മുംബൈ: ആഗോള യുദ്ധസാഹചര്യവും യുഎസ് സാമ്പത്തിക തകര്‍ച്ചയും എണ്ണ വില ഉയരുന്ന സാഹചര്യവും ചേര്‍ന്ന് സൃഷ്ടിച്ച പ്രതിസന്ധിയില്‍പെട്ട് മൂല്യശോഷണം നേരിട്ട ഇന്ത്യന്‍ രൂപയെ രക്ഷിയ്ക്കാന്‍ റിസര്‍വ്വ് ബാങ്ക്. ഒരു ഘട്ടത്തില്‍ ഡോളറിന് 84 രൂപ രണ്ട് പൈസ എന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപയുടെ മൂല്യം തകര്ന്നയുടനെയാണ് റിസര്‍വ്വ് ബാങ്ക് ഇടപെടാന്‍ തുടങ്ങിയത്.
ഇതോടെ കഴിഞ്ഞ രണ്ട് ദിവസമായി ഇന്ത്യന്‍ രൂപ ഡോളറിന് 84 രൂപ എന്ന നിലയിലേക്ക് താഴാന്‍ തയ്യാറല്ലാതെ നിലകൊള്ളുകയാണ്. വ്യാഴാഴ്ച ഡോളറിന് 83 രൂപ 94 പൈസ എന്നതായിരുന്നു ഇന്ത്യന്‍ രൂപയുടെ മൂല്യം എങ്കില്‍, വെള്ളിയാഴ്ച ഡോളറിന് 83 രൂപ 96 പൈസ എന്ന നിലയിലേക്ക് എത്തി. എന്തായാലും ഒരു ഡോളറിന് 84 രൂപ എന്ന നിലയിലേക്ക് രൂപയ്ക്ക് മൂല്യശോഷണം സംഭവിക്കാന്‍ റിസര്‍വ്വ് ബാങ്ക് അനുവദിക്കുമെന്ന് തോന്നുന്നില്ലെന്ന് എന്‍എന്‍ സീ ബാങ്കിംഗ് ഗ്രൂപ്പും നുവാമ ഇന്സ്റ്റിറ്റ്യൂഷനലും പറയുന്നു.
ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം ഇപ്പോള്‍ 67500 കോടി ഡോളര്‍ ആണ്. രൂപയെ മൂല്യത്തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ ഇതില്‍ നിന്നും ഏതാനും പങ്ക് നീക്കിവെച്ചാല്‍ മതിയാവും.
ഇസ്രയേല്‍-പലസ്തീന് യുദ്ധം, ഇപ്പോള്‍ ഇസ്രയേല്‍-ഇറാന് യുദ്ധമായി മാറുന്ന സാഹചര്യം ഉടലെടുത്തതോടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും 100 കോടി ഡോളര്‍ ആണ് വിദേശനിക്ഷേപകര്‍ പിന്‍വലിച്ചത്. ഇത് ഇന്ത്യന്‍ ഓഹരി വിപണിയുടെ വന്‍തകര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. അതോടെയാണ് ഇന്ത്യന്‍ രൂപ മൂല്യത്തകര്‍ച്ച നേരിട്ടത്. എന്തായാലും റിസര്‍വ്വ് ബാങ്ക് ഇടപെടലോടെ ഇന്ത്യന്‍ രൂപ മെല്ലെ ശക്തിപ്രാപിക്കുകയാണ്. ഒരു ഡോളറിന് 84 രൂപ എന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപ താഴ്ന്നാല്‍ ഇനി റിസര്‍വ്വ് ബാങ്ക് ഇടപെടും എന്ന കാര്യം ഉറപ്പാണെന്നും അതിനാല്‍ ഇന്ത്യന്‍ രൂപ ഇനിയും കൂടുതല്‍ തകരില്ലെന്നും ഡാങ്ക്സെ ബാങ്ക് എഎസ് ചീഫ് അനലിസ്റ്റ് അല്ലന് വോണ്‍ മെഹ്റെന് പറയുന്നു. ഇനി യുഎസ് സമ്പദ് ഘടന തകരുകയോ യുദ്ധം രൂക്ഷമാവുകയോ ചെയ്യുക വഴി ആഗോളവിപണി തകര്‍ന്നാല്‍ മാത്രമേ രൂപ ഡോളറിന് 84 രൂപ എന്ന നിലയില്‍ നിന്നും കൂടുതല്‍ താഴേക്ക് പോവുകയുള്ളൂവെന്നും അല്ലന് വോണ്‍ മെഹ്റെന് ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: