുള്ള മികച്ച അവസരമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം ബംഗ്ലാദേശിലെ ഹിന്ദുക്കളുടേയും ന്യൂനപക്ഷ വിഭാഗത്തിന്റേയും സുരക്ഷ ഉറപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം മുഹമ്മദ് യൂനുസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പു നല്കി. ന്യൂനപക്ഷ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുമെന്ന് യൂനുസ് ഫോണിലൂടെ അറിയിച്ചതായി മോദി എക്സില്‍ കുറിച്ചു.
ഇതിനിടയില്‍ ഷെയ്ഖ് ഹസീനയ്ക്കെതിരെ വീണ്ടും കൊലപാതകക്കുറ്റത്തിന് കേസെടുത്തു. ഒരു അധ്യാപകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് അവാമി ലീഗിന്റേയും ഹസീനയുടേയും പേരില്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഭാരതത്തില്‍ കഴിയുന്ന ഹസീനയുമായി ഫോണില്‍ സംസാരിച്ചതിന് അവാമി ലീഗ് നേതാവ് ജഹാംഗീര്‍ കബീറിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു.
സമൂഹ മാധ്യമങ്ങളില്‍ ഈ ഫോണ്‍കോള്‍ വൈറലായതിന് പിന്നാലെയാണ് അംദാലയിലെ വീട്ടില്‍ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശില്‍ കലാപം സൃഷ്ടിക്കാന്‍ ഗൂഢാലോചന നടത്താന്‍ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റ്.
ഷെയ്ഖ് ഹസീനയുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങള്‍ക്ക് തീകൊളുത്തുമെന്ന് ബിഎന്‍പി നേതാവ് റൂഹുല്‍ ഖുദ്ദൂസ് താലൂക്ദര്‍ ദുലുഭീഷണിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: