തിരുവനന്തപുരം: അങ്ങിനെ റബ്ബര്‍ വില ഏറെക്കാലത്തെ ഇടവേളയ്‌ക്ക് ശേഷം ആ മാജിക് നമ്പര്‍ കടന്നു. കിലോയ്‌ക്ക് 250 രൂപ എന്ന അസുലഭ വിലയാണ് കഴിഞ്ഞ ദിവസം റബര്‍ മറികടന്നത്. ആഭ്യന്തര വിപണിയിൽ 13 വർഷത്തിനുശേഷം ആദ്യമായാണ് ഈ റബ്ബര്‍ വില ലഭിക്കുന്നത്. ഇതിന് മുന്‍പ് 2011 ഏപ്രിൽ അഞ്ചിനാണ് ആഭ്യന്തര വിപണിയിൽ റബ്ബറിന് വില ഇത്രയധികം ഉയർന്നത് .
പ്രാദേശിക വിപണികളിൽ പലയിടത്തും ആര്‍എസ്എസ് 4 ഇനം 255 രൂപയ്‌ക്ക് വ്യാപാരം നടന്നതായി റിപ്പോര്‍ട്ടുണ്ട്. കേരളത്തില്‍ കാലാവസ്ഥയിൽ ഉണ്ടായ തിരിച്ചടി റബ്ബർ കൃഷിയെ സാരമായി ബാധിച്ചതിനിടയിലാണ് റബർ വില മുകളിലേക്ക് കുതിച്ചത്. രണ്ട് കാരണങ്ങളാണ് ഇതിന് ചൂണ്ടിക്കാണിക്കുന്നത്. പരമ്പരാഗത റബ്ബര്‍ ഉല‍്പാദകരാജ്യങ്ങളില്‍ റബ്ബര്‍ ഉല്‍പാദനം കുറഞ്ഞതാണ് റബ്ബര്‍ വില കേരളത്തില്‍ കൂടാന്‍ ഒരു കാരണം. ടയര്‍ കമ്പനികളുടെ റബ്ബര്‍ സ്റ്റോക്കിലുണ്ടായ കുറവാണ് പ്രകൃതിദത്ത റബ്ബര്‍ വില ഉയരാന്‍ മറ്റൊരു കാരണം. മേയ്-ജൂൺ മാസങ്ങളിൽ ഉണ്ടായ കണ്ടെയ്നർ ക്ഷാമം, ചരക്കുനീക്കത്തിനുള്ള ചെലവ് വർധിച്ചതും വിലവർധനയ്‌ക്കു കാരണമായിട്ടുണ്ട്.
RSS 4 ന് 247 രൂപയാണ് റബർ ബോർഡ് നല്‍കുന്ന വില. RSS 5 ന് 243 രൂപയാണ് നല്‍കുക. കഴിഞ്ഞ ജൂൺ പത്തിനാണ് റബർ വില 200 രൂപ കടന്നത് .റബ്ബറിന് ഏറ്റവും വില താഴ്ന്നത് 2016 ഫെബ്രുവരിയിലാണ്. അന്ന് വില വെറും 91 രൂപയായിരുന്നു. കഴിഞ്ഞ ദിവസം ജെ.കെ. ടയേഴ്സ്, സിയറ്റ് എന്നീ കമ്പനികള്‍ തുറന്ന വിപണിയില്‍ നിന്നും കിലോയ്‌ക്ക് 250 രൂപ മുതല്‍ 255 രൂപ വരെ റബ്ബര് ശേഖരിക്കുന്നതായി പറയുന്നു. അതേ സമയം എംആര്‍എഫ്, അപ്പോളോ ടയേഴ്സ് എന്നിവര്‍ റബ്ബര്‍ വില കിലോയ്‌ക്ക് 232 രൂപയേക്കാള്‍ ഉയര്‍ന്നതിന് ശേഷം ഡീലര്‍മാരില്‍ നിന്നും റബ്ബര്‍ വാങ്ങിയിട്ടില്ല. എന്തായാലും റബ്ബര്‍ വില കൂടുന്ന പ്രവണത കുറച്ചുകാലത്തേക്ക് നിലനില്‍ക്കുമെന്നാണ് കരുതുന്നതെന്ന് ഇന്ത്യന്‍ റബ്ബര്‍ ഡീലേഴ്സ് ഫെഡറേഷന്‍ സെക്രട്ടറി ബിജു പി തോമസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: